രചന : പള്ളിയിൽ മണികണ്ഠൻ✍

കുത്ത് വേണ്ട, നിന്റെ
കോമയും വേണ്ട നിൻ
കുത്തുവാക്കൊന്നും
വരാതിരുന്നാൽ മതി.
കുത്തിത്തിരിപ്പിന്റെ
കുപ്പായമിട്ടെന്നെ
കുറ്റം വിളമ്പാൻ
വരാതിരുന്നാൽ മതി.
നൂറുപേരെന്റെ
ചുറ്റിലുണ്ടെങ്കിലും
ആറ് നല്ല പേരാണെന്റെ
സൗഹൃദം.
ഞാനവർക്കായ് രചിക്കുന്ന
വരികളിൽ
നീ വിഷം ചേർക്കാൻ
വരാതിരുന്നാൽ മതി.
വീരവാദങ്ങളില്ലെന്റെ
രചനകൾ
വേണമെങ്കിൽമാത്രം
നീ പഠിച്ചാൽ മതി
വമ്പ് കാട്ടുവാൻ
കൊമ്പും കുലുക്കി നീ
എന്റെ നേരെ
വരാതിരുന്നാൽ മതി.
കൊച്ചുകൊച്ചു
വരികളുമായി ഞാൻ
പിച്ചവച്ചു നടക്കുന്ന
വഴികളിൽ
ഒച്ച വച്ചും,
സ്വയം വിറ്റുമെന്നെ നീ
താറടിക്കാൻ
വരാതിരുന്നാൽ മതി..

By ivayana