രചന : യൂസഫ് ഇരിങ്ങൽ✍

എല്ലാ വഴികളും
എന്നെങ്കിലുമൊരിക്കൽ
കാടു കയറി
കാല്പാടുകൾ മാഞ്ഞു പോവും
നിന്നിലേക്കുള്ള വഴി മാത്രം
ഒറ്റയടിപ്പാതയായി
തെളിഞ്ഞു കാണും.
എല്ലാ വേനലിലും
നിന്റെ ഓർമ്മകളുടെ
നട്ടുച്ചവെയിലേറ്റ്
ഉള്ളു പൊള്ളും
നീ വരുമെങ്കിൽ മാത്രം
മുറിവുകളിൽ
ചുംബിച്ചൊരു തണുത്ത കാറ്റ്
തഴുകി തലോടി കടന്നു പോകും
എല്ലാ മഴക്കാലവും
പെയ്തൊഴിയാൻ
വിങ്ങി നിൽക്കുന്നൊരു
സന്ധ്യാ മേഘമാണെന്ന് തോന്നും
നീ വരുമ്പോൾ മാത്രം
നിർത്താതെ പരിഭവം പറയുന്നൊരു
തോരാ മഴ നേരമാവും
എല്ലാ പുലരികളും
മറവിയുടെ
കരിമ്പടം മാറ്റാൻ മടിച്ചു
വിറങ്ങലിച്ചു കിടക്കും
നീ വന്നുണർത്തുമ്പോൾ മാത്രം
എല്ലാ ജാലകങ്ങളും
അതിവേഗം വെയിൽ
നാളങ്ങളെ ആർത്തിയോടെ
വാരിപ്പുണരും
എല്ലാ തീരവും
നനഞ്ഞ കാല്പാടുകൾ
അതിവേഗം മായ്ച്ചു കളയും
നിന്റെ ഓർമ്മകൾ മാത്രം
തിരമാലകളായ്
പിന്നെയും പിന്നെയും
ആർത്തിരമ്പി വരും
എല്ലാ വേദനകളും
നെഞ്ചിലെ നേരിപ്പൊടിൽ
എരിഞ്ഞെരിഞ്ഞൊടുങ്ങും
നീ തന്ന മുറിവ് മാത്രം
നെടുവീർപ്പായ് തേങ്ങിപ്പോവും.

യൂസഫ് ഇരിങ്ങൽ

By ivayana