രചന : ഫത്താഹ് മുള്ളൂർക്കര. ✍
തുരത്തുവാൻ കരുത്തില്ലാ വിധമെന്നിൽ
പെരുത്തുള്ള വരുത്തത്തെ
വിരുത്തി ഞാൻ റഹീമായോനേ
ചുരത്തേണേ കരുണാ നീ ദുരിതത്തിൻ ചുരത്തിനെ പരത്താതെ പൊരുത്തത്തിൽ
തിരുത്ത് കോനേ
നിരത്താം ഞാൻ പരത്തിന്റെ അധിപനിൽ ദുരിതത്തെ,
കരത്തേ നീ വരത്തിനാൽ കൊരുത്തീടണേ
(തുരത്തുവാൻ..)
ഗുരുത്വങ്ങൾ ഉരത്തുള്ള നിറത്തിന്റെ വഴിവിട്ട്
ദുരമൂത്ത ദുനിയാവിൻ നിരത്തിലോടി
പരത്തിനെ മറന്നിട്ടിന്നൊരുത്തനായ് ചരിച്ചു ഞാൻ
പരൻ വിധിക്കെതിരായിട്ടുറച്ചു നീളേ
ശരത്തിന്റെ ഗതിവേഗമണിഞ്ഞുള്ളീ ഇഹത്തിലെ
ഉയരത്തിൻ ശിഖിരത്തിൽ വിരാജിക്കാനേ
(തുരത്തുവാൻ..)
കരച്ചിലിൻ നിറച്ചിലിൽ പൊരിച്ചിലായ്
എരിച്ചെന്നിൽ തറച്ചുള്ള മന നോവ് കുറച്ചീടണേ
കൊടും പാപച്ചൊരുക്കെന്നെ പരുക്കിന്റെ അരുക്കാക്കി
ഇരക്കുമീ അടിമയെ മടക്കീടല്ലേ
ഒടുക്കത്തിലടക്കുന്ന ഖബ്റെന്നയിടുക്കത്തിൽ
നടുക്കത്തിൽ പെടുത്തല്ലേ ഖദീമായോനേ
(തുരത്തുവാൻ..)