രചന : സഫി അലി താഹ✍

എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷൻ….. കുറെയേറെ ഓടിയും തളർന്നും വിശ്രമിച്ചും കന്യാകുമാരി എക്സ്പ്രസ്സ്‌ നോർത്തിൽ കിതച്ചുകൊണ്ട് വന്നുനിന്നു.തുടർന്നുള്ള യാത്രയ്ക്ക് മുൻപ് കിതപ്പടക്കി, തന്റെ നെടുനീളൻ ശരീരത്തെ വിശ്രമിക്കാൻ അനുവദിച്ചു….. ട്രെയിനിൽനിന്നും ഇറങ്ങുന്നവരുടെയും കയറുന്നവരുടെയും കോലാഹലങ്ങളിൽ നിന്നും ചായവാലാകളുടെ ശബ്ദം മാത്രം വ്യത്യസ്തമായി ഉയർന്നുകേട്ടു.അല്ലെങ്കിലും ജീവിതത്തിന്റെ താളത്തെ തിരികെ പിടിക്കാൻ ശ്രമിക്കുന്നവരുടെ ശബ്ദത്തിനും ആ താളബോധം സ്വഭാവികമാണല്ലോ!

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ കാഴ്ചകളിലേക്ക് കണ്ണുകൾ പിടഞ്ഞുമാറിയത് കൊണ്ടാകണം വായിച്ചുകൊണ്ടിരുന്ന കവിതകളുടെ പുസ്തകം പിണങ്ങി താഴേക്ക് ചാടിയത്.പെട്ടെന്ന് അതെടുത്ത് തിരികെ മടിയിലേക്ക് അരുമയോടെ വെച്ചു. പിണക്കം അവസാനിച്ചിരിക്കുന്നു!അല്ലെങ്കിലും നെഞ്ചോട് ചേർന്നിരുന്നവരെ പെട്ടെന്ന് അകറ്റിയതായി അവർക്ക് തോന്നുമ്പോൾ ഒരു പിണക്കം സ്വഭാവികമാണല്ലോ,ചേർത്തുവെച്ചാൽ ഇഴുകിച്ചേരുന്നതും.!വീണ്ടും കണ്ണുകൾ പുറത്തേക്ക് ഊളിയിട്ടു.തന്നെക്കാൾ ഉയരത്തിൽ കാർഗോകളുമായി ഒരു ഉന്തുവണ്ടി ശ്വാസംമുട്ടി മുന്നോട്ട് പോകുന്നു.എത്രയോ മനുഷ്യരുടെ കൈകളിലേയ്ക്കെത്താനുള്ള അവശ്യസാധനങ്ങളാകും യാതൊരു പരാതിയുമില്ലാതെ ആ ഉന്തുവണ്ടിയുടെ അസൗകര്യത്തിലും ഒന്നിച്ചിരിക്കുന്നത്!ഓരോ മനുഷ്യരുടെയും കൈകളിലെത്തുന്നത് വരെയും ആ സാധനങ്ങൾക്കും ജാതിയും മതവും ഒന്നുമില്ല!ഭജനകളും ശരണം വിളികളുമായി അയ്യപ്പ ഭക്തന്മാർ വെറും നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്നു.

അവർക്കിടയിൽ പുഞ്ചിരിയോടെയിരിക്കുന്ന കുടുംബങ്ങൾ.ഒരുമിച്ചിരിക്കുന്നതൊക്കെയും വിഭജിക്കുമ്പോൾ മാത്രമാണല്ലോ ഓരോ തുരുത്തുകൾ നിർമ്മിക്കപ്പെടുന്നതും ശക്തി ചോർന്നുപോകുന്നതും,മനോഹാരിത നഷ്ടമാകുന്നതും.അതാരും അറിയുന്നതേയില്ല.യാത്രയാക്കാനും കൂട്ടികൊണ്ട് പോകാനും മനുഷ്യർ തിങ്ങിഞെരുങ്ങുന്നു.എത്രയെത്ര ആധികളും വിരഹവുമാണ് അവിടെ പുകയുന്നത്, എത്രയെത്ര കൂടിചേരലുകളും സന്തോഷമഴകളുമാണ് അവിടെ പെയ്യുന്നത്!
കൈകൾ ചേർത്തുപിടിച്ച് ഒരു യുവതിയും യുവാവും ആൾതിരക്കിലൂടെ മുന്നോട്ട് നടക്കുകയാണ്,കൈകൾ വിട്ടുപോകാതിരിക്കാൻ രണ്ടുപേരും ശ്രദ്ധിക്കുന്നുണ്ട്, അവൾ ഒരു കൈകൊണ്ട് കണ്ണുകൾ തുടയ്ക്കുന്നുണ്ട്…..

അവളാണോ യാത്രക്കാരി അതോ അവനെ യാത്രയാക്കാൻ വന്നതോയെന്ന സംശയത്തിന്റെ കുരുക്കിൽ കുറച്ചുനേരം പെട്ടുപോയി. ഇടയ്ക്ക് ഏറിവന്ന തിരക്കിൽപ്പെട്ട് പിണഞ്ഞിരുന്ന കൈകൾ രണ്ടായി പിരിഞ്ഞു.വേഗത്തിൽ നടക്കുമ്പോഴും അവൾ ആധിയോടെ തിരിഞ്ഞുനോക്കുന്നു.അവളാണ് യാത്രക്കാരി എന്ന് ആ നിമിഷത്തിലെനിക്ക് മനസ്സിലായി.

അവൻ ഓടി കൂടെയെത്തി എന്നറിഞ്ഞപ്പോൾ അവളിലേക്ക് വന്ന് നിറഞ്ഞ സന്തോഷം എന്നിലേക്കും വന്നെത്തിനോക്കി.അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഒട്ടിച്ചുവെച്ചിട്ടുണ്ട്. അത് വലിച്ചിളക്കി കളഞ്ഞാൽ അതിന് താഴെ അവളെ പിരിയുന്നതിന്റെ വേദനകൾ ഒളിഞ്ഞിരിക്കുന്നുണ്ടാകും എന്ന് തോന്നി!അല്ലേലും പുരുഷന്മാരുടെ വേദനകൾ മുഴുവനും മറനീക്കി പുറത്ത് വരാറില്ലല്ലോ!
ഓരോ കമ്പാർട്ട്മെന്റിലേക്കും നോക്കിയാണ് അവരുടെ നടപ്പ്. ഞാനിരിക്കുന്ന ബോഗിക്ക് അരികെ അവർ നിന്നു.
അവൾക്ക്ഇതിലേക്കാണ് കയറാനുള്ളത് എന്ന് തോന്നി. അവനോട് അവൾ പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. നടന്നുവരുമ്പോൾ അവളുടെ മുഖത്ത് എന്തൊരു തിളക്കമായിരുന്നു, ഇപ്പോൾ അവ കരുവാളിച്ചിരിക്കുന്നു!. അവൻ എന്തോ പറഞ്ഞപ്പോൾ അവൾ തലയിലൂടെ ഇട്ടിരുന്ന തട്ടം ശരിയായി വലിച്ചിട്ടു.അവന്റെ കൈകൾ അവളുടെ കൈകളിൽ മുറുകുന്നു,അവന്റെ കണ്ണുകളിലേക്ക് ശ്രദ്ധിച്ചുനോക്കിയാൽ മാത്രം കാണാവുന്ന ഒരു നീർത്തിളക്കം പ്രത്യക്ഷപ്പെട്ടു.ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി, സ്റ്റേഷനിലെ പെൺസ്വരം യാത്രാ അറിയിപ്പുകൾ യഥാസമയം മുഴക്കിക്കൊണ്ടിരുന്നു.അവൾ അവനിലേക്ക് ചേർന്നുനിന്നു, തിടുക്കത്തിലൊരു ചുംബനം നൽകി.അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചെറുതായൊന്നു ചുറ്റി, പിന്നെയവൻ കൈകൾ പിൻവലിച്ചു ദൂരേക്ക് നോക്കി.

അവൾ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അവന്റെ മുഖത്ത് പടരുന്ന വേദനയും വെപ്രാളവും അവൻ തന്ത്രപരമായി മറയ്ക്കുന്നുണ്ടായിരുന്നു. പിന്നെയും അവന്റെ ചുണ്ടുകളിൽ ആ പുഞ്ചിരി മറയായെത്തി.ട്രെയിനിനുള്ളിൽ ഞങ്ങൾക്ക് അരികിലേക്ക് എത്തിയ അവൾ ഇരിപ്പിടത്തിനായി ചുറ്റും കണ്ണോടിച്ചു. എനിക്ക് മുൻപിലെ മൂന്നാൾ വീതിക്കേണ്ട വലിയ ഇരിപ്പിടത്തിൽ മദ്ധ്യത്തിലുള്ളത് ഒഴിഞ്ഞു കിടക്കുന്നു. അവൾ ദീർഘനിശ്വാസം പൊഴിച്ചു,അറിയാതെ എന്നിലേക്കും അത് പടർന്നു.അവൻ ആ ജനലോരത്ത് അവളെയും നോക്കി നിൽപ്പുണ്ട്. രണ്ടാൾക്കും ഒന്നുകൂടെ മിണ്ടണമെന്നു ആഗ്രഹമുണ്ടെന്ന് തോന്നി.അവൾക്ക് ജനലരികിലെ സീറ്റ് ലഭിച്ചിരുന്നെങ്കിലെന്ന് വെറുതെ ഞാനാഗ്രഹിച്ചു.അതേ നിമിഷത്തിൽ ജനലരികിലെ സീറ്റിൽ ഇരുന്ന യുവതി അവിടെനിന്നും എണീറ്റ് അവളെ അവിടെ ഇരിക്കാൻ അനുവദിച്ചു.അവർ മദ്ധ്യത്തെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അവന്റെ കൈകൾ അപ്പോഴേക്കും ജനൽ കമ്പികൾക്ക് താഴെയുണ്ടായിരുന്നു.അവൾ ആ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി. തണുപ്പ് മാറ്റാനെന്ന പോലെ ഇരു കൈകളും കൊണ്ട് പൊതിഞ്ഞു പിടിച്ചു. സങ്കടം കൊണ്ട് പൊള്ളിപ്പിടയുന്ന ചുണ്ടുകൾ അവന്റെ കൈയിലെ തണുപ്പ് തൊട്ടെടുത്തു.അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു. അവൻ സമാധാനിപ്പിക്കുന്നുണ്ട്, അവൾ കണ്ണുകൾ തുടച്ച് പുഞ്ചിരിച്ചു.
അവനിലേക്കും അത് പടർന്നു, എന്നിലേക്കും.

സ്റ്റേഷനിലെ പെൺസ്വരം വീണ്ടും മുഴങ്ങി. ട്രെയിനിന്റെ കൂക്കിവിളി ശബ്ദമുയർന്നു,ട്രെയിൻ പെരുമ്പാമ്പിനെപോലെ തന്റെ വലിയ ഉടൽ വലിച്ചുകൊണ്ട് പതിയെ ഇഴഞ്ഞു തുടങ്ങി.അവൻ പ്ലാറ്റ്ഫോമിലൂടെ ട്രെയിനിനൊപ്പം പതിയെ നടന്നു, പിന്നെ വേഗത്തിലും, ഇപ്പോൾ അവനെ കാണ്മാനില്ല, അവളെ പോലെ ഞാനും പ്ലാറ്റ്ഫോമിലെ അവന്റെ വഴികളിലേക്ക് തലകുനിച്ച് നോക്കി. അവൾ തൊട്ടുമുന്നിലെ സീറ്റിലേക്ക് തലക്കുമ്പിട്ടിരുന്നു. അവളുടെ പുറംഭാഗം ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു. അവൾ കരയട്ടെ എന്നോർത്ത് ഞാൻ പുസ്തകമെടുത്ത് വായനയിലേക്ക് മുഴുകി.എത്ര സമർത്ഥമായാണ് കണ്ണുനീർ ഒളിപ്പിച്ച്, അവനായി അവൾ പുഞ്ചിരി സമ്മാനിച്ചത് എന്ന് അപ്പോഴും ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു.

മദ്ധ്യത്തെ സീറ്റിലേക്ക് മാറിയ യുവതി തൊട്ടപ്പുറത്തെ ജനലോരത്ത് ഇതിനകം മാറിയിരുന്നു, ആ നിമിഷം ഞാനോർത്തു അവർക്ക് ജനാലകാഴ്ചകൾ എന്നെപോലെ വളരെയേറെ ഇഷ്ടമാണെന്ന്, അവരും എന്നെപോലെ അവരെ ശ്രദ്ധിച്ചിരുന്നു എന്നും. എന്നാൽ ഇത്രയേറെ ശ്രദ്ധിച്ചിട്ടും ആ മനുഷ്യരുടെ വിരഹത്തിന്റെ പൊള്ളൽ തൊട്ടെടുത്തിട്ടും വീണ്ടുമൊരു തണുപ്പ് നൽകാൻ എനിക്ക് തോന്നിയില്ല, എന്നാൽ അവരത് തിരിച്ചറിഞ്ഞ് അവർക്കായി ഒരു തണലിടം നൽകി, എനിക്കവരോട് വല്ലാത്തൊരു സ്‌നേഹം തോന്നി, മൗനമായ സ്‌നേഹം കൊണ്ട് വിസ്മയിപ്പിക്കുന്ന മനുഷ്യർ എത്ര അദ്ഭുതമാണല്ലേ!ഓരോ യാത്രകളിലും എത്രയെത്ര അദ്ഭുതങ്ങളാണ് ഇനിയുമേറെ കാത്തിരിക്കുന്നത്…..
തീവണ്ടി അതിന്റെ സർവ്വശക്തിയുമെടുത്ത്‌ കൂകി പായുകയാണ്. കാഴ്ചകളും അതിവേഗം മാറിവരുന്നു, പക്ഷേ ഒന്നുപോലും മനസ്സിൽ പതിയുന്നേയില്ല. ഞാൻ വീണ്ടും അവളെ നോക്കി,അവളിലെ സങ്കടത്തിര ഒന്ന് അടങ്ങിയിട്ടുണ്ട്.

അവൾ നിവർന്നിരുന്നു.ബാഗ് തുറന്ന് എന്തോ കൈയിലെടുത്തു,ഒരു പുസ്തകവും,അതേത് പുസ്തകമെന്നും ആ സാധനം എന്തെന്നും അറിയുവാനുള്ള ഒരു ആകാംക്ഷ എന്നിലുണ്ടായി .മുകളിലെ ബാഗിൽനിന്നും വെള്ളം എടുക്കാനെന്ന വ്യാജേന എണീറ്റപ്പോൾ ഞാനതിലേക്ക് പാളിനോക്കി…..മുറുകെ പിടിച്ചിരിക്കുന്ന കൈകൾ തുറന്നപ്പോൾ സിൽവർ നിറത്തിലെ എന്തോ ഒന്ന് തിളങ്ങുന്നു,
വീണ്ടും അവളത് കൈകൾക്കുള്ളിൽ മുറുക്കിപ്പിടിച്ചു.. അവൻ നൽകിയതാവണം…..
അവൾ ആ പുസ്തകം വല്ലാത്തൊരു നിർവൃതിയോടെ അപ്പോഴും നെഞ്ചോട് ചേർത്തുവെച്ചിട്ടുണ്ട്,മാധവിക്കുട്ടിയുടെ പ്രേമകഥകൾ!

സഫി അലി താഹ

By ivayana