രചന : നിയാസ് സലിം✍
വരണ്ട മണ്ണിൽ
നാലടി വ്യാസത്തിലൊരു
വൃത്തം വരച്ചു.
നാല്പതടി
താഴ്ത്തണമെന്നൊരാൾ.
തൊണ്ടയറുത്ത്,
ഹൃദയം തുരന്നുനോക്കി.
നിലച്ചുകൊണ്ടിരിക്കുന്ന
ജീവശ്വാസംമാത്രമവിടെ!
ആരോ പറഞ്ഞു ,
വീണ്ടുംകുഴിച്ചാ –
ലാമാശയത്തിലെത്തു –
മവിടെയുണ്ടെന്ന്.
അങ്ങനെയാണയാൾ
വന്നത്!
കുഴലിറക്കിയത്..
ആദ്യമൊരു വലുതും
പിന്നതിൽ ചെറുതും .
ഗർഭപാത്രവും തുരന്നതു
താഴോട്ടിറങ്ങി,
ചെഞ്ചോര തുമ്മിത്തുമ്മി –
യൊരുതുണ്ട് വെള്ളം
പുറത്തോട്ടു തെറിച്ചു.
മണ്ണൊന്നു പിടച്ചു,
ഹൃദയം നിലച്ചു.