രചന : അൽഫോൻസ മാർഗരറ്റ് ✍

ബസ്സിൽ നിന്നും അയാൾ ഇറങ്ങി ഒരു നിമിഷം പകച്ചു നിന്നു……
പാലച്ചുവട് എന്നു മാത്രം ഓർമ്മയുണ്ട്. ഇരുപത്തിയഞ്ചു വർഷങ്ങൾ….
എന്തൊരു മാറ്റം…!! വെറും മൺ പാത ഇന്ന് ബസ്സ്
റൂട്ടുള്ള ,ടാറിട്ട റോഡായി മാറിയിരിക്കുന്നു…
അടുത്തു തന്നെ ഓട്ടോറിക്ഷാ സ്റ്റാൻറ് .ഒന്നും ആലോചിക്കാൻ നിൽക്കാതെ ഓട്ടോയിൽ കയറിയിരുന്നു.താമരശ്ശേരി ബംഗ്ളാവ് ഓട്ടോക്കാരനു സ്ഥലം പറഞ്ഞുകൊടുത്തു….
ഓട്ടൊ ഒരു പഴയ ഇരുനില വീടിൻെറ മുമ്പില്‍ നിന്നു.
അയാൾ ഓട്ടോയിൽ നിന്നിറങ്ങി. ആകെയൊന്നു കണ്ണോടിച്ചു.മുറ്റും നിറയെ പുല്ല് പിടിച്ചു കാടു കയറിയിരിക്കുന്നു…
പണ്ട് നെല്ലും നാളികേരവും … വൈയ്കോലും നിറഞ്ഞിരുന്ന വിശാലമായ മുറ്റമായിരുന്നു.
ഓട്ടോക്കാരനു കൂലി കൊടുക്കുമ്പോൾ അയാളെ ആ ഓട്ടോക്കാരൻ സൂക്ഷിച്ചു നോക്കി. അയാൾ ഓട്ടോക്കാരനോടു പേരു ചോദിച്ചു ,
ശിവൻ ,ശിവൻകുട്ടി.
ഓട്ടോക്കാരൻ പേരുപറഞ്ഞു…
ഒരു നിമിഷം മനസ്സൊന്നു തുടിച്ചു.തൻെറ കളിക്കൂട്ടുകാരൻ…ചാലക്കലെ രാഘവേട്ടൻെറ മകൻ…
ശിവനെ പോലെ തന്നെ ഇഷ്ടമായിരുന്നു രാഘവേട്ടന് തന്നെയും. വിശേഷങ്ങൾ ചോദിക്കണമെന്നണ്ടായിരുന്നു ,രാഘവേട്ടനെ കുറിച്ച്…. വേണ്ട ..
അയാൾ ഉദ്ദേശിച്ച ആൾ തന്നെ.
എങ്കിലും അയാൾ പറഞ്ഞില്ല . താനാരാണെന്ന്…
ആ ഇരുനില വീടിൻെറമുറ്റത്തുള്ള മാവ് അന്നത്തേതിലും നല്ല വണ്ണം ഉണ്ട്.
ഒരു പത്തു വയസ്സുകാരൻ ആ മാവിൽ കെട്ടിയിട്ട നിലയിൽ …
ഒരു നിമിഷം ആ രംഗങ്ങൾ അയാളുടെ ഓർമ്മയിൽ ഓടിയെത്തി.
ആരാ…..
അയാൾ ശബ്ദം കേട്ട് നോക്കി.
കേശവമ്മാവൻ….!
പാവം. എത്ര മാറിയിരിക്കുന്നു..
ഞാൻ…. ഞാൻ…
അയാൾ ഒന്നു സംശയിച്ചു. പിന്നെ പറഞ്ഞു. പാറുവമ്മയുടെ മകൻ മാധവൻെറ ഫ്രണ്ട് ആണു ഞാൻ. ഇവിടെ അടുത്തു വരെ വന്നപ്പോൾ ഒന്നു കയറിയതാണ്. അവൻ അമ്മയെ കുറിച്ചു എപ്പോഴും പറയും….
മാധവൻെറ അമ്മയെ ഒന്നു കാണാല്ലോ എന്നു കരുതി..
പെട്ടന്നു ആ വൃദ്ധസ്വരം ഒന്നിടറിയോ…..!!
അദ്ദേഹം ചോദിച്ചു.. താൻ മാധവൻെറ ഫ്രണ്ട് ആണോ….അവൻ എവിടെയാണ് ..
അയാൾ വിക്കി വിക്കി പറഞ്ഞു…
മുംബൈയിൽ ആണ്. മാധവൻെറ അമ്മയെവിടെ….
കേശവമ്മാവൻ പറഞ്ഞു…
ഇരിക്കൂ…..
അയാൾ മടിച്ചുമടിച്ചു ഇരുന്നു ….
ഹൃദയമിടിപ്പിനു വേഗത കൂടിയോ …..
കേശവമ്മാൻ പറഞ്ഞു . എൻെറ സഹോദരിയാണ്. തീരെ വയ്യാതെ തളർന്നുപോയപ്പോൾചിലരെല്ലാം കൂടി അവളെ ഒരു വൃദ്ധ സദനത്തിലാക്കി.
ഇവിടാരും ഇല്ലാല്ലോ അതിനെ ശുശ്രൂഷിക്കാൻ …. ആ വൃദ്ധന്റെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
മരിക്കണതുവരെ അവള് മാധവനെ ചോദിച്ചിരുന്നൂത്രേ ….
പാവം ന്റെ കുട്ടി എവിടാന്നറീല്ല്യാല്ലോ ഒന്നറീക്കാൻ ….
ന്നാലും ….
ആ കുട്ടി അവന്റമ്മേ ഒന്നോർത്തില്ലാല്ലോ ….
കഴിഞ്ഞ ആഴ്ചയില്‍ അവൾ പോയി…
ആ വൃദ്ധ നേത്രങ്ങളിൽ നിന്നും കണ്ണുനീർ ഒഴുകി.
രണ്ടു പേരും കുറച്ചു സമയം മൗനമായിരുന്നു…
അയാളുടെ കണ്ണുകള്‍ ഈറനണിയുന്നത് കേശവമ്മവൻ കാണാതിരിക്കാൻ അയാൾ താഴേക്കു നോക്കിയിരുന്നു.
ഇത്തിരി വെള്ളം കുടിക്കാൻ തരാൻ ആരും ഇല്ല കട്ടീ ഇവിടെ ….
അയാൾ എഴുന്നേറ്റു പറഞ്ഞു…..
ഓ… അതു സാരല്യ അമ്മാവാ. ഞാൻ ഇറങ്ങുവാ….
അയാൾ പടിയിറങ്ങി പോകുന്നത് ആ വൃദ്ധൻ നോക്കി നിന്നൂ.
നടക്കുമ്പോൾ അയാൾ തിരിഞ്ഞു നോക്കി…
അമ്മാവനു തന്നെ മനസ്സിലായിട്ടുണ്ടാവില്ല… താൻ അമ്മാവൻെറ മനസ്സിൽ ഒരു കള്ളനല്ലേ…. അലമാരയിൽ നിന്നും പണം മോഷ്ടിച്ചു എന്നു പറഞ്ഞല്ലേ മാവിൽ കെട്ടിയിട്ടടിച്ചത്….
അച്ഛനില്ലാത്ത കുട്ടിയല്ലേ തല്ലല്ലേ …ഏട്ടാ …എന്ന .. അമ്മയുടെ കരച്ചിൽ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു….
അയാൾ ബസ് സ്റ്റോപ് ലക്ഷമാക്കി നടന്നു…. ഇനി ഈ നാടു മായി തനിക്കൊരു ബന്ധവും ഇല്ല….
ഒരു ഓട്ടോ എതിരേ വരുന്നതു കണ്ടു. അയാൾ കൈ കാണിച്ചു … പക്ഷേ അതിൽ യാത്രക്കാരുണ്ടായിരുന്നു..
അയാൾ പിന്നെയും നടന്നു… ഇനി ഈ വഴി വരില്ലല്ലോ…….

അൽഫോൻസ മാർഗരറ്റ് .

By ivayana