രചന : സഫി അലി താഹ✍
“അവൻ ശരിയല്ല “പലപ്പോഴും നമ്മൾ ഒരാളെ കുറിച്ച് പറയുന്നതാണിത്. സത്യത്തിൽ ഈ പറയുന്ന നമ്മൾ ശരിയാണോ?
ഓരോ മനുഷ്യരും അവരവരെ വിളിക്കുന്നത് ഞാൻ എന്നാണ്,അവനവനെ വിശേഷിപ്പിക്കാൻ എല്ലാവരും സമ്മതിക്കുന്നതും സാർവ്വത്രികവുമായ അതിനേക്കാൾ മറ്റൊരു വാക്കില്ലതന്നെ .ഒരു പേരിന് പിന്നിൽ മറഞ്ഞിരിക്കുന്ന ‘ഞാൻ ‘വ്യത്യസ്തമാകുന്നത് രൂപംകൊണ്ടോ, സ്വഭാവം കൊണ്ടോ, ജോലിയോ, കുടുംബമോ ഒക്കെ കൊണ്ടായിരിക്കും. എന്നാൽ ഈ ഞാൻ രണ്ട് രീതിയിലാണ് സമൂഹത്തോട് ഇടപെടുന്നത്. മറ്റുള്ളവർക്ക് അറിയുന്ന ഞാനും, അവർക്ക് അറിയാത്ത ഞാനും.
‘അറിയുന്ന ഞാൻ’ സഹോദരനോ സഹോദരിയോ ഭാര്യയോ ഭർത്താവോ ഒക്കെയായിരിക്കും.ഇന്ദ്രിയങ്ങൾ അവിടെ പ്രവർത്തിക്കുന്നത് വളരെ മികച്ച രീതിയിലാകും,ഇങ്ങനെ അടയാളപ്പെടുത്തുന്ന ‘മറ്റുള്ളവർ അറിയുന്ന ഞാൻ ‘സർവ്വോപരി നല്ലവനാണ്/വളാണ്.
‘ആരുമറിയാത്ത ഞാൻ ‘തീർത്തും അവനവൻ തുരുത്തിൽ വസിക്കുന്ന ആളാണ്. അവരുടെ ഉള്ളിൽ ഉരുത്തിരിയുന്ന ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും ഫലമായി ആ ഞാൻ രഹസ്യസങ്കേതങ്ങളിൽ വസിക്കുന്നു.സ്വർത്ഥതയും ക്രൂരതയും പ്രണയവും, മറ്റ് പലതും അവിടെയുണ്ടാകും, കാരണം ആ ഞാൻ എവിടെയും പ്രത്യക്ഷനാകുന്നില്ല, അവർക്ക് ആരോടും കമ്മിറ്റ്മെന്റ് തീരെയില്ല, ഭാവനയുടെ ലോകത്ത് കൂടെ എത്ര വേണേലും അലയാം,സാമൂഹ്യ മര്യാദകൾ ഏറെ അകലെയാണ്.
ഒറ്റയ്ക്ക് ചെയ്യുന്ന കാര്യങ്ങൾക്ക് വ്യക്തമായ പ്ലാനുകൾ പോലും രൂപപ്പെടുത്തും.
പല ഹിഡൻ അജണ്ടകളിലും ‘ആരുമറിയാത്ത ഞാനു’ണ്ടാകും. അവിടെ അവരുടെ ചിന്തകൾ മാത്രമാണ് പെർഫെക്ട്.ആരെയും കുറിച്ച് ചിന്തിക്കില്ല.മറ്റുള്ളവർ അവനെ/ളെ അറിയില്ല എന്ന ഉറച്ചബോധമാണ് അവിടെ നിൽക്കാൻ പ്രേരിപ്പിക്കുന്നതും. അന്ധൻ അല്ലാത്ത ഒരു വ്യക്തിയുടെ കാഴ്ചയെ മറയ്ക്കുന്ന ഇരുട്ടിനെ കുറിച്ച് ഓർത്തുനോക്കൂ,എല്ലാ വസ്തുക്കളും മുന്നിൽ നിറയുമ്പോഴും ഇരുട്ട് അതിനെയെല്ലാം കാഴ്ചയുടെ തലങ്ങളിൽ നിന്നും മറച്ചുപിടിക്കുന്നു. ഇരുട്ടും വെളിച്ചവും യഥാക്രമം അബോധവും ബോധവുമാണ്.
കാണേണ്ട കാഴ്ചകളെ മറച്ചുപിടിച്ച ഇരുട്ട് എന്നത് ഇവിടെ ആരുമറിയാത്ത ഞാനാണ്. ബോധത്തിന്റെ വെളിച്ചത്തിൽ മാത്രമാണ് യഥാർഥ ഞാനെന്ന സത്ത ഇരുട്ടിനെ നീക്കി പുറത്തേക്ക് വരുന്നത്…..അവരെയാണ് മറ്റുള്ളവരും അവരും പെർഫെക്ട് എന്ന് വിളിക്കുന്നത്.
എല്ലാവരിലും ഇരുട്ടുണ്ട്, അവനവൻ മാത്രം ചെറുതിരികൾ കത്തിച്ച് ആശ്വാസം കണ്ടെത്തുന്ന അവനവൻ തുരുത്തുകൾ നിറയെയുണ്ട്.അവിടെ രാജാവും രാഞ്ജിയും പ്രജയും ഒക്കെ ‘ആരുമറിയാത്ത ഞാൻ ‘ തന്നെയാണ്.അങ്ങനൊരു നമ്മളില്ലാത്ത അവസ്ഥ എത്ര പരിതാപകരമാണ്.ഇല്ലെന്ന് ആരെങ്കിലും പറയുന്നു എങ്കിൽ അവർക്ക് സാരമായ എന്തോ തകരാറുണ്ട്, കുടിച്ച വെള്ളത്തിൽ അവരെ വിശ്വസിക്കുകയും ചെയ്യരുത്.മാത്രല്ല അവരെ കണ്ടെത്താൻ അവർക്ക് ഇന്നേവരെ കഴിഞ്ഞിട്ടുമില്ല.
നിങ്ങളിലേക്ക് നോക്കൂ അപകടകാരിയും അങ്ങേയറ്റം സ്വർത്ഥനുമായ ഒരുവൻ നിങ്ങളോട് ലഹളകൂട്ടുന്നത് നിങ്ങൾക്ക് മാത്രം കാണാം, അതേ ആ ഭാഷ നമുക്ക് മാത്രം മനസ്സിലാകുന്നതാണ്.എല്ലാ വൃത്തികേടും ആരുമറിയാതെ നിങ്ങൾ അവിടെ ചെയ്യും.എന്നിട്ടും മറ്റുള്ളവരെ നോക്കി പറയും, അവൻ ശരിയല്ല!ഇനി പറയുമോ ‘ഞാൻ ‘എന്നത് പെർഫെക്ട് ആണെന്ന്, അവൻ ശരിയല്ലെന്ന്!
അതുകൊണ്ട് മാത്രമാണ് എന്നിലെ ഞാനെപ്പോഴും പെർഫെക്റ്റല്ല എന്ന് പറയുന്നത്. “Iam not perfect at my space. “