ചില വ്യക്തികളിൽ ജന്മനാ അന്തർലീനമായും, ചിലരിൽ ജീവിത സാഹചര്യങ്ങളിൽ നിന്നും, ചിലരിൽ നിരന്തരമായ വായനയിലൂടെയും, മറ്റു ചിലരിൽ കഠിനമായ പ്രയത്നത്തിലൂടെയും കവികൾ പിറക്കുന്നു.
ഒരാളുടെ മനസ്സിൽ ഒരു കവിത രൂപപ്പെടുന്നത് അയാൾ കൺമുന്നിൽ കാണുന്നതോ, അനുഭവിച്ചറിയുന്നതോ,
ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നതോ ആയ ചില വസ്തുതകളും അവയോട് അയാൾക്കുള്ള പ്രതി പദ്ധത, വിയോജിപ്പ്…, കാലചക്രം ഉരുളുന്നതനുസരിച്ച് ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യങ്ങളോട് അയാൾക്കുള്ള ഇഷ്ടം, സ്നേഹം, വെറുപ്പ്, ദേഷ്യം, ആഭിമുഖ്യം, തുടങ്ങിയ വികാരങ്ങളിൽ നിന്നുളവാകുന്ന മനോഭാവവും അയളിൽ അന്തർലീനമായ ഭാവനകളും സമന്വയിക്കുമ്പോഴാണ്… ചെറുതും വലുതുമായ കവിതകൾ പിറക്കുന്നത്.
‘ഒരു കവിത’ അത് നാലു വരിയായാലും നാലായിരം വരിയായാലും അതിലൂടെ ചുരുങ്ങിയ പക്ഷം ഒരു സന്ദേശം കവി മറ്റുള്ളവരിലെത്തിക്കുന്നുണ്ടാവും. ആ സൃഷ്ടിയിലൂടെ താനുദ്ദശിക്കുന്ന സന്ദേശം മറ്റുള്ളവരിൽ എത്തിയെന്നു ബോദ്ധ്യപ്പെടുമ്പോഴാണ് അയാൾക്ക് ഒരു സാക്ഷാൽക്കാരം അഥവാ നിർവൃതി അനുഭവവേദ്യമാക്കുന്നത്.
ഇന്നത്തെ ചെറുപ്പക്കാരായ കവികളിൽ 90% പേരും കവിതയ്ക്ക് അധാരമായി എടുക്കുന്ന വിഷയം ‘പ്രണയം’ മാത്രമാണ്. അതു വായിക്കുന്ന ചെറുപ്പക്കാരിൽ ഭൂരിഭാഗവും പ്രണയത്തെ താലോലിക്കുന്നവരാകയാൽ പ്രതികരണത്തിന്റെ എണ്ണവും, ‘Super’ എന്ന കമന്റുകളുടെ എണ്ണവും കൂടുതലായിരിക്കും.
ഒരു നല്ല എഴുത്തുകാരന് അയാൾ ജീവിച്ചിരിക്കുന്ന പ്രദേശത്തിന്റെയും കാലഘട്ടത്തിന്റെയും സവിശേഷതകൾക്കു നേരേ കണ്ണടയ്ക്കുവാനാകില്ല
എന്ന തത്വം കവികൾക്കും ബാധകമാണ്..
ഒരു കവിയുടെ സൃഷ്ടിയായ കവിത ഒരാൾ വായിക്കുമ്പോൾ അതിന്റെ ഉള്ളറകളിലേയ്ക്ക് അയാൾ ഇറങ്ങിച്ചെന്ന് ആന്തരികാർത്ഥങ്ങൾ ചികഞ്ഞെടുക്കണമെങ്കിൽ.. അത് ആ സൃഷ്ടിയുടെ കർത്താവ് (കവി) തന്റെ വരികളെ ചിട്ടപ്പെടുത്തിയിരിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും.
കാവ്യഭംഗിയും, താളവും, വർണ്ണവും, അലങ്കാരവും, പ്രാസവും, ഒക്കെ സമന്വയിപ്പിച്ച് ചിട്ടയോടും, സരസമായും, ലളിതമായും, അർത്ഥസമ്പുഷ്ടമായും തന്റെ സൃഷ്ടിയെ മിനുക്കിയെടുക്കാൻ അയാൾ ഒത്തിരി പണിപ്പെടണം.
അങ്ങനെ രൂപപ്പെടുന്ന നല്ല കവിതകൾ വായിക്കുമ്പോൾ
അലസമായി വായിച്ചു പോകാതെ..
കവിതയുടെ ആത്മാവ് കണ്ടെത്താൻ ശ്രമിക്കണം.
കവിതതൻ വരികൾക്കിടയിലൊളിഞ്ഞിരിക്കും
അർത്ഥഗർഭമാം അദൃശ്യ വരികൾ കണ്ടെത്തലത്രേ.. വായനക്കാരന്റെ കർത്തവ്യം.
അതു കണ്ടെത്തി അതേപ്പറ്റി കവിയോട് സംവദിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ വായനക്കാരനാവുന്നത്, നിരൂപകനാവുന്നത്.
കവിതയിൽ കവി ഉദ്ദേശിക്കുന്ന സന്ദേശം കൂടാതെയും മറ്റു പല സന്ദേശങ്ങളും നല്ല നിരൂപർക്ക് കണ്ടെത്താനാകും.
ആ സന്ദേശങ്ങളോടുള്ള വായനക്കാരന്റെ ശക്തമായ അഭിപ്രായങ്ങളിലൂടെ…
യോജിപ്പ്, വിയോജിപ്പ്, സന്തോഷം, നീരസം, നിർദ്ദേശങ്ങൾ, മാറ്റങ്ങൾ, ആത്മാർത്ഥത, പിന്തുണ എന്നിവ
പ്രകടിപ്പിക്കുമ്പോഴാണ്..
‘കവിത അറിഞ്ഞ് കമന്റ് ചെയ്യുക’ എന്നു പറയുന്നത്.
അത് കവിയെ സന്തോഷിപ്പിക്കുമെന്ന് മാത്രമല്ല.. കൂടുതൽ ശക്തമായും ഭംഗിയായും എഴുതാൻ അയാളെ പ്രേരിപ്പിക്കയും ചെയ്യുന്നു.
അത്തരം പ്രോത്സാഹനങ്ങൾ അയാളെ കുറ്റമറ്റ ഒരു കവിയായി വളർത്തും.
ഒരു വായനക്കാരൻ തന്റെ കവിത മനസ്സിരുത്തി വായി
ച്ചാണ് അതിനെ വിലയിരുത്തിയിട്ടുള്ളത് എന്ന് കവിയ്ക്ക് ബോധ്യപ്പെടണം. അത്തരം
വിലയിരുത്തലുകളാണ് യഥാർത്ഥ പ്രോത്സാഹനങ്ങൾ. ഇത് ഏതൊരു കവിക്കും
അറിയാവുന്ന കാര്യമായതിനാൽ…
കവിത വായിക്കാതെ
മനോഹരം..! ഗംഭീരം…!
Suupperrb👌!
എന്നൊക്കെയുള്ള പ്രയോഗങ്ങൾ വെറും ഭംഗിവാക്കാണെന്ന് കവി മനസ്സിലാക്കുന്നുണ്ടെന്ന് വായനക്കാർ അറിഞ്ഞിരിക്കണം!!
ആയതിനാൽ വായിക്കുന്ന സൃഷ്ടികൾ മനസ്സിരുത്തി വായിച്ച് നിരൂപണം നടത്തുക. അത് എഴുത്തുകാരെയും വായനക്കാരെയും ഒരേ സമയം മെച്ചപ്പെടുത്തുമെന്ന സത്യം നാം മനസ്സിലാക്കണം.
(മംഗളൻ)