രചന : സെഹ്‌റാൻ ✍
പത്രത്തിന്റെ
നാലാം പേജിലെ
മണൽപ്പരപ്പിൽ
രണ്ട് ഒട്ടകങ്ങൾ!
മുഖങ്ങളിൽ
വിശപ്പ്,
ക്ഷീണം,
ദാഹം…
മരുഭൂവിലെ
കപ്പലുകളായിരുന്നിട്ടുകൂടി…
മണൽപ്പരപ്പിലെ
ചൂടേറ്റാവണം പത്രം
കത്തിയെരിഞ്ഞത്.
വിരൽത്തുമ്പ്
പൊള്ളിയപ്പോഴത്
പുറത്തേക്കെറിഞ്ഞു.
കാറ്റ് വന്നതറിഞ്ഞില്ല.
പോയതും…
മുറ്റത്തെ
ചാരത്തരികൾക്കിടയിൽ
ഒട്ടകങ്ങളുടെ
കരിഞ്ഞുപോയ
ദേഹാവശിഷ്ടങ്ങൾ
ഇപ്പോഴും
കിടപ്പുണ്ടോ?
കാണാൻ വയ്യ…
കാഴ്ച്ചകൾക്ക് മേൽ
എത്ര പെട്ടെന്നാണീ
മറവിയുടെ
ചിലന്തികൾ
വലകെട്ടിത്തീർക്കുന്നത്!
⭕