രചന : വിദ്യാ രാജീവ്✍

കരിയില പോൽ കാറ്റിൽ പാറി
നടക്കുന്നു, ഞാൻ,വ്യർത്ഥം ജന്മം .
അനാഥമായിട്ടലയുന്നൊരുവൻ.
ലക്ഷ്യമേതൊന്നും തിരിയുന്നില്ല.

വിടരും മുന്നേ ശിഥിലമായെൻ
മനോവാഞ്ഛകളെങ്ങോ
മറഞ്ഞു നിൽക്കുന്നു.
ജന്മഭൂമിയിലെ തിക്ത അനുഭവങ്ങളെൻ
സഞ്ചാരപഥത്തിൽ ഭയമുളവാക്കീടവേ.

പൊഴിഞ്ഞു വീണുപോകുന്നീ മണ്ണിൽ
ജീവിതമൂല്യങ്ങളൊക്കെയും തിരികെയെത്തി
ചേരുവാൻ കഴിയാതെ അകലെയാണിന്നു
സ്നേഹബന്ധങ്ങൾ.

ഇളങ്കാറ്റിൽ പച്ചിലചാർത്തിൽ
നിന്നുമുതിർന്നു വീണ പഴുത്തില,
വാർദ്ധക്യത്തിന്റെ കയ്യിൽ വീണ
മാറാരോഗിയായ ഞാൻ.

ഇനി വേണ്ടതു നിർവ്വാണം,
ഇഹലോകത്തിലെ മോചനം !
അതിനീശന്റെപാദത്തിൽ
മനസ്സർപ്പിച്ചിരിപ്പൂ, ഞാൻ !

വിദ്യാ രാജീവ്

By ivayana