രചന : വിപിൻ✍
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ഫെബ്രുവരിയിൽ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ജോലിയിൽനിന്നും പിരിഞ്ഞുപോകേണ്ട സമയത്തെക്കുറിച്ച് അവർ പറഞ്ഞ വാക്കുകളാണ് എന്നെ ആകർഷിച്ചത്. എല്ലാ തിരക്കുകളെയും പ്രതിസന്ധികളെയേയും മുഖാമുഖം നേരിടാതെ, ചിലപ്പോഴെങ്കിലും നാം മറ്റു സാധ്യതകളെക്കൂടി പരിഗണിക്കേണ്ടതുണ്ട്. അത് കൂടുതൽ ശ്രദ്ധയും ശക്തിയും ഊർജ്ജവും തിരികെ നേടാനുള്ള പദ്ധതിയാണെന്നേ പറയാൻ സാധിക്കൂ. അവർ പറഞ്ഞ വാക്കുകളുടെ ഒരേകദേശതർജ്ജമയാണ് ചുവടെ.
“പ്രധാനമന്ത്രി പോലൊരു വലിയ പദവി വഹിക്കുമ്പോൾ ഒരു രാജ്യത്തെ മുന്നോട്ട് നയിക്കാൻ നിങ്ങൾ ശരിയായ വ്യക്തി ആണോ അല്ലയോ എന്നുകൂടി തിരിച്ചറിയേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. എനിക്ക് സാധിക്കാവുന്നത്ര എന്നെ ഈ പദവിയ്ക്ക് വേണ്ടി പരിപൂർണ്ണമായും ഞാൻ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതെന്നിൽനിന്നും ഒരുപാട് കവർന്നെടുക്കുകയും ചെയ്തു. ഉത്തരവാദിത്വപ്പെട്ട ഒരു ജോലി ചെയ്യാൻ അതിനാവശ്യമായ ഒരു ഫുൾടാങ്ക് ഊർജ്ജം നിങ്ങളിൽ ഇല്ലെങ്കിൽ ആ ജോലിയിൽ പിന്നെ നിങ്ങൾ തുടരരുത്. ഒരു ഫുൾ ടാങ്ക് ഊർജ്ജം മാത്രം പോരാ, ഒരല്പമധികം കരുതലായും വേണം, കാരണം അപ്രതീക്ഷിതമായ വെല്ലുവിളികളെ നേരിടാൻ ആ കരുതൽഊർജ്ജം അത്യന്താപേക്ഷിതമാണ്.
കാര്യങ്ങൾവളരെ ലളിതമാണ്, കഴിഞ്ഞ വേനലിന് ശേഷം എന്റെ ജോലിയോട് പൂർണ്ണനീതി പുലർത്താൻമാത്രമുള്ള ഊർജ്ജമോ വൈഭവമോ എന്നിൽ അവശേഷിക്കുന്നില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു.
കരുണയോടൊപ്പം ദൃഢബുദ്ധിയും സഹാനുഭൂതിയോടൊപ്പം നിലപാടും ശുഭാപ്തിവിശ്വാസത്തോടൊപ്പം കൃത്യമായ ലക്ഷ്യബോധവും ന്യൂസിലാൻഡ് ജനതയ്ക്ക് നൽകിക്കൊണ്ടാണ് അതിനാൽ ഞാൻ ഈ പദവിയിൽനിന്നും വിടവാങ്ങുന്നത്. തീർച്ചയായും അവർ സ്വയം മികച്ച നേതാക്കൾ ആവുകതന്നെ ചെയ്യും, ഉത്തരവാദിത്തപ്പെട്ട പദവിയിൽ തുടരാൻ യോഗ്യരാണോ അല്ലയോ എന്ന് സ്വയം തിരിച്ചറിയാൻമാത്രം ക്ഷമതയുള്ള മികച്ച നേതാക്കൾ.”
ജസീന്തയുടെ വാക്കുകൾ വലിയ പ്രേരകശക്തിയാണ്. ഒരു നല്ല നേതാവ് എങ്ങനെയാകണമെന്ന് അവർ ഇതിന് മുൻപും തെളിയിച്ചിട്ടുണ്ട്. ഒടുവിൽ അവർ പടിയിറങ്ങിപോകുമ്പോഴും അവർ തെളിയിക്കുന്നുണ്ട്, അവർ ഒരു മികച്ച നേതാവായിരുന്നു എന്ന്.
ഡെമോക്രസിയിൽനിന്നും ജറണ്ടോക്രസിയിലേക്ക് കൂപ്പുകുത്തിയ നമ്മുടെ ജനതയ്ക്കും നേതാക്കൾക്കും അവരുടെ അന്ധരായ അണികൾക്കും ഏറെ പഠിക്കാനുണ്ട് ജസീന്തയിൽനിന്നും. അതിപ്പോൾ നരേന്ദ്രമോദിയായാലും പിണറായി വിജയനായാലും അവർക്കെല്ലാം ഏറെ മുകളിൽതന്നെയാണ് ജസീന്ത ആർഡൻ.