രചന : അജികുമാർ നാരായണൻ✍

ഇനിയെന്തുചെയ്യേണ്ടു,
കൃഷ്ണാ,ഞാനും
ഇനിയുള്ള കാലം
കഴിച്ചിടുവാൻ.
ഇനിയെന്തു പകരം
വയ്ക്കേണ്ടു ഞാനും
ഇനിവരും തലമുറ –
യ്ക്കായി നൽകാൻ .
ഇന്നുഞാനിവിടെയീ
കാണുന്നകാഴ്ചകൾ
ഇടവീഥി പോർക്കള
ചോരയാർന്നും
ഇമകൾനിറഞ്ഞിട്ടു,
വിങ്ങുന്നൂ നെഞ്ചകം
ഇടവിട്ടിടവിട്ടു
രോദനങ്ങൾ.
ഇവിടിനി പൂവില്ല,
ശലഭമില്ല !
ഇത്തിരിയിളവേൽക്കാൻ
തണലുമില്ല
ഇവിടാരും കാണില്ല
സ്വസ്ഥമനസ്കരായ്
ഇനിയുമിനിയും
നടന്നിടുവാൻ !
ഇടനെഞ്ചുപൊട്ടുന്ന
കാഴ്ചകൾ ഭൂമിയിൽ
ഇടതടവില്ലാതെ
ആർത്തനാദങ്ങളും
ഇനിയും മരിക്കാത്ത
നന്മകൾ വിണ്ണിലും
ഇനിവരുംതലമുറയ്ക്കായി
നിൽപ്പൂ..
ഇത്തട്ടകങ്ങളിൽ
പൊള്ളിയുരുകുന്ന
ഇനിയുമണയാത്ത
പട്ടടകൾ
ഇവിടെയും നടമാടും
കംസൻമാർ ഭൂവിലെ
ഇഴയുന്ന ജീവനും
അപഹരിപ്പൂ !
ഇക്കാണും കാഴ്ചകൾ
പാരിൽവിഷമയമേറ്റു
തറച്ചു തളർന്നു
വീഴുമ്പോഴും
അരുതരുതെന്നു
പറയുവാൻ കാട്ടാളൻ
അവതാരമെടുക്കാൻ
മറന്നുപോയോ .?
നീതിക്കു തുലാസു
പിടിക്കുന്ന ദേവത
നീതിനിയമ,ക്കുരുക്കിൽ
കുരുങ്ങവേ
നിയതവുമല്ലിന്നു
ജീവിത സത്യവും
നീതിനിഷേധ
തുടർക്കഥകൾ !
വേണിമാർ തന്നുടെ
പാണി,കവർന്നിട്ട്
വേഷമുരിപ്പൂ,
കൈയേറ്റമായ്.
കാട്ടാള ചിന്തകൾ
മേയുന്നു നാട്ടിലും
കാട്ടാളക്കൂട്ടം
അഴിഞ്ഞാടുന്നൂ !
ഇനിയും വരില്ലേ –
കൃഷ്ണാ ! നീ ,നിൻ്റെ
ഇനിയുള്ള ഭഗിനിമാർക്കു
തുണിയും തുണയായി.
അവരുടെ യാതനാ –
പൂർണ്ണമാംവിളിയൊച്ച
കേർക്കാതെപോകുമോ –
ശ്യാമവർണ്ണാ?

അജികുമാർ നാരായണൻ

By ivayana