രചന : ജ്യോതിശ്രീ. പി.✍

പൊള്ളുന്ന വെയിലും
ഓടിയടുക്കുന്ന ഉഷ്ണക്കാറ്റും തെരുവിനെ തെരുതെരെ ചുംബിക്കുമ്പോൾ,
മുഷിഞ്ഞു കീറിയ വസ്ത്രങ്ങളിൽ ബാല്യത്തിന്റെ പുഞ്ചിരി!
ഒട്ടിയവയറുകളിൽ
വിയർപ്പുതുള്ളികൾ ഒരു
പുഴയെ വരച്ചിട്ടു!
നിരത്തിവെച്ച ബലൂണുകളിൽ സ്വപ്നങ്ങളുടെ ചാഞ്ചാട്ടം!
അരണ്ട കണ്ണുകളിൽ
കണ്ണീർവറ്റിയ ചാലുകൾ!
നെടുകെപ്പിളർന്ന
പാളക്കഷ്ണത്തിൽ എച്ചിൽക്കൂട്ടങ്ങളുടെ
ഒളിഞ്ഞുനോട്ടം!
പിറന്നുവീഴാൻ
കടത്തിണ്ണതിരയുന്ന
അറിയാഗർഭങ്ങൾ!
അവർ കുറ്റവാളികൾ,
ഭൂമിയിൽ പിറന്നെന്ന
കുറ്റം ചുമക്കുന്നോർ,
മണ്ണിൽ അവ്യക്തചിത്രം
രചിക്കുന്നോർ,
തെരുവിന്റെ കഥകൾക്കെന്നും ദൈന്യതയുടെ മുഖചിത്രങ്ങൾ,
എണ്ണമയംമാഞ്ഞ
വികൃതാക്ഷരങ്ങൾ.
തെരുവിന്റെ വഴിവക്കുകളിൽ
പട്ടിണി കൊമ്പല്ലുകാട്ടിച്ചിരിക്കാറുണ്ട്,
കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന കണ്ണുകൾക്ക്‌ നേരെ കൊഞ്ഞനംകുത്താറുണ്ട്,
നമ്മൾ ചിലപ്പോൾ ജാലകങ്ങളാകാറുണ്ട്,
ഉള്ളുലയ്ക്കുന്ന കാഴ്ചകൾക്ക്മേൽ സ്വാർത്ഥതയുടെ
കരിമ്പടംമൂടിയ ജാലകങ്ങൾ..

ജ്യോതിശ്രീ. പി.

By ivayana