അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഇന്തോ-അമേരിക്കന്‍ വംശജരെ നേരിട്ട് ബാധിക്കുന്ന കാര്യമാണിത്. 60 ദിവസത്തേക്കാണ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ യുഎസ്സില്‍ നിയമപരമായി സ്ഥിരം താമസം എന്ന ഇന്ത്യക്കാരുടെ മോഹത്തിന് വലിയ തിരിച്ചടിയാവും. കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം വരെ അവതാളത്തിലായ സാഹചര്യത്തിലാണ് ട്രംപിന്റെ തീരുമാനം.
കമ്പനികളില്‍ ജോലി ചെയ്യണമെങ്കില്‍ ഇത്തരം ഗ്രീന്‍ കാര്‍ഡുകള്‍ അവര്‍ അനുവദിക്കുകയും, അതിന് സര്‍ക്കാരിന്റെ അനുമതി രേഖപ്പെടുത്തുകയും വേണം. അല്ലാത്ത പക്ഷം യുഎസ്സില്‍ ജോലി ചെയ്യുന്ന നിരവധി പേരെ ഇത് ബാധിക്കും. വിസാ കാലാവധി അവസാനിച്ചാല്‍ ഇവര്‍ക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഒരിക്കല്‍ മടങ്ങിയാല്‍ പിന്നീട് യുഎസ്സില്‍ ജോലി കാര്യവുമായി ബന്ധപ്പെട്ട് തിരിച്ചെത്തുക അസാധ്യമാണ്. അതുകൊണ്ട് വിസാ കാലാവധി അടക്കം നീട്ടുന്നതിന് ട്രംപിന് മേല്‍ സമ്മര്‍ദമുണ്ടാവും. നേരത്തെ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ തന്നെ വിസാ കാലാവധി നീട്ടണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം താല്‍ക്കാലിക കാര്യങ്ങള്‍ക്കായി യുഎസ്സില്‍ എത്തുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു. നോണ്‍ ഇമ്രിഗെന്റ് വര്‍ക്ക് വിസയായ എച്ച് 1ബി ഉള്ളവരെ ട്രംപിന്റെ പ്രഖ്യാപനം ബാധിക്കില്ലെന്നാണ് വിദ്ഗദര്‍ പറയുന്നത്. ഫോറിന്‍ ടെക്‌നോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നവരായിരിക്കും ഇവരില്‍ കൂടുതല്‍. നേരത്തെ എച്ച് 1ബി വിസാ കാലാവധി പുതുക്കാന്‍ ട്രംപിനോട് ഇന്ത്യ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിസകളുള്ള നിരവധി ഇന്ത്യക്കാര്‍ യുഎസ്സിലുണ്ട്. കാര്‍ഷിക ആവശ്യത്തിനായി എത്തുന്ന കുടിയേറ്റ തൊഴിലാളികളെയും ട്രംപിന്റെ പ്രഖ്യാപനം ബാധിക്കാന്‍ ഇടയില്ല. എന്നാല്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരെ ഇത് ബാധിക്കുമെന്ന് ഉറപ്പാണ്.
നിരവധി പേര്‍ ഈ മാസമോ അടുത്ത മാസമോ ആയി ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഈ നടപടി ഇനിയും നീളാനാണ് സാധ്യത.