രചന : ചെറുകൂർ ഗോപി ✍
ഉണരുമോ? ഇനിയൊരു —
പ്രഭാതമിവിടം; എനിക്കായ്
ഇല്ലെങ്കിലും കൂടി …!
ഉണർത്തുമതിൽ കിളി —
നാദങ്ങളും,കൊഞ്ചലും
ഞാൻ
കേൾക്കില്ലയെങ്കിലും….!
നീണ്ടു മെലിഞ്ഞ പുഴയിൽ —
പാതിമുങ്ങിയ മനസ്സും
അത്രയുമേകാതെ തനുസ്സും
ഈറൻ പറ്റിയ വഴികളും………
ഇനിയൊരു നാളെ
നിറകവിഞ്ഞൊഴുകിടാം
ഈ പുഴയും;പച്ചവിരിച്ചിടാമീ
വഴികളും ; ഞാനില്ലയെങ്കിലും………!
ആൽത്തറയിലൊരു ദീപം —
കൊളുത്തി.
മണിയൊച്ചകേൾക്കെ
മൗനം പൂണ്ട മന്ത്രങ്ങൾ
മനസ്സിലുരുവിട്ട കദനത്തിൻ
പാഴ് ശ്രുതിമീട്ടിയ കണ്ണീർക്കണങ്ങൾ
ഇനിയൊരു തൃസന്ധ്യയിലുമുതിരില്ല……!
ഏറെ മോഹിച്ച —
മോഹങ്ങൾക്കൊടുവിലൊരു
മോഹം തളിരിട്ട നാമ്പിൻ
വസന്തമിനി വരുകയില്ല…….!
സ്വാദും, സ്വാർത്ഥതയുമില്ല —
മണവും,മനസ്സുമില്ല
നിറവും, നിത്യതയുമില്ല
നിമിഷങ്ങൾ മാറിയോരുടു
വസ്ത്രവുമില്ല………!
വേനലും വർഷവുമില്ല —
ശിശിരവും ശൈത്യവുമില്ല
കണ്ട കാഴ്ചകൾക്കില്ല
ഇനിയെങ്കിലു-മെങ്കിലും……!
ബന്ധങ്ങളുണ്ടെവിടെയോ —
അതിലത്രയും ബന്ധനമായ്
തീർന്നതും.
യെരിഞ്ഞുതീരുവതേതൊ
രഗ്നിയിലെന്നറിയാതെ
ഒഴുകുവാൻ ഇനിയേതു
പുഴയെന്നുമറിയാതെ …….!
കാലം, കാത്തിരിപ്പാണിവിടം —
മോക്ഷമില്ലാത്തൊരു
ജന്മമുണ്ടിവിടം
അന്ത്യവിശ്രമം കൊള്ളുന്നു
എന്തിനെന്നറിയാതെ…….!!