രചന : അൽഫോൻസാമാർഗരറ്റ്✍️

ഞാനൊരു കാര്യം ഉരചെയ്തെന്നാൽ
ചുമ്മാതാരും കോപിക്കരുതേ
ഓട്ടൻതുള്ളലിൽ കാര്യംപറയാം
കുറ്റംപറയാം നേരുംപറയാം
ഉള്ളതുപോലെ പറഞ്ഞീടുമ്പോൾ
ഉറിയും പണ്ട്ചിരിച്ചിട്ടുണ്ട്….
ഉള്ളതുപോലെ പറഞ്ഞീടുമ്പോൾ ഉറിയും പണ്ട് ചിരിച്ചിട്ടുണ്ട്..
കാലംമാറി വേഷംമാറി
കാലമതിന്നുടെ കോലോംമാറി
മാറ്റംവന്നാലിത്ര വരാമോ
കാറ്റിനുപോലും മാറ്റംവന്നു….
മാറ്റം ഇല്ലാതില്ലോരിടവും
മാറ്റത്തിന്നൊരു മാറ്റവുമില്ല.
പാലകൾപൂക്കും കാലത്തെല്ലാം
പാലപ്പൂണമേറ്റിയകാറ്റ്
മുല്ലകൾപൂക്കും സന്ധ്യയിലെല്ലാം മുല്ലപ്പൂ മണമൊഴുകിയ കാറ്റ് …
അങ്ങനെയൊരു കാറ്റീ മലനാട്ടിൽ ……

അങ്ങനെയൊരു കാറ്റീമലനാട്ടിൽ
പണ്ടൊരുകാലം വീശിയിരുന്നു …
ഇന്നാ കാറ്റൊന്നോടിയണഞ്ഞാൽ
മാനവരെല്ലാം ഓക്കാനിക്കും …
ഓടകൾതോറും തോടുകൾതോറും മാലിന്യത്തിൽ കൂനകൾകാണാം
മാലിന്യത്തെ തഴുകിയ കൈ കൊണ്ടാശ്ലേഷിപ്പാൻ വന്നാൽ നാറും.
നല്ലൊരു ശ്വാനക്കൂട്ടവുമവിടെ കാവൽക്കാരായ് കാണാമെന്നും
പണ്ടിവവീട്ടിൻ കാവൽനായായ് നിന്നുവിലസിയ കാലംമാറി .
ഇന്നിവയിങ്ങനെ ഭീതിയുണർത്തും
പട്ടിപ്പടയായ് മാറിപ്പോയി.
സന്ധ്യാ മുറ്റമടിച്ചുതളിച്ചും
സന്ധ്യാദീപത്തിരി തെളിയിച്ചും
തുളസിത്തറയിൽ ദീപംവച്ചും
ഐശ്വര്യത്തിൽ മഹിമവിടർത്തും.
മലയാളക്കരയാകെ മാറീ……..
മലയാളക്കരയാകെ മാറി
മലയാളത്തിൻ തനിമമറഞ്ഞു.
സന്ധ്യാനമം ചൊല്ലിടുന്നൊരു വീടുകളിന്നിഹ കാണ്മാനില്ല..”
സന്ധ്യാനാമം മാറിപ്പകരം
ടി വിപ്പെട്ടികൾ വന്നുകഴിഞ്ഞു.
സീരിയൽ കണ്ടുകരഞ്ഞീടുന്നൊരു
മാനിനിമാരെ കാണാമവിടെ .
ഫോണിൽ കുത്തിക്കൂനിയിരിക്കും
കുട്ടികളും ഒരു പുത്തിരിയല്ല….
വാക്കിനു വീര്യം കെട്ടുകഴിഞ്ഞൊരച്ഛന്മാരും
വീട്ടിൽ സുലഭം….
കാലം മാറി … നാരായണ ജയ
ലോകം മാറീ… നാരായണ ജയ
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ…..

അൽഫോൻസാമാർഗരറ്റ്

By ivayana