രചന : സെഹ്റാൻ സംവേദ ✍

അവളും, ഞാനും
കാത്തിരിപ്പിലാണ്.
നിരത്തിയിട്ട
കസേരകൾക്കും,
ചായം മങ്ങിയ
ജാലകങ്ങൾക്കുമപ്പുറം
ഉദ്യാനത്തിൽ
ഞങ്ങളുടെ
കുട്ടികൾ.
അവരുടെ
ഉത്സാഹത്തിന്റെ
ചിരികൾ.
ആനന്ദത്തിന്റെ
തിരയിളക്കങ്ങൾ.
ചുവന്നുതുടുത്ത
മനോഹരവദനങ്ങളിൽ
ഇലച്ചാർത്തുകൾക്കിടയിലൂടെ
പൊഴിയുന്ന
വെയിലിന്റെ
സ്വർണപ്പൊട്ടുകൾ.
ഓടു പാകിയ
വരാന്തയിലൂടെ
സദാ ചിരിക്കുന്ന
മുഖമുള്ളൊരു വൃദ്ധൻ
ഞങ്ങൾക്കരികിലേക്ക്
നടന്നടുക്കുന്നു.
ഒട്ടും ചിരിക്കാത്ത
മുഖമുള്ളൊരു വൃദ്ധ
അയാൾക്കൊപ്പം.
ചുറ്റും നിരത്തിയിട്ട
കസേരകളിൽ
പതിയെപ്പതിയെ
സന്ദർശകർ
നിറയുന്നു.
ഉദ്യാനത്തിൽ
ചിറകുകളുള്ളൊരു
കുതിര
കുട്ടികൾക്കൊപ്പം
തുള്ളിക്കളിക്കുന്നു.
സ്വർണച്ചെതുമ്പലുകളുള്ള
മത്സ്യങ്ങൾ
അവർക്കു ചുറ്റും
നീന്തിത്തുടിക്കുന്നു.
ഒരു ജലധാരയുടെ
ശബ്ദം കേൾക്കുന്നുവോ?
നെടുവീർപ്പുകൾ
പരന്നുകിടക്കുന്ന
വരാന്ത.
ദിക്കുതെറ്റിയലയുന്ന
മുനയൊടിഞ്ഞ
നോട്ടങ്ങളുടെ
ഇടർച്ചകൾ…
അവളും, ഞാനും
കാത്തിരിപ്പിലാണ്.
ദീർഘനിശ്വാസത്തിന്റെ
തിരശ്ശീല വകഞ്ഞുമാറ്റി
വിരസതയോടെ
ഒരു നഴ്സ് ഞങ്ങളുടെ
പേര് വിളിക്കുന്നു.
സമയമായോ?
മനോരോഗചികിത്സാ
വിദഗ്ധനെന്ന്
രേഖപ്പെടുത്തിയ
ബോർഡ്
കൊളുത്തിയിട്ട
മുറിയിൽ അദ്ദേഹം
ഞങ്ങൾക്കായുള്ള
കാത്തിരിപ്പിലാണ്!

സെഹ്റാൻ ✍

By ivayana