രചന : അഡ്വ: അജ്‌മൽ റഹ്മാൻ ✍
അന്തിയോളം മീൻ വിറ്റ്
പെരയിൽ കേറുമ്പോൾ
ഈ അപ്പനെ ചൂരമീൻ
മണക്കണെന്ന്
കുഞ്ഞുങ്ങള് പറയും….
അപ്പന്റെ മണം
അപ്പന്റെ അടയാളമാണെന്ന്
അമ്മച്ചി
മക്കളോടന്നേരം
തിരുത്തി പറയും.
ദിനേന
ആശുപത്രി
തൂത്ത്
തുടച്ചിട്ട്
ഒന്ന് മേല് കുളിച്ച്
കിടന്നാൽ മതിയെന്നാകും
മേരിക്ക്….
ഒട്ടിയടുക്കും നേരം
“നിന്നെയെന്നും
ഡെറ്റോള് മണക്കണതെന്താടീ”എന്ന്
കെട്ട്യോൻ ഓളിയിടും…..
പൊട്ടാതെ ഈ
കുടുംബം പറക്കുന്നത്
ഡെറ്റോൾ മണത്തിന്റെ
ബലമൊന്ന് കൊണ്ടാണെന്ന്
മേരി അതേ ഉച്ചത്തിൽ
കെട്ട്യോനോട് തിരിച്ച് പറയും…..
അഴുക്ക് ചാലിൽ
ഇറങ്ങി,
ഓടകളായ ഓടകളെല്ലാം
ഓടി നടന്ന്
വൃത്തിയാക്കുമ്പോൾ
മുരളി മൂക്ക് പൊത്താറില്ല…..
വൈകി വീട്ടിലെത്തുമ്പോൾ
ചോറു വിളമ്പി
മക്കളോടൊപ്പം
ഉണ്ണാൻ ഇരിക്കാൻ
മുരളി മാത്രം വരില്ല….
ഒന്നിൽ കൂടുതൽ നേരം
അയാൾ കുളിക്കും,
പാട്ടയിൽ വെള്ളം നിറച്ച്
മേല് കോരിയൊഴിക്കുമ്പോൾ….
അന്നൊരിക്കൽ
കൂടെ ഉണ്ണാനിരുന്നപ്പോൾ
മക്കള് മൂക്ക് പൊത്തി
പത്രമെടുത്തോടിയതോർക്കും….
കണ്ണീര് കൊണ്ടയാൾ
പിന്നെയുമൊരാവർത്തി
കുളിക്കും…..
ഓടയിൽ ഇറങ്ങുമ്പോൾ
പൊത്താത്ത മൂക്കന്നേരം
ശ്വാസം വിടാനാവാത്തവിധം
പൊത്തിപ്പിടിക്കും !
എന്നുമല്ലാതെ
ഇന്നെന്താണ്
കുന്തിരിക്കപ്പുക മണം
വീട് നിറയുന്നതെന്ന്
കുഞ് ചോദിക്കുമ്പോൾ
വെള്ളപുതച്ച് കിടക്കുന്ന
അച്ഛനെ കാണിക്കാതെയമ്മ
“വീട്ടാൻ ബാക്കി വെച്ച
സ്വപ്നങ്ങൾക്ക്
ഒടുവിലുള്ള മണം
കുന്തിരിക്കപ്പുക മണമാണെന്ന്
പറയും.
വീട്ടാത്ത സ്വപ്‍നങ്ങൾ
കടങ്ങളാണെന്നും,
അവയിനി
കുഞ്ഞേറ്റെടുക്കണമെന്നും
അമ്മ കൂട്ടി വെക്കും.
വിടർന്ന മൂക്കുമായി
കുഞ് മണം
മനസ്സിൽ നിറക്കും.
എടുക്കാൻ,
അണിയാൻ,
കൂടെ കൂട്ടാൻ
അത്തർ തോൽക്കുന്ന
മണങ്ങളുള്ളവരെ….
അടയാളങ്ങൾ ഉള്ള
മണങ്ങൾ
ഉയിരിലേറുന്ന
പ്രിയപ്പെട്ടവരേ……..
നിങ്ങൾക്ക് നന്ദി ❤️
Good one keep it