രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്. ✍
ചുക്കിനിപ്പറമ്പിലെ മാളികയേയും , പിലാക്കോട്ടെയും….,
വെല്ലുന്ന കഥകൾ
പേനത്തുമ്പിൽ വരാൻ ആയിരിക്കുന്നു ന്ന തോന്നലാണ്
എന്നെ കുട്ടപ്പ എന്ന ചിന്തയിൽ
എത്തിച്ചത്.
കൂടാതെ ,
കുട്ടപ്പയുടെ അമ്മ നാരായിണിയിലും…
ഒരു പക്ഷെ , അതിനു പിറകിലേക്കും.
കാലം പിടിച്ചു തള്ളി…
ഈ എഴുത്തിന്.
നാരായണി മുത്തശ്ശി കൈതമുക്കിലെ
വലിയ തറവാടായ
മാണിക്ക്യപ്പാടത്തെ ആണെന്ന് പറയുമ്പോൾ എന്റെ പേനക്ക് സന്തോഷം.
കുറേ എഴുതാലോ തമ്പുരാട്ടി തറവാട്ടമ്മയെക്കുറിച്ച്.
മാണിക്യപ്പാടം ന്നുള്ള നാട്ടിനെക്കുറിച്ചു.
കുറേ കാലം ഒന്നൂടി പിന്നോട്ട് പോയാൽ കല്യാണപ്പ്രായമായ നാരായണിയെക്കുറിച്ചു.
….വീണ്ടും പോയാൽ അവരുടെ ചെറുപ്പത്തിലേക്കു.
മണിക്യപ്പാടത്തിലേക്കു ഞാൻ വളരെ കുട്ടിയിൽ പോവാറുണ്ട്.
നടന്നും , പിൽക്കാലത്തു ബസ്സിലും ഒക്കെ.
പ്രമാണികൾ ഉള്ള നാടാ.
പോയെന്നു പറഞ്ഞാലേ കേമത്താ.
ബന്ധുവീട്ടിൽ
ഒന്നു…രണ്ടു രാത്രി തങ്ങിയാൽ
ബഹുകേമത്തം.
നല്ല അസ്സല് പഴുത്ത നേന്ത്രപ്പഴം പുതു മണ്ണിൽ വിളഞ്ഞത് എന്നെ
അവർ തീൻന്മേശയിലേക്ക് വിളിച്ചു തരും.
കുറച്ചൊക്കെ വട്ടിയിലാ ക്കി കാര്യസ്ഥൻ വഴി വീട്ടിലേക്കും…,
…..”മഹിമയുള്ള സ്ഥലത്തെ മഹാൻമ്മാ ർ”…
ഞാൻ അവരെ അങ്ങിനെ വിളിക്കും.
“അതിഥി ദേവോ ഭവ: “
അവർക്കൊക്കെ വേണ്ടി ഉണ്ടാക്കിയ വാക്കാ.
ചെറുവരബോടിലെ ഉണിത്തിരി അമ്പലത്തേക്കാൾ വലിയ മരപ്പണിയിൽ കരവിരുതുള്ള , അമ്പലങ്ങളുണ്ട്
മാണിക്യപ്പാടത്ത്.
അങ്ങനെ കണ്ടു നിന്നിട്ടുണ്ട്… ആ വലുപ്പം.
തച്ചുശാത്രം വിരിഞ്ഞത് അവിടെയല്ലേ… ന്നു തോന്നിപ്പോവും.
അവിടെ തന്നെ.
അത് വെല്ലാൻ
ദൂരെ ഉള്ള തൃശ്ശിവപ്പേരൂരുണ്ട്…
….ന്നുള്ള
ഒരു ഭീഷണി മാത്രം.
അത് തെക്കോട്ടല്ലേ അതൊരു സമാധാനവും… ഏറെ ചിന്തിച്ചാൽ ആ ഉത്തരം പിന്നാലെ വരും.
ഇവിടെ തച്ചമ്മാർക്ക് പണിക്കു ക്ഷാമമില്ല.
തിരിഞ്ഞാ…മറിഞ്ഞാ പണിയന്നെ.
കൊല്ലത്തോട് കൊല്ലം.
നല്ല അസ്സല് മരപ്പണിക്കാരുടെ നാട് കൂടിയാ മാണ്ണിക്യപ്പാടം.
ശ്ശി… പേര് കുറ്റിയടിച്ചിട്ടുണ്ട് വീട് പണിയാൻ ,
അവിടുത്തെ
തച്ചൻമ്മാരെക്കൊണ്ട്.
മൂത്താശ്ശാരിമ്മാരെ കൊണ്ട്.
കണക്കും ,
അളവും ,
ആവരുടെ തെളിഞ്ഞ ബുദ്ധിയിൽ വന്നപ്പോൾ
കുറേ കൊട്ടാരങ്ങൾ ഉണ്ടായി ചെറുവരബോടി ലൊക്കെ.
കുറച്ചൊക്കെ
ചുക്കിനിപ്പറമ്പിലും.
ദുബായിപ്പണത്തിൽ അവരൊക്കെ പണിതു കൂട്ടി.
ഭ്രമിപ്പിച്ചു നാട്ടാരെ..
കടഞ്ഞ വാതിലുകൾ… ഒരഴകായി അന്നൊക്കെ.
രാജ്യം ദുബായ് ആയി മാറിപ്പോയത് അവരെക്കൊണ്ടാ..
ഈ പുതുപ്പണക്കാരെക്കൊണ്ട്.
ദുബായ് ഷേക്ക് പോലും അവരെ നമിക്കും , ഈ പുതുക്കപ്പണക്കാരേ.
ഉളി കൊണ്ടു ഒരു സംസ്ക്കാരം തീർത്തു പറയേച്ചാ…മണിക്യപ്പാടത്തെ തച്ചൻമ്മാർ.
കടഞ്ഞെടുത്ത വാതിലുകൾ ,
കട്ടിളകൾ ,
മച്ചിലെ ,
ഉമ്മറത്തെ
മരപ്പണിയിലെ കരവിരുതുകൾ ,
ദൈവപ്പുരകൾ ,
മണിയറകളിലെ തട്ടുകൾ ,
കൊത്തിയാടിയ ചപ്പ്രമഞ്ചക്കട്ടിലുകൾ ,
കോണിയിലെ…,
പിരിയൻ
കോവണിയിലെ
കൈവിരുതുകൾ.
….എന്തിനു പറേണു… പണിക്കു ഉത്തരത്തിൽ കേറാൻ ഉള്ള
ഒരു കുതിര ഉണ്ടാക്കിയാലും മാണിക്യപ്പാടത്തെ തച്ചൻമാർ ഉളിയാടി അതിൽ അവരുടെ മേന്മ പറയും.
പതിക്കും.
പശുക്കൾക്കുള്ള തൊഴുത്തു പണിയലിലും ,
അതിലും ഒരു കരവിരുത് കാണാം.
ഉളി അനുസരിക്കും അവർ പറഞ്ഞതൊക്കെ.
ഉളി പായും അവർ പറഞ്ഞ വഴിയേ.
മരം മയങ്ങും അവരുടെ മുന്നിൽ.
പിന്നെ മരം അവരുടെ വഴിയേ.
കാശും , പേരും ഉണ്ടാക്കി
തച്ചൻമ്മാർ.
ചിലരൊക്കെ കൂടുതൽ കാശു കിട്ടാൻ
ഊരു ചുറ്റി.
കോവയിലും , മധുരയിലും ,
മറ്റും പോയി
മാണിക്ക്യപ്പാടത്തിന്റെ പണം വരവ് കൂട്ടി.
ഇതിനൊക്കെ
കൊമ്പുകോർക്കാൻ ഉള്ള തച്ചാൻമാർ
അടുത്തില്ലേലും ,
ദൂരെ ഉണ്ട്.
ഞാൻ നേരത്തെ പറഞ്ഞ ചേർപ്പിലും , കണിമംഗലത്തൊക്കെ.
അവരൊന്നും ,
ഇവരെ പോലെ
വരില്ലന്നുള്ളതു വേറൊരു സത്യം.
തച്ചുശാസ്ത്ര മേൽക്കോയ്മ ഉള്ള അയ്യപ്പൻ
അമ്പലങ്ങളും ,
ദേവീ ക്ഷേത്രങ്ങളും അങ്ങനെ
പ്രൌഡിയോടെ നിന്നു മാണിക്യപ്പാടത്ത്.
തൊഴാൻ അകലെയുള്ള ദേശത്തെ പെണ്ണുങ്ങളും , ആണുങ്ങളും കൂട്ടം കൂട്ടമായി വരാറുണ്ട്.
മണിക്യപ്പാടത്തിന്റെ ഒരു ഭാഗ്യേ…
അവിടെ ഉള്ള മാണിക്യത്തറവാടി ന്റെയും.
കല്യാണപ്പ്രായമെത്തിയ കുട്ടികൾക്ക് മംഗല്യം വരാൻ പ്രത്യെക ക്ഷേത്രങ്ങളുണ്ട്.
അവിടൊക്കെ മംഗല്യ പൂജകളുണ്ട്.
വഴിവാടുകളുണ്ട്.
കേട്ടുകേൾവി ഉള്ള ദീപാരാധനകളുണ്ട്.
അയ്യപ്പ പ്രീതിയുണ്ട്.
പിന്നെ ,
എന്താ ഇല്ല്യാത്തത്.
കുറച്ചു “വെയിലിന്റെ” കുറവുണ്ട്.
ചിറാപ്പുന്ജിയാ അവിടം.
എപ്പഴും മഴയാ മാണിക്യപ്പാടത്തു.
ഒരു കുളിരുണ്ട് അവിടൊക്കെ.
സഹിക്കാൻപറ്റാത്ത മരം കോച്ചും കുളിര്.
മരങ്ങൾക്കൊക്കെ ഏതു കാലത്തും പൂവിടാം , കായ്ക്കാം..
തെങ്ങ് ,
അടക്ക ,
പന ,
ഈറംപന ,
ഒക്കെ സമൃദ്ധി.
കിളികൾ കൂടു കൂട്ടുന്ന മരസമൃധി.
മരംകൊത്തികളും ,
ചീവീടും ,
കൂമൻ വരെ ഉള്ള ജന്മങ്ങൾ ഉള്ള നാട്.
നെല്ലിലെ മൂന്ന് വിള അവിടയെ ഉള്ളൂ.
പാൽ ചുരത്തുന്ന
പൂവിട്ട നെൽക്കതിർ വലിച്ചു എത്രയോ കുടിച്ചിട്ടുണ്ട്.
പൂത്ത പാടവരമ്പിലൂടെ നടക്കുമ്പോൾ ഒരു രസം.
ആരും കാണാതെ ട്ടൊ.
മാണിക്യപ്പാടത്തു
പോവുമ്പോൾ ഞാൻ മഴെത്തൊക്കെ
കുട ഒരു അവയവമായി
കൊണ്ടു നടന്നിട്ടുണ്ട്.
പാടത്തുകൂടെ
നടക്കുമ്പോൾ ,
കിഴക്കൻ മഴ
ചെരിഞ്ഞു പെയ്യും.
നമ്മളോട് കുറേ വൈരാഗ്യം ഉള്ള പോലെ.
ഒരോ തുള്ളിയും ഒരു ചെറിയ കല്ലിന്റെ വലുപ്പം വരും.
ആ പളുങ്കു മണി സ്ഫടികം
മുഖത്ത്
കൊള്ളുമ്പോൾ
സൂചി കുത്തുന്നത് പോലെ ഉണ്ടാവും.
എങ്ങനെ ഇവടെ ഉള്ളവർ ഇതു സഹിക്കുന്നു…?!
ലോഹ മുഖച്ചട്ട ഇട്ടാണോ…
അവിടെ ഉള്ളവരുടെ മുഖം ഇതൊക്കെ വീണു തഴമ്പിച്ചിരിക്കും…
ല്ല പിന്നെ..
…..ഞാൻ നിരീക്കും.
മഴ ചെരിഞ്ഞു പെയ്യുന്നത് അവിടെയുള്ള
ഭഗൊതിയോടുള്ള
തല കുനിക്കലാത്രെ.
കൂടെ അവിടെ ഉള്ള രണ്ടു കുട്ട്യോൾ അങ്ങോട്ട്
പോവുമ്പോൾ പറയാറുണ്ട്.
ന്നി…ക്കറിയാം അതൊക്കെ
നുണെണന്നു.
പിള്ളേര് പലതും പറഞ്ഞു പറ്റിക്കും.
ഇത്തിരി വാല് കൂടുതലാ ,
മാണിക്യപ്പാടത്തുള്ള കുട്ട്യോൾക്ക്.
ഞാൻ ചുക്കിപ്പറമ്പ് ന്നു പറഞ്ഞാ ഒന്നൂടി ഇളക്കും അവർ മനുഷ്യനെ.
വല്ലാത്ത കുട്ട്യോള്…?!
വെച്ചിട്ടുണ്ട്…അവർക്കു.
അന്നൊക്കെ വിചാരിക്കും.
….ഒരു വമ്പത്തം ,
…. തോന്നിയിട്ടുണ്ട് അവരുടെ നടപ്പിലും ,
ഇരുപ്പിലും.
ആയിക്കോട്ടെ വെക്കും പലപ്പോഴും.
അവരുടെ വിജയമല്ലേ…
വിജയിച്ചോട്ടെ.
ഏതായാലും എന്റെ വിജയം അടുത്തല്ല… ന്നും നിരീക്കും.
കുറേ തടസങ്ങൾ…
ഓലയിലുണ്ട്.
ഓലക്കു സത്യം ഉണ്ടേൽ…
ചിലതൊക്കെ നടക്കും.
ആ രാജ്യത്തു
മഴേത്തു പാടത്തിനു നടു വരമ്പിലൂടെ നടക്കുമ്പോൾ
കുട ചെരിച്ചു പിടിച്ചില്ലേൽ കുട , കുടയുടെ വഴിക്കു പോവും.
ഏതു കാലത്തും , മാണിക്യപ്പാടം പോയി വന്നാൽ
കുട
നേരാക്കൽ പതിവാവും.
ഞാനും ,
അവിടെ ഒക്കെ പോയുള്ള വീടുകളിലും.
കുടക്കൊപ്പം ,
കൂടെ കേടായാ ,
വാർ അറ്റ ചെരുപ്പും മാണിക്യപ്പാടത്തിൽപ്പോയ വരവറിയിക്കും.
ചെളിയിലും ,
വരമ്പിലെ ,
വഴിയിലെ ,
പൂന്തലിലും ,
പെട്ടു ചെരുപ്പ്
ഒരു വഴിക്കായിട്ടുണ്ടാവും.
മഴ കനത്താൽ നഷ്ടം കൂടും.
പുതിയ ചെരുപ്പ് വീട്ടിൽ ബജറ്റിൽ പെടില്ലങ്കിൽ
അറ്റകുറ്റപ്പണിക്ക് ഞാൻ വേലായുധനടുത്തെത്തും.
എന്നെ കണ്ട ഉടൻ വേലായുധൻ ചോദിക്കും…
….’കുട്ട്യേ , മാണിക്യപ്പാടത്തു എന്ന് പോയി ന്നു…
അകത്തമ്മ നാരായണിത്തമ്പുരാട്ടിക്ക് സുഖോണോ’… ന്നു..,
വേലായുധനു എന്തൊക്കെ അറിയണം…?!
ഇതിനൊക്കെ മറുപടി കൊടുത്തു വേലായുധനു മുന്നിൽ
അംഗവൈകല്യമുള്ള കുടയും , ചെരുപ്പും സമർപ്പിക്കും.
വേഗം വേണോട്ടോ ന്ന തീർപ്പും ഞാൻ പറയും.
….’കണ്ടില്ലേ കുട്ടീ… ചെരുപ്പുകളുടെയും , കുടകളുടെയും കൂന..
ഒക്കെ മാണ്ണിക്യപ്പാടത്തു പോയവരയുടെയാ’…
….വേലായുധൻ പ്രൊഫഷണലാവും ,
ഒറ്റ മിനുട്ട് കൊണ്ട്.
സഹിക്കെന്നെ…
നേരാക്കാൻ അറിയില്ലല്ലോ.
അതൂണ്ട്.
കൂലിയായി
കാൽ അണ പറയും രണ്ടും നേരാക്കിയാൽ.
ആക്കാലത്ത് മാണിക്യപ്പാടം പോയാൽ
നഷ്ടം ഉറപ്പ്.
ചില പോക്കു വരവ് ഒഴിച്ചാൽ.
തിരിച്ചു വരുമ്പോൾ ബന്ധുക്കൾ വേലക്കാരുടെ കയ്യിൽ കൊടുത്തയക്കുന്ന
വട്ടി വരവ് ഒഴികെ എല്ലാം നഷ്ട്ടം.
വട്ടിയിലെ പഴം കേടായാൽ ,
ആ
പോക്കും തദൈവ.
തിരിച്ചു
ചുക്കിനിപ്പറമ്പിൽ വന്നാൽ ,
കേടായ കുടയും ,
ചെരുപ്പും ,
നേരാക്കാൻ ഏക മനുഷ്യൻ ,
കോമ്രയിലെ വേലായുധനെ ഉള്ളൂ ന്നുള്ള ധാരണയും
ഉണ്ടാവും.
കുട നേരാക്കലും , ചെരുപ്പ് നേരാക്കലും,
ആയി വേലായുധൻ തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ്
ചെറുവരബോടിലും ,
ചുക്കിനിപ്പറമ്പിലും.
പട്ട വെച്ചു മറച്ച
രണ്ടു തുറന്ന ഷോപ്പുണ്ട് വേലായുധന്…
തെരുവിൽ.
ഓരോന്നിലും ഒരോ നേരം വെച്ചു കേടു തീർക്കും വേലായുധൻ.
മാണിക്യപ്പാടത്തിലേക്കുള്ള ജനങ്ങളുടെ പോക്കു വരവ് ഇല്ലാതായാൽപ്പിന്നെ , വേലായുധൻ ഇല്ല..
വഴി മുട്ടും അവന്റെ ജീവിതം.
ന്നാ… ഭഗോതി സമ്മതിക്കില്ല..
എല്ലാരും മാണിക്യപ്പാടത്തെത്തും.
കേടായ കുടയും ,
ചെരുപ്പുമായി….,
വേലായുധനു മുന്നിലും എത്തും.
ആ ധൈര്യണ്ട് വേലായുധന്.
വയറ്റുപ്പിഴപ്പല്ലേ…
ഈശ്വരാ..
വേലായുധൻ , ദീനത്തിലായാൽ
….ശ്ശി കഷ്ട്ടപ്പെടും
ആ , രണ്ടു നാട്ടിലെ നാട്ടാരും.
പോപ്പിയും ,
ജോണസും
പിന്നെയല്ലേ വന്നത്.
അത് വരെ ഓലക്കുട.
ഇത്തിരി മേലാളർക്കു ശീലക്കുട.
ഞാൻ രണ്ടും പിടിച്ചു.
കാലം പിടിപ്പിച്ചു.
മാണിക്യപ്പാടം ക്ഷയിച്ചപ്പൊ
മനസ്സ് നീറി
ഓർക്കാറുമുണ്ട്.
എത്ര വലിയ നാടായിരുന്നു , ജന്മികളായിരുന്നു അവരൊക്കെ.
ആ പാടങ്ങളും , മലകളും , അവരുടേയാ.
ഞാൻ അവിടൊക്കെ പോകുമ്പോൾ എന്നോട് തന്നെ പറയും.
വലുതിനോട് എന്നും എനിക്ക് ഭ്രമൂണ്ട് … അത് ജീവിതത്തിൽ കൂടെക്കൂടിയ ഒരു ഇതു.
അത്രേ അതിനെ പറയാൻ പറ്റു.
ച്ചാൽ…ചെറുത് ശ്രദ്ധിക്കാതെ ഇരിക്കില്ല…
അതിലും ഒരു
നോട്ടമിടും..
അതും കാര്യായി എടുക്കാലോ ന്ന ചിന്ത.
ഭാഗൊതിക്കാവിൽ ഉത്സവത്തിനു കോമരങ്ങൾ തുള്ളു ന്നതും ,
ചിലും , ചിലും… ന്നു ശബ്ദിക്കുന്ന കാൽത്തളയിലെ ചിലമ്പും ,
അന്നൊക്കെ ആദ്യായി കാണുന്നത് മാണിക്യപ്പാടത്തു വച്ചാ.
ഉത്സവത്തിനു വെളിച്ചപ്പാടുകൾ തുള്ളുന്നത് കാണാൻ അമ്പലപ്പറമ്പിൽ മുന്നിൽ നിൽക്കും.
ചുവന്ന ചേലയൊക്കെ അണിഞ്ഞു
അവിടെ അവർ മുറ്റത്ത് ഉറഞ്ഞു തുള്ളും.
ആവേശത്തിൽ
തുള്ളി
അമ്പലം
വലം വെക്കലും ഉണ്ടാവും.
ഇടയ്ക്കു നെറ്റിയിൽ വാള് കൊണ്ട് ഒന്നു വെട്ടും…
വെട്ടിന്റെ ശക്തിയിൽ രക്തം ചിതറി നെറ്റിയിലൂടെ ഒഴുകും.
ദേഹം രോമാഞ്ചത്തിൽ ആറാടും.
വേദനിക്കില്ലേ ഇവർക്ക്…?
എവിടുന്നാ ഇവർക്ക് ഇത്ര ശക്തി കിട്ടുന്നത്…,?
“അത്രയ്ക്ക് ശക്തിയാ അവർക്കു.
ചിലമ്പണിഞ്ഞാൽ..
വാളെടുത്താൽ..
ഭഗോതിയുടെ പ്രവേശാ അവരുടെ ഉടലിൽ.
…. മാണിക്യപ്പാടത്തെ നാരായണി മുത്തശ്ശി എനിക്ക് ഉത്തരം തരും.
വാളുംമ്പിൽ പണം വെക്കാൻ ഞാൻ തിരക്കിൽ മത്സരിക്കും.
ഒറ്റ രൂപാ നാണയം വെച്ചാൽ ,
ഒരു നുള്ള് ഭസ്മം
എന്റെ നെറ്റിയിൽ വെളിച്ചപ്പാട് തൊട്ടു തരും.
ഭസംമം എന്റെ നെറ്റിയിൽ… അതിന്റെ ഒരു മണവും ,ഒക്കെ കുറേ നേരം തങ്ങി നിൽക്കും.
വിറയുള്ള വാള് പിടിച്ച കൈകൾക്കു നല്ല ഉശിരാ…,
ഭാഗോതിയെ ധ്യാനിച്ചു ഞാൻ ആ കാൽക്കൽ വീഴും.
അപ്പോഴേക്കും മണി പണ്ട്രണ്ടു കഴിയും.
കാവ് തീണ്ടൽ സമയം കഴിഞ്ഞിരിക്കും.
ഉത്സവത്തിന് പരിസമാപ്ത്തി.
കൂടെക്കൂടെയുള്ള
സന്നർശനത്തിൽ ഞാൻ ഒന്നു മനസ്സിലാക്കി…,
മാണിക്യപ്പാടത്തു
കുറേ കഥകൾ ഉറങ്ങിക്കിടപ്പുണ്ട് ന്നു…
കൂടെ ,
നാരായണി മുത്തശ്ശി എനിക്കതൊക്കെ പറഞ്ഞു തരൂന്നും…
വേഗം അടുത്ത യാത്രക്കുള്ള
കോപ്പുകൾ ഞാൻ ഒരുക്കി…
ഒരു തരത്തിൽ പറഞ്ഞാൽ…,
പ്രതീക്ഷയല്ലേ ജീവിതം.