രചന : അഭിലാഷ് സുരേന്ദ്രന്‍ ഏഴംകുളം✍
സിദ്ദു. കഥാനായകന്‍ മലയാളിയല്ല. എങ്കിലും ഒരു കുഞ്ഞു കേരളം അവന്റെ മനസിലുണ്ടായിരുന്നു.
ബാന്‍ഡൂപ്പില്‍ നിന്നും കേരളത്തിലേക്കു ചേക്കേറിയ മനസ്സില്‍, അത്യദ്ധ്വാനത്തെ ആസ്വാദനമായിക്കണ്ട മനസ്സില്‍, മലയാളിപ്പെണ്ണിനെ പ്രണയിച്ചു പ്രേയസിയാക്കിയ മനസ്സില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു സുന്ദരകേരളമുണ്ടായിരുന്നു.
പകുതിയില്‍നിന്നു മലയാളഭാഷാനൈപുണ്യം പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിച്ച പ്രണയിനി ഗംഗയോടും ഏകമകള്‍ ഗാനപ്രിയയോടും അവനു ജീവനുതുല്യം സ്നേഹവുമായിരുന്നു.
കൊന്നൊടുക്കാന്‍ കൊറോണയെത്തിയപ്പോള്‍ ഓണ്‍ലൈന്‍ വ്യവഹാരം തിമിര്‍ത്താടിയകാലത്തു മുന്‍കാലദ്ധ്വാനത്താല്‍ സ്വരൂപിച്ച സമ്പത്തുകൊണ്ടു സഹധര്‍മ്മിണിയെ ബ്യൂട്ടീഷനാക്കാന്‍ മടിയൊട്ടും കാണിക്കാത്ത സിദ്ദു ദൂരെയെങ്ങോ ജോലി തേടി മകളെയുംകൊണ്ടു പോകാനാഗ്രഹിച്ച ഗംഗയെ എതിര്‍പ്പില്ലാതെ യാത്രയാക്കി.
ലോകത്തെ വിറപ്പിച്ച മാരണം അകലുന്നതിനാനുപാതികമായി ഭാര്യയുടെ വിളിയും പറച്ചിലുമകന്നുപൊയ്ക്കൊണ്ടിരുന്നു. മകളെക്കാണാതെ ആ മനസ്സു വിങ്ങുകയും നിശകളില്‍ കനിവു കാട്ടാതെ നിദ്ര അവനെ കൈവിടുകയും ചെയ്തു.
കൂട്ടിലടച്ചു പക്ഷികളെയും മത്സ്യങ്ങളെയും വളര്‍ത്തുന്നതിലും അവയെ സങ്കടപ്പെടുത്തി ആ കാഴ്ചകണ്ടു രസിക്കുകയും ചെയ്യുന്നതു സിദ്ദുവിനിഷ്ടമല്ലായിരുന്നു.മകളെ കാണാതെ ദുഃഖിച്ചുനടന്ന സമയത്തെപ്പോഴോ ഒരു അക്വേറിയം അവന്‍ സ്വന്തമാക്കി. അതില്‍ പലവര്‍ണ്ണങ്ങഴിലുള്ള ഏഴ് അലങ്കാരമത്സ്യങ്ങളുണ്ടായിരുന്നു. അവയെ പരിചരിക്കുമ്പോള്‍ ആ മനസ്സില്‍ ഗാനപ്രിയ മാത്രമായിരുന്നു. ഒപ്പമുണ്ടായിരുന്ന കാലത്തു മകളുമൊത്തു പുലര്‍കാലങ്ങളില്‍ പുറത്തു കറങ്ങുമ്പോള്‍ കാണുന്ന പക്ഷികള്‍ക്കും മറ്റും വിളിപ്പേരിട്ടു രസിച്ചപോലെ അവളടുത്തെത്തുമ്പോള്‍ ഏഴു മത്സ്യങ്ങള്‍ക്കും നല്‍കാന്‍ ഏഴു പേരുകള്‍ അവന്‍ കണ്ടെത്തി ഹൃദയത്തില്‍ സൂക്ഷിച്ചു. കനവില്‍ നിറയെ അക്വേറിയം കണ്ടു തുള്ളിച്ചാടുന്ന കുഞ്ഞും ആ പേരുകളുമായിരുന്നു.
തിരുവോണവും കുഞ്ഞിന്റെ പിറന്നാളും കടന്നുപോയിയെങ്കിലും സിദ്ദുവിന്റെ സ്വപ്നങ്ങള്‍ മാത്രം നിറമണിഞ്ഞില്ല.
പക്ഷേ,ഇപ്പോള്‍ ചില്ലുകൂട്ടിലെ കുഞ്ഞു മത്സ്യങ്ങളെ നോക്കി ഗാനപ്രിയ തുള്ളിച്ചാടുന്നു. അതു പാടില്ലെന്നു കാണുന്നവരൊക്കെ വിലക്കുകയാണ്. പൊന്നോമനയുടെ സന്തോഷം കാണാനാവാതെ കനവു കാണുകയാണെന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന രീതിയില്‍ അവന്‍ മയക്കമാണ്. കാലങ്ങളായി മാറിനിന്ന നിദ്ര അനവസരത്തില്‍ സിദ്ദുവിനെ അനുഗ്രഹിച്ചിട്ട് ഉള്‍പ്പുളകത്തോടെ മാറിനിന്നു ചിരിക്കുന്നു. അവനുണരില്ലന്ന ഉറപ്പോടെ ഗാനപ്രിയയെ ശകാരിക്കാന്‍ മടിയില്ലാത്തവരുടെ കൂട്ടത്തില്‍ ഗംഗയുമുണ്ട്,അഭിനയത്തിന്റെ നൂതനരീതികള്‍ക്കൂടി സ്വന്തമാക്കിയ അഹങ്കാരത്തോടെ..