രചന : രാജു കാഞ്ഞിരങ്ങാട്✍
പ്രിയേ,
മോഹത്തിൻ്റെ ചെറി മരങ്ങളിൽ
പ്രണയത്തിൻ്റെ പഴങ്ങൾ തുടുക്കുന്നു
ജനുവരിയിലെ മഞ്ഞു തരികൾ പോലെ
ആവേശം മുളച്ചുപൊന്തുന്നു
മുന്തിരി വീഞ്ഞിൻ വീര്യം പകർന്നു തരുന്ന
നിൻ്റെ ചൊടികളിൽ
പകലിരവുകളില്ലാതെ എനിക്കൊരു
ചിത്രശലഭമാകണം
മുന്തിരിവള്ളിതൻ തണലായ്
മാറിൽ തലചായ്ച്ചു മയങ്ങണം
നീറുന്ന ഓർമകളെ മറക്കണം
നറും പുഞ്ചിരി നീയെന്നിൽ നിറക്കണം
ദുഃഖത്തിൻ്റെ ഏറുമാടത്തിൽ –
നിന്നുമുയർത്തി
സന്തോഷത്തിൻ്റെ തിരകൈകളായെന്നെ
മൂടണം
പ്രിയേ,
സ്നേഹത്തിൻ്റെ മൺചെരാതു കൊളുത്താം
വസന്തത്തിൻ്റെ പുതുമൊട്ടുകളാകാം
എണ്ണമറ്റ ചെറിപ്പഴങ്ങളാലൊരു കൂടൊരുക്കാം
തൂക്കണാം കുരുവികളായ് തേൻ മധുരം –
നുകരാം.