രചന : സാജുപുല്ലൻ ✍

പറേമ്മെ മോളിലാ
ജയന്റെ പൊര .
പെറ്റിട്ടതവിടേണ് ന്നൊള്ളൂ വളന്നതും പൊളഞ്ഞതും കളത്തിലാ ,ഔതക്കുട്ടീടെ.
അച്ഛൻ കുടിയനാർന്നു,
അമ്മ തലക്ക് സ്ഥിരോല്ലാത്തതും –
കട്ട മീശ ;വട്ടമുഖം
എറിച്ച നെഞ്ച്;ഒത്ത പൊക്കം പെണ്ണൊന്നും കെട്ടീല്ല.
ഇരുമ്പൊലൊക്ക ജയൻ, അങ്ങനാ പ്രശസ്തി ഔതക്കുട്ടീടെ വലം കൈ,
വാല് …
ഇരുമ്പൊലൊക്കാന്ന് ഇരട്ടപ്പേര് വെറ്തൊന്നും കിട്ടീതല്ല, നല്ലോണം പണീട്ത്തിട്ട് തന്നെ –
ഔതക്കുട്ടിക്ക് ഇഷ്ടിക കളമൊണ്ട്
പറക്കണക്കിന് പാടമൊണ്ട് കൂപ്പൊണ്ട്
മൂന്ന് പൂപ്പും കൃഷിയുണ്ട്.
ഉന്നത
ബന്ധങ്ങളുണ്ട്…
കൊയ്തു കേറ്റണത്
വിറ്റ് വില വാങ്ങണേന് മുമ്പ് പത്തായത്തിലേക്ക്
അല്ല പോണെ ,
കളത്തിലേക്കാ.
അവിടെയാ വാറ്റ് .
വാറ്റേ ഔതക്കുട്ടി തൊടൂ
നെല്ലിട്ട് വാറ്റീത് /
കത്തിച്ചാ കത്തണത് .
പൊറം കച്ചോടവുമുണ്ട് .
വാറ്റ് മാത്രം കുടിക്കണ കൂട്ടുമൊതലാളിമാർക്ക് / സാറന്മാർക്ക് – (ബാലൻ മുതലാളി , ജോൺ സാറ് , … )
ഔതക്കുട്ടീടെ വാറ്റിന് പറയണ പണമാ .
നെല്ല് വിറ്റ് കിട്ടണേൻ്റെ പത്തെരട്ടി
വാറ്റീ കിട്ടുമെന്നാ കരക്കാര്ടെ അധിക പ്രസംഗം
വെള്ളം ചേർക്കാണ്ട്
എറക്കുമ്പഴത്തേക്കും
ഞരമ്പീക്കടെ
ഒരു തരം
നീല തീയോട്ടമാന്നാ- തലയ്ക്കകത്തൊരു കുളിരും…,
ഔതക്കുട്ടീ ബ്രാൻ്റ്
പരസ്യം –
ചൂളയ്ക്ക് വയ്ക്കുമ്പോഴാ
വാറ്റും തുടങ്ങാ,
പച്ചമണ്ണ് കത്ത് പിടിക്കണ മണത്തിൻ്റുള്ളീ കേറി
വാറ്റ് മണം ഒളിച്ചു നിക്കും.
വാറ്റുന്നത് ഔതക്കുട്ടിയാ
വട്ടം കൂട്ടുന്നത് ജയനും അതിനൊരു പാരിതോഷികമുണ്ട്
ആദ്യത്തെ കുപ്പി ജയന്
ഒരു മുഴു കുപ്പി
ഒറ്റയിരുപ്പിന് അടിച്ചാലും
ജയൻ നിക്കും
ഇരുമ്പ് വെള്ളം കുടിച്ച പോലെ
വട്ടം കൂട്ടുന്നത് ജയനാണേലും – വീര്യം കേറ്റാൻ ചേർക്കുന്ന ‘സ്പെഷൽ ഐറ്റം ‘
ഔതകുട്ടീടെ സ്വന്തമാണ്.
ഔതക്കുട്ടി ഡിസ്റ്റിലറീസ്
മെയ്ഡ് സീക്രട്ട്
ജയന് വെളിപ്പെട്ടിട്ടില്ല
വാഷിട്ടേക്കുന്ന ടാങ്കിന്
മനുഷ്യൻ്റെ ഛായേണ്ന്ന്
ജയനോർക്കും –
തൻ്റെ ,
തെങ്ങ് കേറി കോരൻ്റെ ,
എര്ത് പൂട്ടണ ജോയീടെ ,
കളത്തീ പണിയണ ശാന്തേടെ –
ലഹരി കേറി തലക്കടിച്ചിട്ട്
തോന്നലാന്ന് കരുതും
പുറത്ത് വേറൊരു തരത്തിലാ
അടക്കം പറച്ചില് –
ജയൻ ഒരു ടെസ്റ്റർ ആണെന്ന് കുടിച്ചിട്ട് കൊറേ നേരത്തേക്ക്
കൊഴപ്പോന്നുല്ലെങ്കി
നെല്ല് വാറ്റ് – OK.
ന്നിട്ടേ ഔതക്കുട്ടി
അതേല് കൈകൊണ്ട് തൊടൂ-
ഒരു ദിവസം കണ്ണില് കെട്ടുവെച്ച്
ജയൻ ആശുപത്രീന്ന് വരണത്
ആളോള് കണ്ടു
കെട്ടഴിച്ചിട്ടും ജയൻ ഒന്നും കണ്ടില്ല
അത്തവണത്തെ –
ഔതക്കുട്ടി കഴിച്ചില്ലാന്നും
രാവിന് ചാരായത്തിന്റെ മണവായിരുന്നെന്നും
ഉറക്കം കൊറവുള്ള ചെലോര്
അടക്കം
പറഞ്ഞു
ഔതക്കുട്ടീടവ്ടെ
ജയൻ പതിവ് മുടങ്ങീല്ല …
ഒരു ദിവസം ജയൻ മരിച്ചു പെണ്ണും പിള്ളാരു മൊന്നുമില്ലാത്തോണ്ട്
കരച്ചിലും പിഴിച്ചിലുമൊന്നുമുണ്ടായില്ല
ചിതേൽക്കെടുത്തപ്പോഴും
പൊട്ടലോ ചീറ്റലോ കേട്ടില്ല
കൂട്ടുകാരായി
ആണായോ പെണ്ണായോ
ആരും
ഉണ്ടായിരുന്നില്ലല്ലോ .
ചിത-
ചാരായത്തിന് തീ പിടിച്ച പോലെ
ഒരാളല്…
ജയൻന്ന് പേരു മാത്രേ ഉള്ളൂ
പേരില് മാത്രാ
ഇരുമ്പൊലക്കേന്നുമൊള്ളൂ
ഏതു നേരോം
വെള്ളത്തീക്കെടന്നാ
ഏതിരുമ്പും
തുരുമ്പിക്കൂന്ന്
അടക്കത്തിന് വന്നോര്
പറഞ്ഞു ചിരിച്ചു –
ജയൻ മരിച്ചൂന്ന് കേട്ടപ്പോ
“നന്നായി നന്നായീ” ന്ന്
ജയൻ്റമ്മ പറഞ്ഞൂന്നും പറഞ്ഞ്
ചിരിക്കാറായി –
ഔതക്കുട്ടി –
ആ വാറ്റ് മുഴുവൻ
കത്തി തീരുന്നത്
രാവു മുഴുക്കെ
നോക്കിനിന്നു …

സാജുപുല്ലൻ

By ivayana