കോവിഡ് വ്യാപനത്തിൽ കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് അബുദാബിയില്‍ നിന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും മടങ്ങി വരുമ്പോള്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത് കാണിക്കുകയും ചെയ്യാം. നേരത്തെ അബുദാബിക്ക് പുറത്ത് നിന്നുള്ള പരിശോധനാ ഫലം മാത്രമേ പ്രവേശനത്തിന് അനുമതിയ്ക്കായി സ്വീകരിച്ചിരുന്നുള്ളൂ.
ഇന്നലെ അറിയിപ്പ് പുറത്തുവിട്ടത്. അബുദാബിയില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം എമിറേറ്റില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് തിരികെ വരുമ്പോള്‍ അതേ പരിശോധനാ ഫലം തന്നെ അതിര്‍ത്തിയില്‍ ഹാജരാക്കി പ്രവേശനം നേടാം. അതേസമയം പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിലുള്ള ഫലങ്ങള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ.
പരിശോധനാ ഫലം ലഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മടങ്ങി വരുന്നതെങ്കില്‍ അവര് അബുദാബിക്ക് പുറത്തുവെച്ച് പുതിയ പരിശോധനയ്ക്ക് വിധേയമാവുകയും അതിന്റെ റിസള്‍ട്ട് അതിര്‍ത്തിയില്‍ കാണിക്കുകയും വേണം.