രചന : ശങ്കൾ ജി ടി ✍

ആടുകിടന്നിടത്ത് പൂടപോലും കാണില്ല
എന്നു പറഞ്ഞതുപോലെയാ…
ദൈവം പാഞ്ഞു കയറിയ വീട്ടില്‍
നിത്യതയല്ലാതെ എന്തവശേഷിക്കാനാ…….!
ഇത്തരം രൂപകങ്ങള്‍
ഇടിച്ചുകയറിയ വരികളില്‍
കവിത ഒരു ചാവേറുപോലെ നിന്നുപൊട്ടും…
ദൈവം പാഞ്ഞുകയറിയ വീട്
തുറന്നിടുന്ന കാവ്യസാദ്ധ്യതകളെക്കുറിച്ചാണ്
പറഞ്ഞുവരുന്നത്…
നിലാവ് ഓടിനിറയുന്ന പുഞ്ചിരി
ഇളംവരികളില്‍ കത്തിപ്പിടിക്കുന്ന കവലവെയില്‍
എന്നതിനോടൊക്കെ ചേര്‍ത്തുവച്ച്
സാവകാശം ശ്രദ്ധിച്ചുവേണം
കാവ്യത്തിലേക്ക് അതിന്റെ വഴിയും തെളിയിച്ചെടുക്കാന്‍…..
വാക്കുകളുടെ ‍ഞരമ്പു മുറിയാതെ…
കവിത അതിന്റെ ഒരു വാക്കില്‍പ്പോലും
മോഹാലസ്യപ്പെട്ടുപോകാതെ………..!
വാക്കുകളില്‍നിന്നും
തുള്ളിച്ചാടിവരുന്ന കവിതയെ
കണ്ടാല്‍ പെട്ടന്നറിയാം…
ഒരു പൊട്ടിച്ചിരിയെ
നൂറിലൊന്നായി സംഗ്രഹിച്ച്
ചുണ്ടില്‍ വിടാതെ കടിച്ചുപിടിച്ചിരിക്കും…
ഏതു മൃഗീയതയിലും
മനുഷ്യന്‍ മനുഷ്യന്‍ എന്ന്
ഓരോ വാക്കിലും അതു പൊട്ടിയൊഴുകും..
പുഴയില്‍നിന്നും അതിന്റെ ഒഴുക്കിനെ വിടുവിച്ചെടുത്ത്
അതിലാവും ഇഷ്ടന്റെ സവാരിയെല്ലാം………..
നിന്നുപോയ നടപ്പുകളെ അതു കൂടെക്കൂട്ടും…
മരവിച്ച ചലനങ്ങളെ
അതിക്കിളിയിട്ടുണര്‍ത്താതിരിക്കില്ല..
വരികളില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി
ഉടലിനെ അത്
ആത്മാവിന്റെ നൃത്തം പഠിപ്പിക്കും
ഓര്‍മ്മകളില്‍നിന്നും എടുത്തെഴുതി
ജീവിതത്തെ അത് വീണ്ടും വീണ്ടും
സ്വപ്നത്തിലേക്ക് പകര്‍ത്തിവെയ്ക്കും…
ചിലപ്പോള്‍ ഒരു പൂക്കാലത്തില്‍നിന്നും
അതിന്റെ പൂമണങ്ങളെ കട്ടുപറിക്കുന്ന കാര്‍വര്‍ണ്ണനാകുും….
ഒടുവില്‍ അതെ, ഒടുവില്‍ രൂപകങ്ങളെ
കവിത വരിവരിയായ്
ഒറ്റത്തെളിച്ചത്തില്‍ മറന്നുകത്തുവോളം….

ശങ്കൾ ജി ടി

By ivayana