രചന : യൂസഫ് ഇരിങ്ങൽ✍

ജീവിതത്തിൽ നിന്ന് ഒരുവളെ
കവിതയിലേക്ക് വിവർത്തനം
ചെയ്യുകയെന്നത്
ശ്രമകരമായൊരു ജോലിയാണ്
നാളിത് വരെ നിങ്ങൾ പഠിച്ചു വച്ച
രചനാ സങ്കേതങ്ങൾ കൊണ്ട്
അവളുടെ ഭാവങ്ങൾ
വർണ്ണിക്കാൻ
ഉപമകൾ തികയാതെ വരും
ഓരോ വരികളും
ഒരു പാട് തവണ വെട്ടിയും
കുത്തിയും തിരുത്തി
എഴുതേണ്ടി വരും
അവളുടെ വ്യഥകൾ
താങ്ങാനാവാതെ
നിങ്ങളുടെ അക്ഷരങ്ങൾ
ഒരു പാട് വട്ടം
വിതുമ്പിപ്പോവും
എല്ലാ വരികളിലും
അവളുടെ ഗന്ധം പകരണം
വായിച്ചു കഴിയുമ്പോൾ
കരുതലിന്റെ ഏതോ
കൈതത്തണ്ടയിൽ
തല ചായ്ച്ചുറങ്ങുന്ന
അവളുടെ നെറുകയിൽ
തലോടാൻ കൊതി തോന്നണം
ചിരിക്കുമ്പോൾ തെളിഞ്ഞു
കാണുന്ന അവളുടെ
നുണക്കുഴി വരച്ചു വെയ്ക്കാൻ
നിഗൂഢമായ ഏതെങ്കിലും
വാക്കുകൾ ഒപ്പിച്ചെടുക്കണം
തനിച്ചണിഞ്ഞൊരുങ്ങുമ്പോൾ
വീണ്ടും വീണ്ടും കണ്ണാടിയിൽ
നോക്കിയുറപ്പിക്കും പോലെ
ഓരോ വരികളുടെയും
അഴകളവുകൾ
മിനുക്കിമിനുക്കിയെടുക്കണം
അതി രാവിലെ മുതൽ
അന്തി മയങ്ങും വരെ
നിർത്താതെ
ഓടിക്കൊണ്ടിരിക്കുന്നൊരു
കരിവണ്ടിയാണെന്ന്
വാക്കുകൾ പിശുക്കാതെ
പറഞ്ഞു വെക്കണം
ജീവിതത്തിൽ നിന്ന്
ഒരുവളെ കവിതയിലേക്ക്
കൈപിടിച്ച് കയറ്റാൻ
പകലിരവുകൾ മടി കൂടാതെ
അവൾക്കൊപ്പം നടക്കണം
കരുതലിന്റെ കരം നീട്ടി
ഓരോ വരികൾക്കിടയിലായി
അവളെ ചേർത്തിരുത്തണം.

യൂസഫ് ഇരിങ്ങൽ

By ivayana