രചന : സിന്ധുഭദ്ര✍
ഇത്രമേൽ കയ്പുള്ള
കാഞ്ഞിരമരത്തിന്റെ
ചുവട്ടിലിരിക്കുമ്പോഴും
അത്രമേൽ മധുരമുള്ള
ഓർമ്മകളാണുള്ളിൽ
നിറയുന്നതൊക്കെയും…
നിന്നിലെമുള്ളുകളറിയാതെ
വാരി പുണർന്നപ്പോൾ
പൊടിഞ്ഞു വീണതെല്ലാം
എന്റെ ഹൃദയ ചുവപ്പിന്റെ
ചുടുചോരത്തുള്ളികളായിരുന്നു
കയ്പറിയാതെ നുകർന്നതെല്ലാം
നിന്റെ പ്രണയത്തിന്റെ
ചില്ലകളിൽ പൂത്തുലഞ്ഞ
പുറമെ മധുരം പൂശിയ
നിറമാർന്ന കനികളായിരുന്നു
സ്വർണ്ണവർണ്ണമാർന്ന ഫലങ്ങളും
തിക്തരസമാർന്ന ദലങ്ങളും
ഉള്ളിൽ ഗരമായ് പടർന്ന്
കണ്ണിലൊരു നനവായ് നെഞ്ചിലുണ്ടിപ്പഴും
ഔഷധമേറും നിന്റെ വിത്തിൽ
മുറിവുണങ്ങിയ ഹൃദയത്തിന്റെ
തിക്തമേറും നോവു മറന്നിടാൻ
കാഞ്ഞിരക്കുരുതേടി വന്നതാണിച്ചുവട്ടിൽ