രചന : ജോളി ഷാജി. ✍

നാളെയെന്ന
വലിയ പ്രതീക്ഷയെ
സ്വപ്നം കണ്ടുറങ്ങുന്ന
മനുഷ്യനല്ലേ മോഹഭംഗത്തിൽ
മരവിച്ചു വീഴുന്നത്..
കൊച്ച് കൊച്ച്
ഇഷ്ടങ്ങളെ
മിഴികളിൽ നിറച്ചു വെച്ചിട്ട്
ഒത്തിരി വലിയ
സ്വപ്നത്തിലൂടെ
അവക്ക് ജീവൻ
കൊടുത്തിട്ട് അതിൽ
മതിയാവോളം
ജീവിക്കാൻ കൊതിക്കുന്നവരില്ലേ
നമുക്കിടയിലൊക്കെ…
സൂര്യനോട് കലഹിച്ചു
ചില്ലകളിൽ ചേക്കേറി
കൂടണയാനിടമില്ലാതെ
ഇരുളിൻ
നിഗൂഢതകളിൽ
നിശബ്ദത പാലിക്കുന്ന
പക്ഷിക്കൂട്ടങ്ങൾപോലെ ….
ചില്ല എന്ന
വിശ്വാസത്തിൽ
രാവുറക്കങ്ങളിലേക്ക്
വഴുതി വീഴുന്ന കിളി
നിലാവെളിച്ചത്തിൽ
നിശബ്ദതക്ക്
ഭംഗമൊന്നും വരുത്താൻ
ശ്രമിക്കാറില്ലാത്ത പോലെ….
സ്വപ്‌നങ്ങൾ മരിച്ചിട്ടും
ജീവൻ അകലുവോളം
ജീവിച്ചു തീർക്കുന്ന
നമ്മിൽ എപ്പോളൊക്കെയോ
അഹങ്കാരത്തിൻ
വിത്ത് പൊട്ടിമുളക്കാറില്ലേ..
സ്വന്തമെന്നു ചൊല്ലിയവരെ
ചേർത്ത് നിർത്തിയ
കരങ്ങൾ കൊണ്ട് തന്നെ
തള്ളിമാറ്റാൻ മനുഷ്യൻ
പഠിച്ചു തുടങ്ങിയ കാലം..
അമ്മ അമ്മയെന്ന
ഒറ്റവാക്കിനെ
മുറുകെപിടിച്ചിരുന്ന
ബാല്യത്തിൽ നിന്നും
വളർച്ചയുടെ
പടികൾ കയറുമ്പോൾ
മറവി മനുഷ്യനെ
പിടിമുറുക്കി തുടങ്ങും..
ജീവിച്ചിരിക്കെ
ഒരൊറ്റ നിമിഷം
അവർക്കായി
നീക്കിവെക്കാൻ
ശ്രമിക്കാതെ
പുഴുവരിച്ചു മരിച്ച
ശവത്തിന് മണ്ണ്
പറ്റാതിരിക്കാൻ
കല്ലറയൊരുക്കുന്ന
മക്കളുള്ള കാലം…
കാലം മാറുന്നു
ഞാനും മാറും
ഇന്നലകളിലെ
ഞാൻ ഇന്നുകളിൽ
ഇന്നലത്തെ മാതാപിതാക്കളായി
മാറുമെന്ന സത്യം
ഇന്നല്ലായിരുന്നു
ഓർക്കേണ്ടിയിരുന്നത്…

ജോളി ഷാജി

By ivayana