കുത്തനെയുള്ള ഒറ്റയടിപാതയിലൂടെ വെച്ചു വെച്ചു നടക്കുമ്പോൾ പാർവ്വതിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഒരിക്കൽ പോലും അവൾ എത്തിപെട്ടിട്ടില്ലാത്ത ആ ചുറ്റുപാട്, ഒരുപക്ഷേ അത്രയേറേ അപരിചിതമായത് കൊണ്ടാവണം അവൾക്ക് ആധി കൂടി കൂടി വന്നതും.
അങ്ങ്, അനന്തതയിൽ നിന്ന് വീശിയെത്തുന്ന കുളിർക്കാറ്റും, വാനോളം ഉയരത്തിൽ തല പൊക്കി നിൽക്കുന്ന, പേരറിയാത്ത, നാനാജാതിയിൽപെട്ട വൃക്ഷലതാദികളും, പരവതാനി വിരിച്ചതു കണക്കേയുള്ള പച്ച പുൽമേടുകളും, നറുമണം പരത്തുന്ന വിവിധ വർണ്ണ സൂനങ്ങളും ആ മലർവാടിയെ അത്രകണ്ട് മനോഹരമാക്കിയിരിക്കണം. എന്തോ, മനസ്സിനെ കുളിരണിയിച്ച കാഴ്ചകൾ ആവണം പിന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ വച്ചതും.
നിറഞ്ഞ പുഞ്ചിരിയാൽ ഓരോ അഥിതിയെയും വരവേൽക്കുന്ന ആതിഥേയരും മലർവാടിയുടെ മനോഹാരിത വർദ്ധിപ്പിച്ചു.ആ സ്വർഗ കവാടത്തിനരികേ നിന്നിരുന്ന മാലാഖ തുല്യരായ പെൺമക്കൾ വന്ന് അവളെ കൈപിടിച്ചു മുന്നോട്ടേക്കാനയിച്ചു.
നാളിതുവരെ അവൾ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത, സ്നേഹം പകരുന്ന, ഓമനത്വം തുളുമ്പുന്ന ആ മുഖങ്ങൾ കുറച്ചൊന്നുമല്ല അവളുടെ മനസ്സിന് ആനന്ദംപകർന്നത്.ചുറ്റിലും കണ്ണോടിച്ചപ്പോൾ ഓരോ സൂനവും അവളെ നോക്കി പുഞ്ചിരിതൂകുന്നതായി തോന്നി. എന്തുകൊണ്ടും ‘മലർവാടി’ എന്നത് ആ അഭയ കേന്ദ്രത്തിന് ചേരുന്ന പേര് തന്നെയായിരുന്നു.
അഭയകേന്ദ്രത്തിലെ പുതുമുഖമായ പാർവ്വതി എന്ന തന്നെ കാണാനും, പരിചയപെടാനുമായി എത്തിയവർ കുസൃതി കലർന്ന പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.
എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാതെ പടിയിറങ്ങേണ്ടി വന്നവർ, ഒന്നുമില്ലായ്മയിൽ നിന്ന്, ഒറ്റപെടലിന്റെ നോവേറ്റ് അഭയം തേടിയെത്തിയവർ, ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട, തികച്ചും അനാഥത്വത്തിന്റെ ഭാരം പേറിയെത്തിയവർ.
ജീവിത സായാഹ്നങ്ങളിലേക്ക് പടികടന്നെത്തിയ ഒരു കൂട്ടം മനുഷ്യ ജന്മങ്ങൾ, ഒരു പക്ഷേ ദൈവവിധിയുടെ പരീക്ഷണത്തിന് കീഴടങ്ങിയവർ.
ചിലർ നിറകണ്ണുകളോടെ, മറ്റു ചിലർ നിറപുഞ്ചിരിയോടെ അവളെയും എതിരേറ്റു. മലർവാടിയിലെ കൊഴിയാൻ വെമ്പിനിൽക്കുന്ന ഓരോ പൂവിതളിനും പറയാൻ ഏറേയുണ്ടാകും. സ്നേഹത്തിന്റെ, നോവിന്റെ, സന്തോഷത്തിന്റെ ഇന്നലെകളിൽ അവർ പങ്കുവച്ചതൊക്കെയും.
കുസൃതിയോടെ ബാല്യവും,സ്വപ്ന ചിറകിലേറി പറന്ന കൗമാരവും, മോഹചൂടറിഞ്ഞ യൗവ്വനവും, ഇന്നലെകളിൽ പൂത്തുലഞ്ഞ വസന്തകാലത്തിന്റെ പര്യായമാകാം.
ഇന്നീ സായാഹ്ന വേളയിൽ ഏറ്റം ആനന്ദം പകരുന്ന കാഴ്ചയ്ക്കും കാലം സാക്ഷിയായി.കാതങ്ങളോളം അവൾ തേടിയലഞ്ഞ പ്രിയനെ കണ്ടുമുട്ടിയപ്പോൾ മനസ് കൊണ്ട് കൗമാരത്തിലേക്ക് എത്തിപെടുകയായിരുന്നു.
ആകാശംമുട്ടേ പറന്നുയരുന്ന പട്ടം പോലെ മനവും സ്വപ്ന ചിറകിലേറി പറന്നുയർന്നു. ഏറേ മോഹങ്ങൾ നെയ്തുകൂട്ടിയ, വസന്തകാലത്തിലേക്ക്.
കുസൃതി വിട്ടുമാറാത്ത, പൊടിമീശക്കാരന് ,പാറുവിനോട് തോന്നിയ ഇഷ്ടം കടലാസു തുണ്ടിൽ കുത്തി കുറിച്ച് ആ പാവാടക്കാരിക്ക് വച്ച് നീട്ടിയപ്പോൾ അത് അവൾക്ക് നിരസിക്കാനായില്ല.
ഏറേ കൗതുകത്തോടെ തിരിച്ചും, മറിച്ചും പല തവണ വായിച്ചു നോക്കിയ അവൾ ഇഷ്ടമാണ് നൂറുവട്ടമെന്ന് മനസ്സിന്റെ താളുകളിൽ കുറിച്ചിട്ടു.ഒപ്പം കടലാസു തുണ്ടിൽ കുത്തി കുറിച്ച മറുപടിയും. ഒരുപക്ഷേ ആ കൗമാരക്കാരിക്ക് ആദ്യമായി കിട്ടിയ പ്രേമലേഖനം ആയത് കൊണ്ടാവണം, നൂറാവർത്തി വായിച്ച് മന:പാഠമാക്കിയതും.
ആ കാലം, തനിക്കേകിയ നിറമുള്ള സ്വപ്നങ്ങൾ പാറു വീണ്ടും വീണ്ടും ഓർത്തെടുത്തു.
പാർവ്വതി എന്ന തന്നെ ‘പാറൂ ‘ എന്ന് വിളിച്ചിരുന്നതും ഉണ്ണിയേട്ടൻ മാത്രമായിരുന്നു. അത്രമേൽ പ്രിയമായിരുന്നു അന്നാളുകൾ അവർക്ക്.
”പാറൂ നീയെന്നും എന്റേത് മാത്രമായിരിക്കും. ആരെതിർത്താലും ഈ ഉണ്ണി ഒരു പെണ്ണിന്റെ കഴുത്തിൽ മിന്നുകെട്ടുന്നുണ്ടെങ്കിൽ അത് പാറുവിന് മാത്രമായിരിക്കും.”
”ഉണ്ണിയേട്ടനില്ലാത്ത ഒരു ജീവിതം തനിക്ക് സങ്കല്പിക്കാൻ പോലും ആവില്ല.”
എന്ന് പറഞ്ഞ പാറുവിനും, ജീവനുള്ള കാലം വരെ പാറുവിന്റേത് മാത്രമായിരിക്കുമെന്ന് പറഞ്ഞ ഉണ്ണിയേട്ടന്റെയും യാത്രകൾ ഇരുദിശയിലേക്ക് വഴിമാറിയത് പെട്ടെന്നായിരുന്നു.
കാലങ്ങളോളം ഉണ്ണിയേട്ടന്റെ ഓർമ്മകളിൽ മാത്രം ജീവിച്ച അവൾക്ക് ബന്ധുജനങ്ങളിൽ നിന്നേൽക്കേണ്ടി വന്ന കുത്തു വാക്കുകൾ ഏറേയായിരുന്നു. നിറഞ്ഞ യൗവ്വനവും പാടേ വിട പറഞ്ഞു,
ജീവിത സായാഹ്നത്തിലേക്ക് എത്തിപെട്ടപ്പോൾ ജനിച്ച വീടും തികച്ചും അന്യമായി തീർന്നു.ഇനിയും എരിഞ്ഞു തീർന്നിട്ടില്ലാത്ത മരക്കമ്പു പോലെയുള്ള മനസ്സുമായി എന്നേന്നേക്കുമായി ആ വീടിന്റെ പടിയിറങ്ങി.
എത്തിപെടാൻ ആഗ്രഹിച്ച വേദി തന്നെ സ്വികരിച്ചപ്പോൾ, ഒരു ജന്മം മുഴുവൻ നെഞ്ചേറ്റിയ കരങ്ങൾ തന്നെ ചേർത്ത് പിടിച്ചപ്പോൾ സന്തോഷമോ, സങ്കടമോ എന്താണെന്നറിയില്ല മിഴികൾ പെയ്തൊഴിഞ്ഞു. വിറയാർന്ന കരങ്ങളാൽ തന്റെ പ്രണയിനിയെ ചേർത്തു പിടിച്ചു ആലിംഗനം ചെയ്തു.
കാലങ്ങൾ താണ്ടിയെത്തിയ ആ പ്രണയിതാക്കൾ മലർവാടിയിൽ വച്ച് ദൈവവിധിയെന്നോണം ഒന്നായപ്പോൾ
കാലം സമ്മാനിച്ച തീരാനോവിൽ നിന്ന് ഒരാശ്വാസമെന്നോണം പുഞ്ചിരി തൂകി ഓരോ സൂനവും തല താഴ്ത്തി നിന്നു.
പിന്നിട്ട വഴികളിലെ കാഴ്ചകൾക്കപ്പുറം ഒരു സ്വപ്ന ലോകം തന്നെയാവണം ആ മലർവാടി അവർക്ക് സമ്മാനിച്ചത്.
✍ ബേബി സബിന