രചന : എൻ.കെ.അജിത്ത് ആനാരി ✍

അപ്പുറം നില്പോനുമിപ്പുറം നില്പോനു –
മുള്ളങ്ങൾക്കുള്ളിലായുണ്ട്, മറ
താനറിയാത്തവയേറെയപരനിൽ
ഗോപ്യമായ് നിർത്തുന്നുണ്ടാമറകൾ

ആളറിഞ്ഞീടുവാനാരെന്നറിഞ്ഞിടാ-
നാരായൽകൊണ്ടതു പൂർണ്ണമാമോ?
ദ്വന്ദ്വഭാവങ്ങൾക്കുമുള്ളിൽ നിതാന്തമാ-
യുണ്ട് കൽ, നെല്ലുകൾ വ്യക്തമാകാൻ!

കൊള്ളരുതാത്തവയുള്ളിൽനിറച്ചോന്
കള്ളമാണെല്ലോ ശരിക്കു പഥ്യം
അള്ളിപ്പറിക്കലുമത്തരക്കാരുടെ –
യുളളറിഞ്ഞീടുക സാധ്യമാണോ?

വാണിയിലേറെ മധുരം രുചിപ്പിച്ച്
വാണിഭം ചെയ്യുന്ന വീരരൊക്കെ
വീണിടം വിദ്യയായ് മാറ്റുന്നമായിക
മരീചവിദ്യകളേറെയുള്ളോർ!

മാറുന്ന ലോകത്തു മാറാതെനില്ക്കയോ,
മാറണം മാറ്റത്തിനൊത്തവണ്ണം
ചാറുംമഴത്തുള്ളിയേറെപ്പൊഴിയുകി –
ലാരും നനയുമാ വർഷമേല്ക്കേ!

മറാത്തതൊന്നുണ്ട് മാറ്റം! നമുക്കതാൽ
മാറാതെയൊക്കുമോ ജീവിതത്തിൽ
മാറ്റത്തിനേറെയെരിക്കും മനസ്സുമായ്
കാറ്റൊത്തുപാറിടാം തൂവൽ സമം!

ചോദ്യങ്ങളേറെയുയർത്തുന്ന ഹൃത്തിലേ
ബോധ്യങ്ങളേറെയായെത്തുകുള്ളൂ
കായത്തിനുള്ളിലായ് കാര്യങ്ങളാരായു –
മുത്തമഹൃത്തതാൽ വേണമെല്ലോ?

ഓരോ മറകൾക്കുമിപ്പുറമജ്ഞത
കൺമിഴിച്ചങ്ങനെ നിന്നിരുന്നേൽ
കാണുമോയിന്നു നാം കാണുന്ന വിജ്ഞത –
യേറെട്ടെജ്ഞാനാർത്തി നമ്മിലെന്നും!

കാണാമറയത്ത് കാര്യങ്ങളുണ്ടതാ-
ലേറണം ജിജ്ഞാസ പ്രജ്ഞതന്നിൽ
ആഴത്തിലല്ലോകിടപ്പൂ നൽമുത്തുക –
ളാഴത്തിലാവട്ടെ ചിന്തയെന്നും!

എൻ.കെ.അജിത്ത് ആനാരി

By ivayana