രചന : ജയേഷ് പണിക്കർ✍
കൺതുറന്നങ്ങു ഞാൻ
നോക്കുമ്പോൾ കാണായിതങ്ങു
നീലാകാശംമേലെ
കൈ നീട്ടിയെന്നെയണച്ചതാരോ
ഭൂമിയാം അമ്മ താനതല്ലോ
വന്നതില്ലാരുമേ വാത്സല്യത്തേൻ
ചോരും വാക്കുകൾ കേട്ടതില്ല
നൊന്തു വിളിച്ചു കരഞ്ഞിടുമ്പോൾ കേൾക്കുവാനെന്നുമീ
വിജനമാം വീഥി മാത്രം
പാപഭാരത്തിൻ്റെ ഭാരമേറ്റി
പാരിലേക്കെന്നെ അയച്ചതീശൻ
തെരുവിലിന്നലയുന്നിതേകനായി
ഒരു പിടിവറ്റിനായ് പല നേരവും
നിഴലതു മാത്രമേ കൂടെയുള്ളൂ
നിറയും മിഴിയിതു തോരുകില്ലേ
നന്മയാണുള്ളിലതെങ്കിലുമെന്നുമേ
തിന്മകൾ മാത്രമേ കേൾപ്പതുള്ളൂ
സ്നേഹമങ്ങേകുകിലേറ്റം പ്രിയങ്കരി
ദ്വേഷമതെങ്കിലോ സംഹാരിണി
സർവ്വംസഹയായിത്തീരുന്നു
എന്നുമേ സർവ്വർക്കും സന്തോഷമേകുവാനായ്
ദുഃഖമങ്ങുള്ളിലൊതുക്കിയിട്ടേവർക്കും
സൗഖ്യമങ്ങേകുവാൻ പ്രാർത്ഥിപ്പവൾ
ഒട്ടൊന്നുറക്കെ ചിരിച്ചു കൂടാ
പട്ടം പറത്തി നടന്നു കൂടാ
ഏറെ പരിധികൾ നിശ്ചയിക്കും
കാരണമോ അവൾ പെണ്ണല്ലയോ
വേട്ടയാടപ്പെടും മാൻകിടാവാണവൾ
കാട്ടിലെ ഹിംസ്ര മൃഗങ്ങളാലെ