രചന : രാജു കാഞ്ഞിരങ്ങാട്✍
സോളമൻ്റെ ഗീതം
പ്രണയത്തിൻ്റെ പൂപ്പാടം
തീർക്കുന്നു
ഹൃദയത്തിൻ്റെ താഴ് വരയിൽ
വെൺപിറാവുകൾ
ചിറകുകോർക്കുന്നു
ഇലകളെന്നപോൽ
നക്ഷത്രമെന്നപോൽ
മോഹമധുവൊഴുകുന്നു
വീഞ്ഞിനേക്കാൾ മധുരമൂറുന്നു
ചൊടികളിൽ
വീണ മീട്ടുന്നു യെരുശലേം വീഥികൾ
കവിൾത്തടങ്ങളിൽ ഉദിച്ചുയരുന്നു
സൂര്യൻ
സായന്തനം പ്രഭാതമാകുന്നു
വിരലുകൾ ചിത്രശലഭങ്ങളാകുന്നു
മിഴിയിണകൾ പൂക്കളാകുന്നു
ശാരോണിലെ വസന്തമാകുന്നു
പ്രണയത്തിൻ്റെ പരിലാളനമേറ്റ
രാത്രി
വിപ്രലംബ ശൃംഗാര രജനി
അല്ലയോ പ്രീയേ,
ഈ മുന്തിരിവള്ളിപ്പടർപ്പുകളിൽ
പടർന്നേറുമീ പ്രണയ രാവിൽ
മുന്തിരി മധുവായ് നമുക്ക് നമ്മേ-
നുകരാം.