രചന : സുരേഷ് പൊൻകുന്നം✍

പ്രാണഭയം ഞാൻ നേര്
ചൊല്ലുന്നില്ല
പ്രാണഭയം ഞാൻ നേര്
കാണുന്നില്ല
പ്രണഭയം ഞാൻ സാക്ഷി
ആകുന്നില്ല
ഞാൻ കണ്ണടച്ചടച്ചങ്ങനെ
കാത് കൊട്ടിയടച്ചടച്ചങ്ങനെ മണ്ണിലേക്കും മനുഷ്യനേം നോക്കാതെ
വിണ്ണിലുള്ളതാം താരങ്ങളെ നോക്കി
വെണ്മയുള്ളൊരായാകാശ വീഥിയിൽ
ഇന്ദ്രനീല നിലാവിൽ പൊഴിയുന്ന
ഗന്ധം തിരയുന്നു
ഗന്ധർവ സംഗീതം കേൾക്കുന്നു
ഒന്നുമറിയുന്നതില്ല ഞാൻ
ഞാൻ സാക്ഷിയല്ല
പൂവിന്റെ ഗദ്ഗദം തേടുന്നവൻ
കാട്ട് ചോല പാട്ട് പാടുന്നവൻ
ഞാൻ സാക്ഷിയല്ല
ഇല്ല ഞാൻ കണ്ടില്ല കബന്ധങ്ങൾ
ഇല്ല ഞാൻ കേട്ടില്ല മാനവ ഗദ്ഗദം
ഇല്ല ഞാൻ കേട്ടില്ല വർഗ്ഗീയ ഭ്രാന്തുകൾ
നീതിമരത്തിലനീതി പൂത്തതും കണ്ടില്ല
ഞാൻ കവി
കഴുത്താണെനിക്ക് മുഖ്യം
ഫാസിസം ഞാൻ കാണുന്നില്ല
പച്ചക്കറിക്കത്തി മൂർച്ച കൂട്ടി*
തൊട്ടയൽപക്കത്തെ കാത്തിരിക്കും സസ്യഭുക്കിനേം കാണില്ല
ഞാൻ കവി
പ്രാണഭയം ഞാൻ നേര് ചൊല്ലാനേയില്ല
പൂ പൂമ്പാറ്റ ഭ്രമരം മധു
പ്രണയം കാമുകി മുക്കുത്തി
നദി ചോല കാട് കാട്ടാറ് വിരഹം
പുണ്ണാക്ക് കുന്തം കൊട കൊടച്ചക്രം
ചെമ്പരത്തിപ്പൂവിന്റെ ഭ്രാന്ത്
പണ്ടത്തെ പള്ളിക്കൂടം
മധുര നാരങ്ങാ മിട്ടായി
നൊസ്റ്റാൾജിയ കവിതയൊക്കെയെഴുതി
അവാർഡൊക്കെ വാങ്ങി
പത്രത്തിൽ പോട്ടം വരുത്തി
ഞാൻ കവി
ഞാനിനി നേര് ചൊല്ലില്ല
ഞാൻ സാക്ഷിയാകുന്നുമില്ല.
*ഒരു നേതാവിന്റെ ആഹ്വാനം

സുരേഷ് പൊൻകുന്നം

By ivayana