രചന : രെഞ്ചു ✍

എന്റെ മരണത്തിന്റെ പതിനാറാമത്തെ രാവാണിന്ന്, കഴിഞ്ഞ പതിനാറ് ദിവസങ്ങൾ എനിക്ക് തന്ന് തീർത്തതെന്തൊക്കെയാണെന്നറിയണ്ടേ മനുഷ്യരെ നിങ്ങൾക്ക്..?
ഇവിടുന്ന്, ആത്മാവ് മുറിപ്പെട്ട് പോകും മുന്നേ ഒരഞ്ചു മിനിറ്റ് സമയം വേണമെനിക്ക്..
ഇക്കഴിഞ്ഞ ദിവസങ്ങളിൽ
എന്നെ മനസ്സിലാക്കിയ
എന്നെ സ്നേഹിച്ച
ഒറ്റ മനുഷ്യനെയെങ്കിലും
ഒന്ന് ഓർത്ത് വെയ്ക്കാൻ വേണ്ടി മാത്രം..


ഒത്തിരി നേരമൊന്നും വേണ്ട
അങ്ങനെ ഒത്തിരി പേരെന്നുമില്ല വരാൻ
എന്നിരുന്നാലും പേരിനെങ്കിലും ഒരാള് വന്നെങ്കിലോ..
ഞാനൊന്ന് ഓർത്തെടുക്കട്ടെ
എന്റെ ജീവിതത്തിലെ കഴിഞ്ഞ മുന്നൂറ്റി എൻപത്തിനാല് മണിക്കൂറുകൾ.
നവധാന്യങ്ങൾ പൊടിച്ച് തൊടങ്ങിയ ആറടി മണ്ണിന്റെ ഒറ്റ വശത്ത്
മഞ്ഞളും ചേമ്പും തഴച്ച് വളരാൻ കൊമ്പ് കോർക്കുന്നുണ്ടെന്ന് കുഴി മാടത്തിലെ ചെന്തെങ്ങിന് പോലും മനസ്സിലായിട്ടുണ്ടാകും..
അല്ലെങ്കിലും മരണം നടന്ന വീട്ടിമ്മേല്
മനുഷ്യരേക്കാലും പ്രിയം
തലയ്ക്കല് വച്ച ചേമ്പിനും കാൽക്കൽ നിക്കണ മഞ്ഞളിനും ചോന്ന തെങ്ങിനും തന്നാണല്ലോ…!


ഇന്ന് ഇച്ചിരി ആളും പേരും വന്നിട്ടുണ്ട്. ശെരിയാണ്, ഞാനോർക്കുന്നു.
പറിച്ച് മൂടലിന്നാണെന്ന് അന്നേ ദിവസം ആരോ വിളിച്ച് പറഞ്ഞിരുന്നു..
എന്റെ തലക്കൽ വന്ന് കണ്ണും തൊടച്ച് പോണ മനുഷ്യന്മാരെ കണ്ടിട്ട് ചിരി വരുന്നെനിക്ക്.
എല്ലാരും പോയിട്ട് വേണം കുറച്ച് നേരം എനിക്കെന്റെ മരണമൊന്നാസ്വദിയ്ക്കാൻ.!
എന്റെ കടമകൾക്ക്മേൽ
ഞാൻ നേടിയെടുക്കുന്ന നീതിയ്ക്കും അനീതികൾക്കുമൊടുവിൽ
ഞാനിന്ന് ഒറ്റപ്പെടുന്നത്, എന്നെ സ്നേഹിച്ച മനുഷ്യരിലേക്ക് നോക്കുമ്പോഴാണെന്ന് ഞാനും മാറി നിന്ന് പദം പറഞ്ഞോട്ടെ.
നോവിന്റെ അങ്ങേ തലയ്ക്കല്, അതെന്നുമുണ്ടാകുമെന്ന് ആരോ കൊടുത്തൊരു വാക്കിമേല്
കത്തിയെരിഞ്ഞൊരു മനുഷ്യന്റെ
അവശേഷിപ്പ്കളെ താങ്ങി പിടിക്കുന്ന ഒരാറടി മണ്ണ്….ന്താല്ലേ…….?


ഉറപ്പില്ലാത്ത മനുഷ്യരേക്കാൾ ഉറഞ്ഞു പോയ വിശ്വാസങ്ങള്,
അതാണ് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ളത്..
ചത്ത് തലയ്ക്കല് നിൽക്കുമ്പോഴും പുരാണം പുലമ്പുന്ന കൊറേ തല നരച്ച പുരാവസ്തുക്കളെ അങ്ങിങായി കാണാം ദിനവും.
മൂന്നിനും നാലിനും കത്തിയ അസ്ഥി തുണ്ടുകൾ തണുപ്പിക്കാൻ
മാനം നോക്കി മഴയുണ്ടാകുമെന്ന് പറഞ്ഞ പൂർവികരെ തട്ടി മാറ്റി കിണറ്റിമ്മേന്ന് വെള്ളം കോരിമരിച്ച മനുഷ്യനെ തണുപ്പിയ്ക്കുന്നൊരു ചടങ്ങുണ്ട് ഞങ്ങള് തെക്കർക്ക്.
ആളും ആരവോം ഒന്നും ഇല്ലാണ്ട്… വീട്ടിലെ ഒന്നോ രണ്ടോ പേര് മാത്രം പങ്കാളിയാകുന്ന ഈ വെള്ളം കോരല് കളിലെ കപ്പി പോലും കയറിനോട് ദേഷ്യം കാണിക്കുന്നുണ്ടാകും പലപ്പോഴുംഈ മരിച്ചവരെ പഴിച്ചു കൊണ്ട്.


ഓലപ്പൊരയിലെ പച്ചപ്പ് മാറാതെ അതിലന്നം വേവിച്ച മനുഷ്യരും
അതിലൊരൂട്ടം തിന്നാൻ വേലി പരപ്പിൽ
കയ്യടി ശബ്ദങ്ങളെ കാത്തിരിന്ന മരണത്തിന്റെ കറുത്ത പക്ഷിയും
ഇക്കഴിഞ്ഞ രാത്രികളിലൊക്കെ
ആ വീടിനെ നിരീക്ഷീച്ചിരുന്നിരിയ്ക്കണം.
അവർക്ക് മനസ്സിലാകും നിവർത്തികെട്ട ഒരാത്മാവിന്റെ പുനർ ചിന്തനങ്ങളൊക്കെയും.
നാല് മിനിറ്റ് കഴിഞ്ഞെന്ന്..
കാറ്റ് നന്നേ വീശിതുടങ്ങി,
എനിയ്ക്ക് പോവാൻ നേരായി.
ആരുമില്ലേ എനിക്കെന്നും പറഞ്ഞിവിടെ വരെയൊന്ന് വരാൻ.?
അതിനുമാത്രം ഗതികെട്ട പെണ്ണൊരുത്തിയായിരുന്നുവോ ഞാനും.
വരാതിരിക്കില്ല……ഒരാളെയെങ്കിലും ഞാനും സംബാധിച്ചു കാണില്ലേ…?
അന്നേ ദിവസം,


വിധി പ്രകാരം എന്നെയെരിച്ച് കളഞ്ഞ അതേ ദിവസം..
വായ്ക്കരിയിട്ട് കണ്ണുനീർ കൊണ്ട് പലരും യത്രയാക്കിയ ദിവസം.
ഇരുട്ടിൽ കത്തിയമർന്ന നെഞ്ചാം കൂട്ടിലെ കനലുകളുടെ തിളക്കം കാണാൻ മാറി നിന്ന ആ രണ്ട് കണ്ണുകള് മാത്രമേ എന്നെ സ്നേഹിച്ചിരുന്നുള്ളു.
എന്നതാണ് കഴിഞ്ഞ പതിനാറ് ദിവസങ്ങള് എനിക്ക് കാണിച്ചു തന്ന ഒറ്റ നേരിലെ ഞാൻ കണ്ട സത്യം.
ചുവന്നു തുടുത്ത കരഞ്ഞു കലങ്ങിയ ചാര നിറമുള്ള തിളക്കം നഷ്ട്ടപ്പെട്ട ഒരുവന്റെ കണ്ണുകൾ .
ഈ അഞ്ചാം മിനിറ്റിൽ
എന്നെ ലക്ഷ്യം വച്ച് കൊണ്ടത് പിന്നെയും ഇങ്ങോട്ട് തന്നെ നടന്ന് വരുന്നുണ്ടല്ലോ…..
ചിരിച്ചു കൊണ്ട് എന്റെ തേങ്ങോലയിൽ പിടിച്ച് കൊണ്ടാ മനുഷ്യൻ പതിയെ പറഞ്ഞു.
“ഞാൻ വരുമെന്ന്….. 🖤”


അവസാനിച്ചു…..
ഞാനും ആയാളും തമ്മിലുള്ള പ്രണയത്തിന്റെ ആദ്യത്തെ ഉടമ്പടി…
ആ ഒറ്റ വാക്കിൽ അവസാനിച്ചു പോയെന്ന്……
എന്തിനായിരുന്നു ഞാനയാളെ കാത്ത് നിന്നത്. ഒപ്പം വരുമെന്നറിഞ്ഞിരുന്നെങ്കിൽ ഒറ്റയ്ക്കിട്ട് ഞാൻ പോകുമായിരുന്നില്ലല്ലോ.
പറഞ്ഞു തീരും മുന്നേ
ചെറിയൊരു കാറ്റെന്നെ തഴുകി മാറി
അവിടം നിച്ഛലമായി..
മരണത്തിന്റെ പതിനാറാമത്തെ ദിനരാത്രങ്ങളിങ്ങനെ ആണെന്ന്.🍂🌺

By ivayana