രചന : വാസുദേവൻ. കെ. വി✍

മറുവാക്കുകൾ അന്യമാവുമ്പോൾ തെറി പിറക്കുന്നു.
നിസ്സഹായരുടെ അവസാനആയുധം തെറി യെന്ന് ശാരദക്കുട്ടിയമ്മ.
ആനുകാലികങ്ങളിൽ മുടി നാട്ടുവളർത്തലിന്റെ പരസ്യങ്ങൾ. കഷണ്ടിയും കുംഭയും പുരുഷലക്ഷണമെന്നൊക്കെ പണ്ട്. ശിരസ്സ് മൈര്ഹീനമാവുമ്പോൾ കളിയാക്കൽ പെരുകുന്നു.


ഇന്നും, നമ്പൂതിരി പ്പെരുമയിൽ വിരാജിക്കുന്ന നവോത്ഥാന സംരക്ഷകരെ ചൂണ്ടിപ്പറഞ്ഞ മാധ്യമ പ്രവർത്തകനായ അദ്ധ്യാപകനെ മൊട്ട എന്നു വിളിച്ച പ്രബുദ്ധജനത നമ്മൾ.
“കാർകൂന്തൽ കെട്ടിനെന്തിന് വാസനതൈലം’ എന്ന ചോദ്യം കാവ്യത്മകമായി ഉയർത്തിവിട്ടത് ആദരണീയ, പദ്മശ്രീ തിക്കുറിശ്ശി.
മുടി കൊഴിച്ചിൽ എന്നത് ജരാനര പോലെ അനിവാര്യം. അതിനോട് മൽപ്പിടുത്തം നടത്തി പരാജിതരാവുന്ന നമ്മൾ.

കവിയുടെ പെണ്ണിന്റെ ഉടൽവർണ്ണനയിൽ മുടിയഴകും ഉറപ്പ്. ശിരസ്സിൽ മാത്രമല്ല ഗുഹ്യഭാഗത്തും മുടി. പ്രതികൂല കാലാവസ്ഥയിൽ നിന്നും അണുക്കളിൽ നിന്നും സംരക്ഷിക്കാൻ മുടി നൽകുന്ന സംഭാവന തിരിച്ചറിയാതെ നമ്മൾ ദ്രാവിഡനാമം ഇടയ്ക്കും തലയ്ക്കും തെറിവാക്കായി ഉതിർക്കുന്നു. പുരുഷനൊപ്പം സ്ത്രീയുമിപ്പോൾ അത്. സോഷ്യൽ മീഡിയയിൽ ആ വാക്ക് വിളമ്പിയാൽ നവോത്ഥാന നായിക എന്ന ധാരണ.


സമൂഹം തനിക്ക് മൈരാണെന്ന് ചോട്ടാ നടി ചാനലിൽ വിളമ്പി ഞെളിയുന്നു.
സ്കൂളുകളിൽ ഇഞ്ച് കണക്കിന് മുടി മുറിച്ച് മാതൃകകാട്ടുന്ന കുട്ടികൾ. കീമോ ബാധിതർക്ക് അതൊരാശ്വാസം.
സോഷ്യൽ മീഡിയ പോസ്റ്റുകൾക്കടിയിലും ചാർത്താൻ ചിലർ. വാക്കുകളെ വാക്കുകൾ കൊണ്ട് നേരിടാൻ ആവാത്തവർ. സാഹിത്യത്തിലും സിനിമയിലും അഞ്ചാറ് തെറി വാക്കുകൾ ഇപ്പോൾ നിർബന്ധം.


മറ്റേതൊരു അവയവവും പോലെ ലൈംഗിക അവയവങ്ങളും. തെറിയിൽ വിളക്കി ചേർക്കാൻ അവയും.
ശ്രേഷ്ഠ മലയാളത്തിൽ അവയ്ക്ക് സ്വന്തമായി ഒരു നാമമില്ല.യോനി എന്നത് സംസ്കൃതത്തിൽ നിന്ന് ഉളുപ്പില്ലാതെ കടം കൊണ്ടത്.
ഭിഷഗ്വര സന്നിധിയിൽ പോലും എന്റെ “അവിടെ” ഭയങ്കര ചൊറിച്ചിൽ എന്ന് നമ്മൾ. ചുണ്ട് കണ്ണ് മൂക്ക് നാവ് എന്നൊക്കെ പറയുന്നവർക്ക് “വാജിന” എന്ന് മൊഴിയാൻ അറപ്പ്.
സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ ടെലി ഫിലിം ഇട്സ് മൈ വാജിനാ എന്നത് കാണാതെ പോവുന്നു. അതിൽ കുട്ടികൾ അങ്ങനെ എഴുന്നേറ്റ് നിന്ന് പറയുന്നത് കാണുമ്പോൾ നമ്മൾ സ്വയം ചുരുങ്ങുന്നു.


ലങ്കൻ പടയെ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ തൂത്തെറിഞ്ഞ കളികൾ ഇപ്പോൾ. അതിനിടയിൽ കുടിവെള്ളം കൊണ്ടുവരാൻ വൈകിയതിനു സഹകളിക്കാരനോട് നൈസർഗിക രതി നിർവൃതി *#ക്ക്‌ എന്ന തെറിയാക്കി വിളിച്ച ഉപനായകൻ ഹർദിക് പാണ്ഡ്യ കാലിക ച്യുതിക്ക്‌ മകുടോദാഹരണം.


മല്ലു ഇത്തിരി ഭേദം. ഉത്തരേന്ത്യൻ യാത്രയിൽ കേൾക്കാം ഇടയ്ക്കിടെ ബെഹൻ ചൂത് വിളികൾ. നമ്മുടെ ചേച്ചി പെണ്ണുങ്ങൾ അത് കേൾക്കാനും മൊഴിയാനും, ഇടയാവുന്നില്ല എന്നത് ഏക ആശ്വാസം. പ്രബുദ്ധരാണല്ലോ കേരള ജനത.
ആശയങ്ങൾ കൈമാറി സംസ്കാരമുദ്ര ഉറപ്പാക്കുന്നത് ഭാഷ. ദർപ്പണം പോലെ നമ്മളെ പ്രതിബിംബിക്കുന്നു നമ്മുടെ മൊഴിവാക്കുകൾ. നേർച്ചിത്രം.
ചിലർ പറയട്ടെ തെറി. കേൾക്കുമ്പോൾ രോഷം കൊള്ളാതിരിക്കുക.

വാസുദേവൻ. കെ. വി

By ivayana