രചന : ഷാജി നായരമ്പലം ✍

അമ്മയ്ക്കു വളർത്തുവാൻ
തൂവെള്ളപ്പുതപ്പിട്ട
ജിമ്മിയെക്കരുതലായ്
വാങ്ങിനൽകിയും, അച്ഛൻ
പോയതിൻ ദുഃഖം തേച്ചു
മായിച്ചും, വിദേശത്ത്
സ്വസ്ഥമായിരിക്കുവാൻ
ഉദ്യമിച്ചയാൾ; മക്കൾ
മൂന്ന്പേരുണ്ട്, ഒരാൾ
ലണ്ടനിൽ, പെണ്മക്കളിൽ
മൂത്തയാൾ സ്റ്റേറ്റ്സിൽ
താഴെയുള്ളയാൾ
സിറ്റ്സർലാൻ്റിൽ…

ഒക്കെയും മറക്കുവാൻ,
അമ്മയെ തുണക്കുവാൻ
ജിമ്മി കൂട്ടിലുണ്ടല്ലൊ
വീട്ടിലേകയല്ലല്ലൊ…

നായകൾ യഥാർത്ഥത്തിൽ
മാനുഷ പരിണാമ –
യാത്രയിൽക്കുടെച്ചേർന്ന
സന്തത സഹചാരി;
സ്നേഹവും, നോവും
ഭാവമാറ്റവും ,ദുഖങ്ങളും
തൊട്ടറിഞ്ഞിടും, കൂടെ
നിന്നിടും, നിലക്കാത്ത
നന്ദിയും കരുതലും
കാത്തുവച്ചിടും , അവർ
മന്നിലെ മനുഷ്യൻ്റെ
നിസ്വാർത്ഥ അനുയായി….

രാവിലെ സ്റ്റാറ്റസ്സി ലായ്
ബർത്ത്ഡേ ആശംസകൾ!
അമ്മ നേർന്നതാണിന്ന്
മൂന്നു പേരിലാർക്കാണോ?

വീഡിയോക്കോളിൽക്കണ്ടു
വീടിൻ്റെയകത്തളം
ആകവേ അലങ്കരിച്ച-
കത്തായിരിക്കുന്നു
കേക്കുമായ് ജിമ്മി!
അമ്മയരികത്തടുത്തില്ല;
ഫോണിൻ്റെയങ്ങെത്തല
തപ്പി നോക്കവേ, യഴൽ-
ത്തൂണുകൾ ചാരി , പട്ടി-
ക്കുടിലേക്കൊതുങ്ങി, തൻ
സങ്കടങ്ങളെ നോക്കി
അമ്മ പുഞ്ചിരിക്കുന്നു….

ഷാജി നായരമ്പലം

By ivayana