രചന : തോമസ് കാവാലം ✍️

അമ്മേപ്പോലവനിയിലാരും
ജനിച്ചിട്ടില്ല ജനിക്കില്ല
നമ്മേപ്പോലെ നമ്മേക്കണ്ട്
നന്മവിളമ്പാനറിയുന്നോൾ.

അമ്മിഞ്ഞപ്പാലമൃതം തൂകി
ജന്മം സഫലമാക്കുന്നോൾ
അമ്മമനസ്സിനുണ്മ നിറയെ
കണ്ണിമ തെറ്റാതുഴിയുന്നു.

സന്മനസ്സാകെ സുന്ദരചിന്താ
സുമങ്ങളാകെ വിടർത്തുന്നു
തുമ്പപ്പൂവിൻ ശുദ്ധതയാണാ-
യമ്മ മനസ്സിനുള്ളറയിൽ

തുമ്പികൾ പോലെ പാറിപ്പാറും
അംബ,യീശ്വര തിറയാണ്
കുമ്പിട്ടവളെ മുമ്പിൽ നിർത്തും
ജഗദീശ്വരനും ധരണിയിതിൽ

മാമുണ്ണാനായ് മക്കളെയെല്ലാം
മടിയിലിരുത്തുന്നൻപോടെ
കണ്ണും കാതുമെന്നതു പോലെ
കരുതലവളോ നൽകുന്നു.

വാത്സല്യത്താലമ്മത്തെന്നൽ
തഴുകിയൊഴുകും ജീവനിതിൽ
താരാട്ടാടിയുറക്കും ശിശുവും
വത്സലനായി വളർന്നീടും.

തിരുവചനങ്ങളുരുവിടുവാൻ
തിരുക്കുറൾപോലാവാണി
ദയയുള്ളവൾ പ്രിയതായയവൾ
ഹൃദയമുരുകി പ്രാർത്ഥിപ്പൂ.

ഊഴിയിലാരുണ്ടവളെപ്പോലെ
ആഴികൾപോലെയാ സ്നേഹം
ഒഴുകും കൃപയുടെ സാരണിയായി
തഴുകുന്നോരോ മർത്യനെയും.

തോമസ് കാവാലം

By ivayana