രചന : ബിനു. ആർ.✍

ഭ്രാന്തായവർ നിന്നു പരിതാപം
പറയുന്നു
ജനനമരണകണക്കുകളിൽ
നിജമറിയാതെ!
കേരളമെല്ലാം ഭ്രാന്താലയമെന്നു
ചിന്തിച്ചവർ, ചിന്തിപ്പവർ
ചിന്തകളെയെല്ലാം കല്പിതങ്ങളാക്കാത്തവർ
മനസ്സിന്മേൽക്കയറിയിരുന്നു
കൊത്തങ്കല്ലു കളിക്കുന്നു!
ഉന്മാദം മൂത്ത് മനസ്സിൽ നിന്നു
തലകുത്തിതാഴെവീണവർ
എണ്ണലുകളെല്ലാം പരതിനോക്കുന്നു,
എഞ്ചുവടികളിലെ താളപ്പിഴകളെല്ലാം പെറുക്കിവയ്ക്കാൻ മത്സര്യം തേടുന്നു
നഞ്ചുകലക്കിത്തിന്നവർ!
ഭ്രാന്തുകൾ അനവധി ഉലകിൽ,
നിരത്തിൽ സുലഭം
നായകൾ പലവിധം ഉലകിൽ സുലഭം
തെരുവിൽ തെണ്ടി
നടക്കുന്നവർ പലവിധം
ഉലകിൽ സുലഭം
കാണ്മതെല്ലാമുന്മത്തമെന്നു നിനച്ചു
കാഴ്ച്ചയിൽതന്നെ മത്തരായവർ!
കിട്ടാനുള്ളത് കിട്ടിയില്ലെന്നാകിൽ കടിച്ചുപറിക്കും
മർത്ത്യർതൻ മാംസഭുജങ്ങൾ
ഇരുകാലികളും, നൽക്കാലികളും.
തെരുവിൽ കൊണ്ടുതള്ളും
വിസർജ്യങ്ങൾഭൂജിച്ചിട്ട്,
ലഹരിമുഴുത്തുഭ്രാന്തരായവർ
ചിന്തകളിൽ വൈവിധ്യമില്ലാത്തവർ.
ശതകോടികളിൽ കോടികൾ
കാണാത്തവർ
ഇരിക്കുംക്കൊമ്പ് മുറിക്കാൻ
തിടുക്കപ്പെടുന്നവർ
കണ്ണുകളിൽ ലഹരികൾ നിറച്ചവർ
അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാത്തവർ
യുവതയെയും ബാല്യരെയും വേർതിരിക്കാത്തവർ
അച്ഛനേയും കൂടപ്പിറപ്പുകളെയും
ശത്രുമദ്ധ്യം കാണുന്നവർ
കാലങ്ങളെല്ലാം ഇഴപിരിക്കുന്നവർ
തലയണമന്ത്രത്തിൽ കൂപ്പുകുത്തിവീണവർ
തലയെടുക്കും മന്ത്രമഹാത്മ്യങ്ങൾ
നിറസഞ്ചിയിൽ സൂക്ഷിപ്പവർ
തെരുവുനായ്ക്കളും
തെരുവുതെണ്ടികളും
നിറഞ്ഞലോകമത്രേ, ഇത് ഭ്രാന്താലയം.

By ivayana