രചന : ജിബിൽ പെരേര ✍

അങ്ങനെയിരിക്കെ സ്വർഗ്ഗത്തിലെ
ഒരു മാലാഖയ്ക്ക്
എന്നോട് പ്രണയം തോന്നി.
ഞാനവൾക്ക്
ഭൂമിയിലെ കറയില്ലാത്ത മനുഷ്യരുടെ
ഭംഗിയുള്ള പുഞ്ചിരി
സമ്മാനം കൊടുത്തു.
അവളെനിക്ക്
നിലാവ് കൈക്കുമ്പിളിലാക്കി
രുചിക്കാൻ നൽകി.
വിശക്കുമ്പോൾ
സ്വർഗ്ഗത്തിലെ മന്ന
വയർ നിറയുവോളം വാരിത്തന്നു
ഞങ്ങൾ താരാപഥത്തിൽ
കൈകോർത്തു നടന്നു
ആകാശമേഘങ്ങളിൽ
കളിവീടുണ്ടാക്കി
എന്നെ പേടിപ്പിക്കാൻ വരുന്ന
മിന്നലിനെ
അവൾ കഠിനമായി ശകാരിച്ചു.
എന്നെ തൊടാൻ വന്ന കൊള്ളിമീനുകളെ
തട്ടിത്തെറിപ്പിച്ചു.
അവളുടെ ഒരൊറ്റ ചുംബനം കൊണ്ട് സ്വര്ഗ്ഗം ചുവന്നു
ഭൂമി വൃന്ദാവനമായി
ഞാനന്നേരം
വലിയ ചിറകുകളുള്ള പക്ഷിയായി
അവൾ കാലുള്ള പൂഞ്ചോലയും.
ഒടുവിൽ
ഞങ്ങൾ ഒരു വലിയ കാടുണ്ടാക്കി
അതിലെ ഏറ്റവും വലിയ മരത്തിൽ
ഞങ്ങളുണ്ടാക്കിയ വള്ളിക്കുടിലിൽ
ഞങ്ങൾക്ക് ആദ്യത്തെ കുഞ്ഞു പിറന്നു
ദൈവം നേരിട്ട് വന്ന്
അവന് പേരിട്ടു.
ഒരു പ്രഭാതവും വന്ന്
ആ മരം മുറിക്കാത്തിടത്തോളം
ഒരിക്കലും തീരാത്ത രാത്രിയുടെ
വരം വാങ്ങി
ഞങ്ങൾ പ്രണയത്തിന്റെ തോണി നിതാന്തം തുഴയുകയായ്
അത് കണ്ട് കൊതിക്കുന്ന
മറ്റ് മാലാഖമാരെ സമാധാനിപ്പിക്കാൻ
ദൈവം ഒരു കള്ളം പറഞ്ഞു:
“ഈ സ്വർഗ്ഗം തന്നെയാണ്
ഏറ്റവും സത്യമായ
സന്തോഷമെന്നു..”

By ivayana