രചന : സന്ധ്യാസന്നിധി✍

സനാതന ധര്‍മ്മപീഠധ്യാനക്ഷേത്രം
യോഗി തഥാതന്‍റെയോ ഒരുവൃക്തിയുടെയോ മാത്രമല്ല.
ലോകത്തിന്‍റെയുംനാനാജാതിമതസ്ഥരായ മനുഷ്യരുടേതുകൂടിയാണ്.

ഇന്ന്,
പതിവ് പോലെ നിര്‍മ്മാല്യം കണ്ട് ദേവീദര്‍ശനവും കഴിഞ്ഞ്
കടുത്തചുമയും ശ്വാസതടസ്സവും
മൂലം മടക്കസമയം വരെ വിശ്രമിക്കാം എന്നുകരുതിയിരിക്കുമ്പോഴാണ്.
കേട്ട് പരിചയം മാത്രമുള്ള തൊട്ടടുത്തുള്ള ധര്‍മ്മപീഠം ധ്യാനക്ഷേത്രത്തിലേക്ക് പോയാലോ എന്നചിന്തയുണരുന്നത്.
ഏറെവര്‍ഷക്കാലത്തെസുഹൃത്തും ധര്‍മ്മപീഠധ്യാന കേന്ദ്രത്തിലെ സേവകനും മനസ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാരഥിയുമായ പാലക്കാട് സ്വദേശി പുഷ്കരന്‍ ശൃഷ്ടിയെ കോണ്ടാക്ട് ചെയ്യുന്നു.


അദ്ധേഹം ധര്‍മപീഠധ്യാനകേന്ദ്രത്തിലേക്കും ആശ്രമത്തിലേക്കുമുള്ള വഴി പറഞ്ഞുതരുന്നു.
താമസിക്കുന്ന ദേവസ്വം ഗസ്റ്റ്ഹൗസില്‍ നിന്ന് ഞാന്‍ റോഡിലേക്കിറങ്ങിയതും ആശ്രമസേവകരിലൊരാളും രണ്ടുദിവസം മുന്‍പ് പരിചയപ്പെട്ട രാമചന്ദ്രന്‍ ചേട്ടന്‍
21തീയതി നടക്കുന്ന ധ്യാനക്ഷേത്രത്തിലെ വലിയൊരു ചടങ്ങിന്‍റെ ക്ഷണം കഴിഞ്ഞ് തിരിച്ചുപോകുന്നത് കാണുന്നു. ഒപ്പം ആശ്രമത്തിലേക്ക്. ശാന്തസുന്ദരമായ പ്രകൃതിപക്ഷിയിലയനക്കങ്ങള്‍ മാത്രം അലയടിക്കുന്ന അന്തരീക്ഷം..
സനാതനധര്‍മ്മ സേവകരും സേവനമനസ്കരുമായ നാനാദേശഭാഷാ യോഗികള്‍ യോഗിനികള്‍…


ക്ഷണിച്ചും ക്ഷണിക്കാതെയുമെത്തുന്ന അതിഥിയോട് ശാന്തവും ആദരവോടെയുമുള്ള പെരുമാറ്റസ്വീകരണങ്ങള്‍ ധര്‍മ്മപീഠത്തിന്‍റെ മാറ്റ് കൂട്ടുന്നു.
സഹജീവീ സ്നേഹത്തിനും
പ്രപഞ്ചചൈതന്യാത്മകമായ
ധ്യാനത്തിനും ഭാഷയൊരു തടസ്സമേയല്ലന്ന് തിരിച്ചറിയുന്നു..
പരസ്പരം പുഞ്ചിരിക്കാനും
ഒരു നമസ്കാരത്തിനും ഹസ്തദാനത്തിനും
ഭാഷയുടെ ആവശ്യകതയേ ഇല്ലന്ന്
മൗനഭാഷകള്‍ കൊണ്ടുപോലും മനസിലാക്കാനാകുന്നു.
അതുകൊണ്ട് തന്നെയാണ്
പല പല രാജ്യക്കാരും വിശ്വാസികളുമായ
കുറേ നല്ലമനുഷ്യരെ കാണാനും പരിചയപ്പെടാനും
അവരിലൊരാളായി രണ്ട് ദിവസങ്ങളോളം ആ ശാന്തതയുടെ ചൈതന്യം അനുഭവിക്കാനും സാധിച്ചത്.


പതിനഞ്ച് വര്‍ഷത്തിലേറെത്തവണ മെഡിറ്റേഷനും മൂകാംബികാദര്‍ശനത്തിനും മറ്റുമായി ധര്‍മ്മപീഠത്തിലെത്തുകയും
യോഗി തഥാതനെ ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്കുമുന്നില്‍
ആദ്യവരവില്‍ തന്നെ താപസയോഗിയായ സ്വാമിയെ ദര്‍ശിക്കാനും ഏറെനേരം സംസാരിച്ചിരിക്കാനും എനിക്ക് കഴിഞ്ഞതും ഏറെ സന്തോഷം നല്‍കുന്നു.
അതിലുപരി ഭാഗ്യമെന്ന് തന്നെ പറയാം.


ഇരുപത്തിയൊന്നാം തീയതി നടക്കുന്ന സുപ്രധാന ചടങ്ങില്‍ പങ്കെടുത്തിട്ടേ മടങ്ങാവൂ എന്ന സ്വാമിയുടെ സ്നേഹനിര്‍ദേശത്തില്‍ കഠിനമായ തണുപ്പും പനിയും ശാരീരികാസ്വസ്ഥത കാരണം മടങ്ങിപ്പോകുമെന്നറിയിച്ചിരിക്കേ,
അതിലേറെ സന്തോഷം തോന്നിയൊരുകാര്യം സ്വാമിയുടെ സഹചാരിയായ സ്വാമി
” നാട്ടീന്നാണ് എഴുത്തുകാരി യാണ് സന്ധ്യാസന്നിധി”എന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും എനിക്ക് എനിക്കറിയാം എന്നുപറഞ്ഞ് നമസ്തേ തരുകയും ചെയ്തപ്പോള്‍ വാസ്തവത്തില്‍ ഞാന്‍ ഒന്നുമല്ലാതായി.


ഏതോ ഒരു അന്യദേശത്തിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുന്ന ഒട്ടും അറിയപ്പെടാത്ത ഒരു സാധാരണക്കാരി ഇതാ…ഇവിടെ കന്നഡദേശത്ത് പേരുകേട്ട ധര്‍മപീഠധ്യാനക്ഷേത്രത്തിലെ ആള്‍ക്കൂട്ടത്തിനിടയിലും ഒരാള്‍
തിരിച്ചറിഞ്ഞിരിക്കുന്നു.
അതില്‍പരം ആത്മഹര്‍ഷം വേറെന്തിനാണ്.
ധ്യാനപീഠത്തിനുള്ളിലെ ആ വലിയ ശാന്തതയ്ക്കുള്ളില്‍
ഒരുമണിക്കൂറോളം മെഡിറ്റേഷനും ചെയ്ത് ധര്‍മപീഠാശ്രമത്തിലെ ഉച്ചഭക്ഷണവും കഴിഞ്ഞാണ് വീണ്ടും തിരികെ താമസസ്ഥലത്തേക്ക് മടങ്ങിയത്..!

സന്ധ്യാസന്നിധി

By ivayana