കറുപ്പിനെ പറ്റി ചിന്തിക്കുമ്പോഴൊക്കെ
വൈലോപ്പിള്ളിയും
സഹ്യന്റെ മകനും
ആത്മാവിൽ
നൊമ്പരത്തിന്റെ ചങ്ങല അഴിച്ചിടും.
വെറുമൊരാനക്കഥയല്ലെന്ന്
ആയിരം വട്ടമുള്ളിൽ ആണയിടും.
കറുപ്പിന്റെ കഥ കഴിയുന്ന
ഛിന്നം വിളി
കരളിൽ തന്നെ കൊള്ളും.
അന്നം തിന്നുമ്പോഴൊക്കെ
ആ അദ്ധ്വാനശക്തിയെൻ
ഇടനെഞ്ചിലെത്തും.
ചെളി കുഴയും പാടത്തിൽ
വിരൽ കൊണ്ട്
വിയർപ്പൊഴുകും നെറ്റി തുടയ്ക്കും.
സുരക്ഷയൊരുക്കിയ വീടായ്
കരുതലിൽ കാത്തിടും.
ടാറിട്ട പാത
അവനിട്ട പാലം
ജീവന്റെ ഞരമ്പുകൾ.
അണകെട്ടി
വിദ്യുത് സ്ഫുലിംഗത്തിൽ
തെളിയും പ്രകാശത്തിലുണ്ടവൻ.
കീറിയ കനാലിലൂടൊഴുകിയ വെള്ളം
വരണ്ട പുഞ്ചപ്പാടത്തിന്റെ
പച്ച തെളിവോടെ കാത്തതിൽ
അവന്റെ വിയർപ്പിന്റെ പാട്ട്
അലിഞ്ഞിട്ടുണ്ടലിവോടെ.
കാലമെത്ര കടന്നുപോയ്
എങ്കിലും ആകുലതയ്ക്കുണ്ടോ അന്ത്യം?
പീച്ചാത്തിയോ
ശ്വാസനാളം തകർക്കുന്ന
കാൽമുട്ടോ
ഇsനെഞ്ച് പൊടിയുന്ന
തോക്കിന്റെ കാഞ്ചിപ്പിടിയോ,
വർണ്ണവെറിയുടെ നെറികേടോ, എന്താകിലും
പൊട്ടിയടർന്നു പോകുന്നുണ്ട്
ലോകം
ഇത്രമേൽ ചലനാത്മകം
എന്നു കവിത രചിച്ച
കറുപ്പിന്റെ പ്രാണൻ.
(ടി.പി.രാധാകൃഷ്ണൻ )