രചന : സുരേഷ് പൊൻകുന്നം✍
പകലിപ്പോൾ പകലിൽ
കണ്ണടക്കാറേയില്ല
പതിവുള്ളയുച്ചയുറക്കം പോലും
ഉപേക്ഷിച്ചിരിക്കുന്നു
ഒരു ഭയം പകലിനെ
പിടികൂടിയിരിക്കുന്നു
പതിവുള്ള ചെറുകാറ്റുകൾ
പോലും വരാൻ മടിക്കുന്നു
പണ്ട് നിർഭയം പടി കടന്നെത്തുന്ന
മാർജ്ജാരനുമൊന്ന്
പരുങ്ങുന്നുണ്ട്
പാൽക്കാരൻ പപ്പുണ്ണിയിന്നലെ
പകലറുതിയായപ്പോൾ
ഒരു മുഴം പാശത്തിലൊടുങ്ങി
അവന്റെ പശുവിന്റകിട്
കൊഴിഞ്ഞു വീണിരിക്കുന്നു
തണൽ തേടിയെത്തിയിരുന്ന
പക്ഷികൾ മൗനഭജനത്തിലാണിപ്പോൾ
എന്തിനുമേതിനുമെപ്പോഴും
പ്രതികരിക്കുന്ന നായ്ക്കുട്ടി
മുൻകാലുകൾ മുന്നോട്ട് നീട്ടി
മുഖം മുത്തിയിരിക്കുന്നു
ഒരു ചെറുശബ്ദം പോലുമവനെ
ഭയപ്പെടുത്തുന്നു
വാളുകൾ രാകിമൂർച്ച കൂട്ടുന്ന
ശബ്ദം അന്തരീക്ഷത്തിലിടയ്ക്കിടെ
കേൾക്കാം
കളിചിരികളൊഴിഞ്ഞ ഗ്രാമപാതകൾ
കവലയിലെന്നും കവിതചൊല്ലുന്ന
കവിയുടെ അപകടമരണത്തിന്റെ
കാരണങ്ങളാരുമന്വേഷിക്കുന്നില്ല
കവിയുടെ കാമുകി കരചരണങ്ങളറ്റ്
കനാൽച്ചിറയിൽ കമിഴ്ന്നു കിടക്കുന്നു
ഗ്രാമം ഇപ്പോൾ അതിന്റെ
പുറത്തേക്കുള്ള വാതായനത്തിന്റെ
സാക്ഷ നീക്കാറില്ല
അതു പോലെ വീടുകളും മനസ്സുകളും
ഒരൊറ്റപ്പുള്ള് മാത്രം പറക്കുന്നുണ്ട്
ഭയം ഗ്രസിക്കുന്ന കാലം
വിദൂരമല്ലെന്ന് അത് ചിലച്ചു പറക്കുന്നു
ചിലർ മനസ്സിലൊരു കുഴികുത്തി
അതിലൊളിച്ചിരിക്കാൻ ശ്രമിക്കുന്നു
ചിലർ പഴമ്പുരാണങ്ങളിൽ
പൊരുൾ തേടിയലയുന്നു
ചിലർ പോയതലമുറ അണിഞ്ഞ
അടിമത്തോൽ കുപ്പായങ്ങൾ
പൊടിതട്ടിയെടുക്കുന്നു
ചുമർവിടവുകളിലൂടെ ഒറ്റകണ്ണുകൾ
കാഴ്ചകൾ പായിക്കുന്നുണ്ട്
ഒരൊറ്റപ്പെട്ട തെരുനായയെ എല്ലാവരും
പ്രതീക്ഷിക്കുന്നു,
ഒരു കുര ഉയരുമോ?