രചന : ശ്രീകുമാർ എം പി✍

ഇനിയും പിറക്കാത്ത കവിതെ
ഇതൾ കൂമ്പി നില്ക്കുന്ന മൃദുലെ
സർഗ്ഗ കവാടം തുറന്നു വരൂ
സ്വപ്നം നുകരും മിഴി തുറക്കൂ
നിറവാർന്ന പുഞ്ചിരിയുതിർത്തു
നറുമധു നിറഞ്ഞു തുളുമ്പി
പരിമളം പരക്കെ പരത്തി
പരിഭവമറ്റു നീ വരിക
നിറമാർന്ന നിന്നഴകിൽ തങ്ങി
പരിമളമാത്മാവിലിറങ്ങി
മതിവരുവോളമതിൽ മുങ്ങാൻ
കൊതിയോടെ മനസ്സിന്നു വിങ്ങി !
ഈണത്തിൽ പാട്ടുകൾ കേട്ടതില്ലെ
ഇളകുന്നോളങ്ങൾ കണ്ടതില്ലെ
ഇടനെഞ്ചു തുടികൊട്ടുന്നില്ലെ
ഇലത്താളം മുറുകുന്നതില്ലെ
ഇമ്പമോടിന്നു വിരിഞ്ഞുവെന്നാൽ
ദിവ്യമാ ദീപ്തി തെളിഞ്ഞുവെന്നാൽ
സ്വർഗ്ഗം വിരിയും നിനക്കു മുന്നിൽ
ആനന്ദമെന്തെന്നു നീയ്യറിയും
ഇനിയും പിറക്കാത്ത കവിതെ
ഇതൾ കൂമ്പിനില്ക്കുന്ന മൃദുലെ
സർഗ്ഗകവാടം തുറന്നു വരൂ
സ്വപ്നം നുകരും മിഴി തുറക്കൂ.

ശ്രീകുമാർ എം പി

By ivayana