മാത്യുക്കുട്ടി ഈശോ✍
ന്യൂയോർക്ക്: ഒന്നര മണിക്കൂർ സമയം പ്രേക്ഷകർക്ക് ശ്വാസമടക്കിയിരുന്നു കാണുവാൻ പറ്റിയ ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ കാഴ്ചവച്ച റൊമാൻറിക് ത്രില്ലർ സിനിമ “ലോക്ക്ഡ് ഇൻ” ഇനി വിവിധ ചലച്ചിത്ര മേളകളിൽ മാറ്റുരയ്ക്കുവാൻ പോകുന്നു. പൂർണ്ണമായും ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ചലച്ചിത്രം ജനുവരി 16 മുതൽ 31 വരെ ലണ്ടൻ പൈൻവുഡ് സ്റ്റുഡിയോസിൽ നടക്കുന്ന ലിഫ്റ്റ്-ഓഫ് ഫിലിം ഫെസ്റ്റിവലിൽ “ഫീച്ചർ ഫിലിം” മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്‌ട്ര നിലവാരമുള്ള സിനിമകളുടെ കൂട്ടത്തിൽ “ലോക്ക്ഡ് ഇൻ” സിനിമയും ഉൾപ്പെട്ടതിൽ അതിന്റെ സംവിധായകനും നിർമ്മാതാവും അണിയറ പ്രവർത്തകരും തികഞ്ഞ ആവേശത്തിലാണ്.
ഫെബ്രുവരി 1 -ന് മുംബൈയിൽ നടക്കുന്ന ഇന്ത്യൻ പനോരമ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശനത്തിനായി “ലോക്ക്ഡ് ഇൻ” തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തമായ മറ്റു പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും “ലോക്ക്ഡ് ഇൻ” ഇതിനകം ക്ഷണിക്കപ്പെട്ടതായി നിർമ്മാതാക്കൾ അറിയിച്ചു. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുമുള്ള നടീ-നടന്മാരെ കോർത്തിണക്കി ചിത്രീകരിച്ച സിനിമയ്ക്ക് താരമൂല്യത്തിനുമപ്പുറം, കലാമൂല്യത്തിനും ഛായാഗ്രഹണത്തിനും അവതരണ മൂല്യത്തിനും മുൻതൂക്കം നൽകി നിർമ്മിച്ചപ്പോൾ പ്രേക്ഷകരുടെ കൈയ്യടിക്കും പ്രശംസക്കും അർഹമായി.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് “ലോക്ക്ഡ് ഇൻ” സിനിമ വിദേശ നിർമ്മിത ചലച്ചിത്ര ശ്രേണിയിൽ പ്രവാസി കോൺക്ലേവ് അവാർഡിന് അർഹമായത്. അമേരിക്കയിൽ തീയേറ്ററുകളിൽ പ്രദശിപ്പിച്ച സിനിമയ്ക്ക് പ്രേക്ഷകർ ഒന്നടങ്കം “സൂപ്പർ സസ്പെൻസ് ത്രില്ലെർ ചിത്രം” എന്ന് പ്രകീർത്തിച്ചത് ഈ സിനിമക്കുള്ള അംഗീകാരമാണ് എന്ന് പ്രവാസി കോൺക്ലേവിന്റെ അവലോകന കമ്മറ്റി അഭിപ്രായപ്പെട്ടു. തിരക്കഥാകൃത്തും സംവിധായകനുമായ ശബരിനാഥ് കമ്മറ്റിയുടെ മുക്തകണ്‌ഠ പ്രശംസക്ക് അർഹനായി. അതിമനോഹരവും ഉദ്വേകജനകവുമായ മുഹൂർത്തങ്ങൾ അഭ്രപാളികളിൽ പകർത്തിയ ഛായാഗ്രഹകൻ ജോൺ മാർട്ടിൻറെ ചിത്രീകരണവും കമ്മറ്റിയുടെ പ്രത്യേക പ്രശംസക്ക് പാത്രമായി.
അവസാന ഭാഗം പ്രേക്ഷകരെ വലിയൊരു സസ്പെൻസിൽ കൊണ്ടെത്തിച്ച ഈ സിനിമയുടെ രണ്ടാം ഭാഗം നിർമ്മിക്കുന്നതിനായുള്ള നടപടികൾ അണിയറ പ്രവർത്തകർ ഉടൻ തന്നെ ആരംഭിക്കും എന്ന് സംവിധായകൻ ശബരീനാഥ് ന്യൂയോർക്കിൽ അറിയിച്ചു. അങ്ങനെയെങ്കിൽ ഇതിലും മെച്ചപ്പെട്ട കഥാമൂല്യവും അവതരണ ശൈലിയും കൊണ്ടുവരുന്നത് നല്ലൊരു ചലെഞ്ചാണെന്നും, അതിനാൽ തന്നെ രണ്ടാം ഭാഗം കൂടുതൽ മെച്ചപ്പെട്ട ഒരു ചലച്ചിത്ര സൃഷ്ടി ആക്കണമെന്നാണ് ആഗ്രഹം എന്നും ശബരീനാഥ് പറഞ്ഞു. ആ പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളായ മലയാളികളും.