രചന : വിനോദ് നീലാംബരി✍
ഉറക്കമില്ലായ്മ
എന്നെക്കൊല്ലുകയായിരുന്നു.
എന്ന് മുതലെന്നോർമയില്ല.
കറുത്ത പൂച്ചകളുടെ
കൺതിളക്കമായി
കൗമാരത്തിന്റെ ഇരുട്ടിടങ്ങളിൽ…,
നഗരത്തിലെ
കലാലയ ഹോസ്റ്റലിന്റെ മട്ടുപ്പാവിൽ
മലർന്നുകിടന്നെണ്ണിത്തീർത്ത
നക്ഷത്രക്കാഴ്ചകളിൽ…,
അറബിനാട്ടിൽ കുടുസുമുറിയിലെ
മൂന്നുനിലക്കട്ടിലുകളൊന്നിൽ
നാട്ടിലേക്കുള്ള നിമിഷങ്ങളെണ്ണിക്കൊഴിഞ്ഞ
ദിനങ്ങളിൽ…
ഞാൻ ഉറക്കത്തെ ഉപേക്ഷിക്കുകയായിരുന്നു.
എന്നെയും.
അടുത്തിടെയാണ്
അതെന്നെ കൊതിപ്പിച്ചു തുടങ്ങിയത്.
വീട്ടിലേക്കുള്ള വഴിമറന്ന നാൾ
കവലയിലെ വെയ്റ്റിങ് ഷെഡിൽ..,
പിന്നൊരിക്കൽ തിരക്കൊഴിഞ്ഞ
ചായപ്പീടിക വരാന്തയിൽ..,
വീട്ടിലേക്കുള്ള മൺപാതയോര-
ത്തെവിടെയൊക്കെയോ..
എന്റെ ഉറക്കം
തിരിച്ചു വരുകയായിരുന്നു!!
ഇപ്പോൾ വീട് വീട്ടിറങ്ങാറില്ല.
കണ്തടങ്ങളിൽ പടർന്ന കറുപ്പ്
മാറിത്തുടങ്ങിയിരിക്കുന്നു.
ഈ വസന്തം ഞാൻ നഷ്ടപ്പെടുത്തില്ല.
ഇനി മേൽ
ഉറക്കമാകട്ടെ ലഹരി.
അതെ,
ഓർമ്മകൾ പടിയിറങ്ങുകയാണ്…