രചന : സണ്ണി കല്ലൂർ ✍

നേരംപോക്ക്….
എടോ എൻറെ പാവാടേം ബ്ലൌസും തയിച്ചാ…
ഭയങ്കര തിരക്കാ മോളെ മറ്റെന്നാൾ വൈകുന്നേരം നോക്കട്ടെ…
എത്ര ദെവസമായി തങ്കപ്പൻചേട്ടാ ഞാൻ നടക്കുന്നേ… അടുത്താഴ്ച ഉൽസവത്തിന് പോകാനാ…


വീഷൂൻറ തിരക്കാ കുട്ടി.. ദേ നോക്കിയെ.. ഞാൻ വെട്ടി വച്ചിട്ടൊണ്ട് മറ്റെന്നാൾ തീർച്ച. തയ്പുകാരൻ ഉറപ്പിച്ചു പറഞ്ഞു.
ചിന്നമണി മുഖവും വീർപ്പിച്ച് തലയും താഴ്ത്തി തിരിഞ്ഞു നടന്നു.
ചിന്നമണി വഴക്കിച്ചു പോയേണാ… ഇങ്ങോട്ടു വന്നേ…
ചിന്നമണി നിന്നു.. തല ചെരിച്ച് തയ്പുകാരനെ നോക്കി.
കഴിഞ്ഞയാഴ്ച വീട്ടിൽ ആരൊക്കെയാ വിരുന്നു വന്നേ….
തങ്കപ്പൻ മെഷീനിൽ തയ്ക്കുന്നതിനിടയിൽ ചോദിച്ചു.
പത്തുവയസ്സുകാരി ചിന്നമണിയുടെ മുഖത്ത് സന്തോഷം..
അതേയ്.. ചേച്ചിയെ പെണ്ണു കാണാൻ വന്നതാ… അവൾ ചിരിച്ചു.
നാലഞ്ചുപേർ ഉണ്ടായിരുന്നുവല്ലോ.. എവിടത്തുകാരാ… തങ്കപ്പൻ.
അവര് കൊട്ടാരംമൂല എന്ന സ്ഥലത്തു നിന്നാ. ചെക്കനെ കാണാൻ നല്ല ഭംഗിയാ.. എല്ലാവർക്കും ഇഷ്ടപ്പെട്ടു. കച്ചവടമാ…


അതെന്തു കച്ചവടമാ…
ഇവിടെ നിന്ന് പച്ചകായ ഡൂബായക്ക് കയറ്റി അയക്കും അവിടെ നിന്ന് ഈന്തപ്പഴം ഇങ്ങോട്ടും… കുരുവിന് ബയങ്കര വിലയാ… അമ്മ ചിട്ടി പിടിച്ചു വച്ചേക്കേണ്. എത്രയും വേഗം കല്യാണം നടത്തണമെന്നാ പറയണേ…. ഞാൻ പോണ്… പാവാടേം ബ്ലൗസും തരണം കെട്ടോ…
തങ്കപ്പൻ മൂളി…. ചിന്നമണി ഓടിപ്പോയി..
തങ്കപ്പൻ മൂന്നു കൊല്ലമായി കടയിൽ തയ്പ് നടത്തുന്നു. തരക്കേടില്ല. ഒരു തൊഴിൽ….. ആരും വന്ന് ശല്യം ചെയ്യില്ല. വലിയ മുതൽ മുടക്കും ഇല്ല.
കല്യാണം നടക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ വയറ്റിൽ കൊക്കും കാക്കേം പറക്കുന്നതു പോലെ … ഒരു അങ്കലാപ്പ്.
കത്രിക താഴെ വച്ചു. എഴുന്നേറ്റ് വഴിയിലേക്കിറങ്ങി.


മുറ്റമടിക്കാൻ പോകുന്ന ചീയമ്മ ചേടത്തിയെ കണ്ടു. കല്യാണവിവരം പറഞ്ഞു.
ചേടത്തി തെങ്ങുകയററക്കാരൻ ചീങ്കരനോട് വിശദമായി അറിയിച്ചു
ചീങ്കരൻ സാറ് വീട്ടിൽ ചെന്ന് കെട്ട്യാളോടും എട്ടു മക്കളോടും വിവരിച്ചു.
കെട്ട്യോൾ തെക്കേലും വടക്കേലും താമസിക്കുന്ന തൻറ അനിയത്തിമാരോടും മൂത്ത ചെറുക്കൻ ചായപീടികയിൽ പബ്ലിക്കായും പറഞ്ഞു.


പാളി പടക്കത്തിന് തീപിടിച്ചപോലെ വാർത്ത ജനങ്ങളിലേക്ക് പരന്നു.
പാവം പെണ്ണ് നല്ല സ്വഭാവമാണ് എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ…
തങ്കപ്പെട്ട കൊച്ച് അമ്മയുടെ പോലെയാണ് ദൈവം അനുഗ്രഹിക്കട്ടെ
ജാൻജലീന ജോളിയെപ്പോലെ സുന്ദരി.. കല്യാണം കഴിച്ചു പോയാൽ നാടിന് നഷ്ടം.
അവൾക്ക് അവനുമായി നേരത്തെ പരിചയം ഉണ്ട്, മിണ്ടാപൂച്ച കലം ഉടക്കും.
പെട്ടെന്ന് കല്യാണം നടത്തുന്നതിൽ എന്തോ പന്തി കേടുണ്ട്.
പുളിമരത്തിൻറ ചോട്ടിൽ നിൽക്കുന്നത് ആരോ കണ്ടത്രേ….

ശാണ്ടിചേട്ടൻ തോട്ടിനരികിൽ ആടിനെ തീറ്റുകയാണ്. കല്യാണ ദല്ലാൾ മൂന്നാക്കാരൻ, മുഴുവൻ പേര് ശിമ്മൻ ശാണ്ടി..
പുല്ലു പറിച്ച് വായിൽ വച്ചു കൊടുക്കും ആട് തിന്നാൽ മാത്രം മതി.
ഇടക്ക് ആട് കിണു കിണാ എന്നു കിണുങ്ങി. അതായത് വയറു നിറഞ്ഞു എന്നർത്ഥം.
ചൂണ്ടക്കാരൻ മത്തായി ആ വഴി വന്നു. കല്യാണ വിശേഷം പറഞ്ഞു ധൃതിപിടിച്ച് പോയി.


ശാണ്ടിചേട്ടൻറ മുഖം ചുവന്ന് ചെന്തെങ്കിൻറ തേങ്ങ പോലെയായി. കാലു പൊക്കി ആടിൻറ ബ്യാക്ക് സൈഡിലിട്ട് ഒരൊറ്റ ചവിട്ട്.
ആടിന് ശാണ്ടി ചേട്ടൻറ സ്വഭാവം നേരത്തെ അറിയാം.. കടത്തനാടൻ സ്റ്റൈലിൽ ഇടത്തോട്ട് തിരിഞ്ഞ് മുന്നോട്ട് ഒരു ചാട്ടം. ചവിട്ടു കൊണ്ടില്ല. പിന്നെ പെട്ടെന്നുള്ള ഷോക്കിൽ അൽപം കാട്ടം പുറത്തേക്ക് പോയി.
കർമാചേടത്തി ജനലിലൂടെ കിഴക്കോട്ടു നോക്കി.. പ്രിയ ഭർത്താവ് ശിമ്മൻ ശാണ്ടി വാലിന് തീ പിടിച്ചപോലെ വരുന്നു. എന്തോ കുഴപ്പമുണ്ട്. ചേടത്തി പാത്രവുമെടുത്തു പിൻവാതിലിലൂടെ അയൽവക്കത്തേക്ക് പോയി.
ശാണ്ടി ചേട്ടൻ നടുമുറ്റത്തു വന്ന് സ്റ്റോപ്പ് ചെയ്തു.
ഞാൻ അറിയാതെ ഈ നാട്ടിൽ ഒരു കല്യാണം… ശരിയാക്കി തരാമെടാ മലരുകളെ… ചേട്ടൻ ആക്രോശിച്ചു.


വലതു കൈ മൂക്കിലും ഇടതുകൈ പൃഷ്ഠഭാഗത്തും വച്ച് ശാണ്ടിചേട്ടൻ ശപഥം ചെയ്തു, എനിക്ക് ജീവനുണ്ടെങ്കിൽ ഈ കല്യാണം നടത്തൂല്ല.
അതു പറഞ്ഞപ്പോൾ പുള്ളിക്ക് മനസ്സിൽ ഒരു സമാധാനം തോന്നി.
മുറുക്കിയ എണ്ണ തലയിൽ തേച്ച് കുളിച്ച് സുഖമായി കിടന്നുറങ്ങി.
സന്ധ്യയായിട്ടും ആരേയും കാണാതെ ആട് ഭയപ്പെട്ട് കരഞ്ഞു.
പെട്ടെന്ന് ആടിന് ബോധോദയം ഉണ്ടായി. ഇത് ക്കേരളമാണ്…. ആരെങ്കിലും പിടിച്ചു കൊണ്ടുപോയി കുഴിമന്തിയോ ശവർമ്മയോ ഉണ്ടാക്കും… പിന്നെ ശബ്ദമുണ്ടാക്കാതെ ചത്തപോലെ കിടന്നു.

വെളുപ്പിന് ആദ്യത്തെ ബോട്ടിന് ശാണ്ടിചേട്ടൻ കൊട്ടാരം മൂലയിലെത്തി, ബോട്ടുജെട്ടിക്കടുത്തുള്ള ചായകടയിൽ കയറിയിരുന്നു.
കടക്കാരൻ ചായകൊണ്ടുവന്നു. കുറേ നാളായല്ലോ കണ്ടിട്ട് ശാണ്ടി ചേട്ടന് സുഖമാണോ.. കോളു വല്ലതും…..
അതേ അതേ കോളടിച്ച ലക്ഷണമാണ്… ശാണ്ടിചേട്ടൻ ചിരിച്ചു.
പിന്നെ ഇവിടെ അടുത്തുള്ള ഒരു പയ്യൻ ഞങ്ങളുടെ നാട്ടിൽ പെണ്ണ് കണ്ട് കല്യാണം ഉറപ്പിച്ചു എന്നു കേട്ടു.


ഉവ്വ്… മനസ്സിലായി നല്ല പയ്യനാ, കുറച്ചു നാളെ ആയുള്ളു ബിസ്സിനസ്സ് തുടങ്ങിയിട്ട് അടിവച്ചടിവച്ച് കേറ്റമാ…
അതൊക്കെ നല്ലത്….. പെണ്ണ് സുന്ദരി, നല്ല കുടുംബം.. പക്ഷേ… ചെറിയ കുഴപ്പമുണ്ട്, പറയാതിരിക്കാൻ വയ്യ.
അതെന്താ…..
എടോ വാവ് അടുക്കുമ്പോൾ പെണ്ണിന് തുള്ളൽ പനി വരും.
അതൊന്നും സാരമില്ലന്നേ ഇക്കാലത്ത് ചികിൽസിച്ച് ഭേദമാക്കാവുന്നതേയുള്ളു. ചായകടക്കാരൻ
താൻ എന്താ വിചാരിച്ചേ. ആദ്യം പതുക്കെ വിറക്കാൻ തുടങ്ങും പിന്നെ നാലഞ്ചു പേർ പിടിച്ചാൽ കിട്ടില്ല. അത്രക്ക് ശക്തിയാണ്.
കഴിഞ്ഞ കർക്കിടകമാസത്തിൽ പെണ്ണ് കടവിൽ തുണി അലക്കാൻ പോയി
എന്നിട്ട്
വിറവൽ തുടങ്ങി തുണിയെല്ലാം കീറിപറിച്ചു കളഞ്ഞു. ആന എടുത്താൽ പൊങ്ങാത്ത അലക്ക് കല്ല് ഒറ്റ കൈ കൊണ്ട് എടുത്ത് വലിച്ചെറിഞ്ഞു കളഞ്ഞു.
നേര്….. എൻറീശ്വരാ…


താൻ കടയടക്ക്.. എൻറ കൂടെ വന്നാൽ കല്ല് കാണിച്ചു തരാം. ചായയുടെ കാശ് വരുന്നവഴി തരാം….
മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വരനും ബന്ധുക്കളും വിവരം അറിഞ്ഞു. റേഷൻ മേടിക്കാൻ പോലും ആ വഴി പോകില്ലെന്ന് കോലൊടിച്ചിട്ട് ശപഥം ചെയ്തു.

വൈകുന്നേരമായപ്പോൾ ശാണ്ടിചേട്ടൻ സ്ഥലത്തെത്തി. ഷാപ്പിൽ കയറി കള്ളു കുടിക്കുന്നതിനിടയിൽ കറിക്കാരൻ ചീത്തപ്പനെ കണ്ടു.
നമ്മുടെ കല്യാണാലോചന വന്ന പയ്യൻറ വിവരമറിഞ്ഞോ….
പാർട്ടി തരക്കേടില്ലെന്ന കേട്ടെ. ചീത്തപ്പൻ
എന്താ സംശയം. .ചുരുളൻ മുടി, ആറടി പൊക്കം, നമ്മുടെ ചമ്മുക്കായെ പോലെ വെളുത്ത് സുന്ദരകുട്ടൻ. മസിൽമാൻ.. ഒരു രഹസ്യമുണ്ട്.
ശ്ശെടാ… അതെന്താ


പയ്യന് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പിള്ളവാതം വന്നിട്ടുണ്ട്..
ചേട്ടാ അതൊന്നും കാര്യമാക്കേണ്ട.. പിള്ളേർക്ക് ചെറുപ്രായത്തിൽ എന്തെല്ലാം സൂക്കേടാ വരുന്നേ….
അങ്ങനെ അല്ലടാ ഉവ്വേ… ചെക്കൻറ വലത്തേ കാൽമുട്ടിന് മുകളിലേക്കുള്ള ഭാഗം ശോഷിച്ചിരിക്കുകയാ… അതാണ് പാൻറ്സ് ഇട്ടിരിക്കുന്നേ….. ഇപ്പോൾ പിടികിട്ടിയാ
പിള്ളേർ ഉണ്ടാകില്ല. സാരമില്ല… അഞ്ചു കൊല്ലം കഴിയുമ്പോൾ കളിയൊക്കെ മാറും … മനസ്സിലായോ…..

എന്തെങ്കിലും ഒരു ജോലി ചെയ്ത് ജീവിക്കാമെന്ന് വച്ചാൽ ഒരുത്തനും സമ്മതിക്കില്ല.,
ആർക്കും ശല്യമില്ലാതെ വല്ലവനും കുറച്ചു കഞ്ഞിയും പരിപ്പും സാമ്പാറും വച്ചു കൊടുത്ത് വട്ടചിലവിനുള്ള കാശുണ്ടാക്കാനും നിവൃത്തിയില്ല
ശ്രീ പരശുരാമൻ ഈ വഴി വന്നിരുന്നെങ്കിൽ…..
കഥാപാത്രങ്ങൾ സാങ്കൽപികം മാത്രം……

സണ്ണി കല്ലൂർ

By ivayana