രചന : സുദേവ്.ബി ✍

ധനുവിൻ ശീതള രാവിലായി ഞാനും
പ്രിയയും പോയരികത്തൊരമ്പലത്തിൽ
ഒരു പാടാളുകളുള്ള വാദ്യമേളം
നിറയേ വെട്ടമെരിഞ്ഞിടുന്ന രംഗം

പിറകേയായമരുന്നൊരാനതന്നിൽ
ഛുരികാധാരി കിരാതമൂർത്തി തൻ്റെ
പ്രിയരോടൊത്തു രസിച്ചുമത്തനായി
കുളിയും തീർത്തു തിരിച്ചു വന്നിടുന്നു

കതിനക്കുറ്റി നിറച്ചു പൊട്ടിടുന്നു
ചെവിയിൽ മേളമിരമ്പിയാർത്തിടുന്നു
അരികിൽപ്പോയിനിറച്ചു നാദബ്രഹ്മം
പൊടിയും ചൂരുമണിഞ്ഞു ഞങ്ങൾ നിന്നു

മുറുകും കാലമയഞ്ഞു പോയിടാതെ
അവിടേ നിന്നു മടങ്ങി, വന്നിടുമ്പോൾ
ഒരുപാടുണ്ട് ബലൂണുപൊന്തി നിൽപ്പൂ
ചരടാൽ കെട്ടിയതാണു ഭൗമമല്ലാ.

“വിലയില്ലാത്ത വിചിത്രമായ വസ്തു
ഒരുപാടുണ്ടിതു ചന്തയാണു കഷ്ടം
തിരികേപ്പോരികമഞ്ഞിലൂടെയേറേ
യലയേണ്ടിന്നിനിവൈകിടാതെ പോകാം”

വഴിയിൽ കണ്ട ബലൂണിൽ നിന്നു കണ്ണൻ
മിഴിയാൽ നോക്കി മയക്കി, പേശി വാങ്ങി
തുകയൽപ്പം കുറവുണ്ട് കൈക്കലാക്കി
പിടിവിട്ടാലതു പൊന്തിയങ്ങുപോകും

സരസം ഞങ്ങളിരുന്നു നാണമാർന്നു
ഇതുമായിങ്ങിനെ പോകവയ്യനോക്കൂ
ചരടിന്നറ്റമറുത്തിടുന്നുനന്നായ്
മുറുകേ തന്നെപിടിച്ചിരുന്നിടേണം

കുതുകം കൊണ്ടു മതിച്ചു മണ്ടിയോടു –
ന്നവനേചേർത്തു പിടിച്ചു റോന്തുചുറ്റേ
പലരും ചൊന്നതമാശതൻ്റെയർത്ഥം
ദ്വയമാണൊക്കെപറഞ്ഞു കാതിലായ് ഞാൻ

“ഇനിനീതന്നിതിനേ,പിടിച്ചുകൊൾക
പലരും കാണ്മതിലുണ്ട് ശിഷ്യവൃന്ദം
പുരുഷാരത്തിലിരിക്ക വയ്യ തന്നെ “
അവളാക്കണ്ണനെ നൽകിടുന്നു വേഗം

അവനെൻ കയ്യിലൊതുങ്ങിയില്ലവെക്കം
കുതികോണ്ടോടിമറഞ്ഞിടുന്നപോലേ.
പിറകേ ചാടിയിരുന്നു പക്ഷേ വീണു.
അവനോവിണ്ണവനായകണ്ണനല്ലേ

ഛുരികാധാരി കിരാത,നാനമേലേ
ഇതുകണ്ടാർത്തുചിരിച്ചുവേട്ടസംഘം
അതിലും മേലെയിരമ്പി; ഞങ്ങൾ പാവം
തിരികേ പോരികയാണു ശൂന്യരായി

“മുഴുവൻ കാശു കൊടുത്തു വാങ്ങിടേണം”
അതുകൊണ്ടാണതു പോയതെന്നു പോലും
“ഇനിയും വേണമതൊന്നുകൂടി ” “അയ്യോ
പണമില്ലുള്ളതു നേർച്ചയായിനൽകി “

വഴിയിൽ നിന്നു തുറിച്ചു നോക്കിടുന്നു
തിരികേപ്പോവുക തന്നെ വേഗമാർന്നു
അവനേ നോക്കിയലഞ്ഞു, കണ്ടുകിട്ടി!
അവനോ ഗൂഗിളതുണ്ട് കാശു നൽകാൻ

ഇതിലുംഭാഗ്യംമതില്ല നൂറു രൂപാ
അവനായ്നൽകിയതിൻ്റെ ബാക്കി വാങ്ങി
പൊരിയും വാങ്ങി മുറുക്കി, കണ്ണനില്ലാ
അതുതീർന്നേനൊരു പൂച്ചമാത്രമിപ്പോൾ

പെരുകുന്നുണ്ടതിയായ ദു:ഖമിപ്പോൾ
അവനെൻകൈയ്യിലിരുന്നു പോയതല്ലേ
തികയുംമുൻപകലുന്നതാണു ദു:ഖം
ചെറുതാണെങ്കിലുമെൻ്റെ തെറ്റുതന്നെ !

ധനുവിൻ ശീതളരാവിലായി ഞങ്ങൾ
തിരികേപ്പോരികയാണ് കണ്ണനോ വിൺ
കലയായങ്ങുയരുന്നു,വേട്ടവീരൻ
തിരികേശ്രീലകമേറി ശാന്തനായി.

സുദേവ്.ബി

By ivayana