രചന : ബിനു. ആർ.✍

ആകാശത്തിൽ നിന്ന് നക്ഷത്രങ്ങളും അവയ്ക്കിടയിൽ നിന്നും പൂർണചന്ദ്രനും ചിരിത്തൂകിനിന്നു.
യക്ഷിപ്പാലമരത്തിൽ ആരെയോ കാത്തിരുന്ന രണ്ടു പാലപ്പൂക്കളും കൊഴിഞ്ഞു വീണു. അയാൾ ആ പറമ്പിലൂടെ നടന്നു. ഏകാന്തത മാത്രം കൂട്ടുള്ള, തന്റെ കാർണ്ണവർമാരെ സംസ്കരിച്ചിരിക്കുന്ന, സ്വന്തം പറമ്പിലൂടെ. ഉറങ്ങിക്കിടക്കുന്ന അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ഇടയിലൂടെ.


കൊഴിഞ്ഞുവീണ പാലപ്പൂവിന്റെയെങ്കിലും സുഗന്ധമേറ്റ്, ഇനിയെങ്കിലും ഉണരുമെന്നാശിച്ച ആത്മാക്കളെയും കാത്തു അയാൾക്ക് വിരസത തോന്നി.ഇല്ല ഇനി ഉണരുമെന്നു തോന്നുന്നില്ല.
കഴിഞ്ഞ വെളുത്തവാവിന് അവരോടൊത്തുള്ള രാവ്‌ മറക്കാനാവുന്നില്ല.
വെളുപ്പാങ്കാലമായിരിക്കുന്നു. എത്രയോ വെള്ളിയാഴ്ചകളും ചൊവ്വാഴ്ചകളും പരതിയിരുന്നു. വെറുതെ,ഏകമായ രാത്രികളിൽ അവരെ പരതുക ഒരു സുഖമായിരുന്നു. അങ്ങനെ അവസാന രാത്രിയും കടന്നുപോയി.
നാളെ പകൽ ഈ സ്വർഗഭൂമി വിട്ട് നഗരത്തിൽ അലയുന്നുണ്ടാവും. അല്ലെങ്കിൽ ഏതെങ്കിലും മരച്ചമുറിയിൽ മരച്ചു കിടന്നുറങ്ങുന്നുണ്ടാവും. കരിയിലകളുടെ മുറുകിയ ഒച്ച നടക്കുന്നു എന്നറിയിച്ചു.


പറമ്പിലൂടെ നടന്നയാൾ ഉമ്മറത്തെത്തി. ചാരിയിരുന്ന വാതിൽ തുറന്നകത്തുകടന്നു. എന്നന്നേക്കുമായി അയാൾ സ്വാതന്ത്ര്യത്തോട് യാത്ര ചോദിച്ചു. ആത്മാർത്ഥതയുള്ളവന് നഗരം എന്നുമൊരു കൂച്ചുവിലങ്ങാണ്. ഇടം വലം തിരിയേണ്ടതെങ്ങനെയെന്ന് ശട്ടം കെട്ടുന്ന പാപ്പാന്മാർ. അവിടെ വ്യക്തിത്വം നഷ്ടപ്പെടുന്നു.
അയാൾ കട്ടിലിൽ കയറിക്കിടന്നു. ഉറങ്ങിയതേയില്ല. ഇനിയുള്ള എത്രയോ രാത്രികളിലെ ഉറക്കമില്ലായ്മയുടെ തുടക്കം. മൂളിവന്ന കൊതുകുകളോടായ് യാത്രചോദിച്ചില്ല. മയക്കം കണ്ണുകളെ മൂടാനെത്തി. മയക്കത്തെ നഷ്ടപ്പെടുത്താനെത്തിയ എവിടെ നിന്നോ കൂകിയ പൂവൻ കോഴിയെ അയാൾ ശാസിച്ചു. പുലർകൊഴിയുടെ കൂവൽ.തന്റെ യാത്രയുടെ തുടക്കത്തിന്റെ ശബ്ദം.

സൂര്യൻ മരങ്ങളുടെ ഇടയിൽ നിന്ന് എത്തിനോക്കിയില്ല. കെട്ടിടങ്ങളുടെ മുകളിലൂടെ തലപൊന്തിച്ചു നോക്കിയതേയുള്ളു. മരങ്ങൾ വീടുകളിലെ ചുമർ ചിത്രങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു. കെട്ടിടങ്ങളുടെ നിഴൽ പറ്റിനിന്ന ബസ്സിൽ നിന്നയാൾ ഇറങ്ങി. പാരതന്ത്ര്യത്തിന്റെ, നഗരത്തിലെ, ആദ്യ ചുവടുവയ്പ്പ്.

By ivayana