രചന : മംഗളാനന്ദൻ ✍
രാവുകൾ തോറും നമ്മൾ
നിദ്രതൻ മടിത്തട്ടിൽ
മേവുമ്പൊളാശിക്കുന്നു
വിസ്മൃതി നുകരുവാൻ.
ഇരുളിൻ പുതപ്പിന്റെ
കീഴിലെ സുഖം തേടി
ഇരവിലെന്നും നമ്മൾ
ഉറങ്ങാൻ പഠിക്കുന്നു.
നിദ്ര, തൻ മടിത്തട്ടി-
ലൊരുക്കിത്തരും ശയ്യ,
ഭദ്രമാണതിൽ നമ്മ-
ളിടയ്ക്കു സ്വപ്നം കാണും.
കേവലം മധുരിമ
മാത്രമല്ല,തിന്നൊപ്പം
നോവിന്റെ കിനാക്കളും
നിദ്രയിൽ വിരിയുന്നു.
പേക്കിനാവിനെ പേടി
വേണ്ടല്ലോ,യുണരുമ്പോൾ
രാക്കിളിപോലെ പറ-
ന്നകലും പുലരിയിൽ.
ഈവിധമുണർവിലെ
ഓർമ്മതൻ തുടർച്ചയെ
ജീവിതമെന്നു നമ്മൾ
പേരിട്ടു വിളിക്കുന്നു.
ഒരുനാളതിൻ നേർത്ത
കണ്ണികൾ മുറിയവേ,
തിരികെയുണരാത്ത
നിദ്രയിൽ മറയുംനാം.
അതിനെ സംബോധന
ചെയ്തു നാം മൃതിയെന്ന്,
ക്ഷിതിയിൽ ഭയാശങ്ക-
യായതു പടരുന്നു.
ഒരു നിദ്രയും വീണ്ടു-
മുണർവായീടുമെന്നു
കരുതാനാവില്ലല്ലോ,
വിസ്മയമതു സത്യം. ം
സന്തതം ഭയമെന്യേ
നിദ്രയെ പുൽകും നരൻ
എന്തിനു മൃതിയെന്ന
ഭീതിയിലുഴറണം.?