രചന : സതി സുധാകരൻ പൊന്നുരുന്നി.✍

മലവെള്ളപ്പാച്ചിലിൽ ഒഴുകി നടന്നു ഞാൻ
തുണയാരുമില്ലാതെ ഏകയായി.
താരാട്ടുപാടിയും ആലോലമാട്ടിയും
ഓളങ്ങളെന്നെയുറക്കി.
കണ്ണു തുറന്നൊന്നു നോക്കിയനേരത്ത്
പുഴയോരം ചേർന്നു ഞാൻ കിടന്നു.
പത്തു ദിനങ്ങൾ കഴിഞ്ഞപ്പോളെന്നുള്ളിൽ,
ജീവൻ തുടിപ്പുകൾ ഞാനറിഞ്ഞു.
സന്തോഷം കെണ്ടെൻ്റെ മാനസം തുടികൊട്ടി
ഒരു കുഞ്ഞു മുകുളം കിളിർത്തു വന്നു.
കുഞ്ഞിളംകൈകളെ ആലോലമാട്ടാൻ
കുഞ്ഞിപ്പവനൻ വിരുന്നിനെത്തി.
ഞാനൊരു പൂക്കുന്ന പൂമരമായ് മാറി
കുഞ്ഞിക്കിളികളും കൂടുകൂട്ടി.
സന്തോഷ നാളുകൾ തീരുന്നതിൻ മുൻപേ,
ശിശിരകാലം മെല്ലെ വന്നണഞ്ഞു.
മഞ്ഞല ചെയ്യുന്ന പാതിരാക്കാറ്റുകൾ
എൻ മരച്ചില്ലയിൽ ഊയലാടി.
കാറ്റത്തു പഞ്ഞി പറന്ന പോൽ ലതകളും,
പാരിൽ പറന്നു നടന്നു നീളെ…
ഇനിയും തളിർക്കുമോ പൂമരച്ചില്ലകൾ
പൂത്തുമ്പി വീണകൾ മീട്ടീടുമോ?

സതി സുധാകരൻ

By ivayana