രചന : മാധവ് കെ വാസുദേവ് ✍

രാധ:
എന്നിനിക്കാണും ഞാൻ നിന്നെ കണ്ണാ
നെഞ്ചകം പൊള്ളുന്നു കൃഷ്ണാ
എന്നിനി കേൾക്കും ഞാൻ കണ്ണാ
നിൻ ഓടക്കുഴൽവിളിനാദം
കാൽത്തള കിലുങ്ങുന്ന മേളം
കണ്ണൻ:
മഥുരയ്ക്കു ഞാൻപോയി വരട്ടെ
നിന്റെ പരിഭവമെല്ലാമകറ്റൂ
വെണ്ണ കടയുന്ന നേരം
എന്നും ഞാനോടിയെത്തുന്നതല്ലേ
കൗതകത്തോടെ നീ കണ്ടിരിക്കും
കാൽത്തളനാദം കേട്ടിരിക്കും
രാധ:
പൊളിയാണീ വാക്കുകൾ അറിയാം
എങ്കിലും കാത്തിരിക്കുന്നീവൾ രാധ
കാളിന്ദിയോടും പൂക്കളോടും
മേയുന്ന കാലിക്കിടാങ്ങളോടും
പരിഭവം ചൊല്ലി ഞാനിരിക്കും
നിൻ ലീലകളെല്ലാം പറഞ്ഞിരിക്കും
മനസ്സിൽ നീയെന്നും നിറഞ്ഞിരിക്കും
മിഴിപ്പീലിയിൽ ശ്യാമം പടർന്നിരിക്കും
കണ്ണൻ:
പൊളി ഞാൻ ചൊല്ലില്ല രാധേ
നീയെന്റെ ജീവന്റെ ഭാഗമല്ലേ
നിന്നോളമെത്തില്ല ആരുമെന്നിൽ
നിൻപ്രേമം എന്നിലെ ഭക്തിയല്ലേ
നീയെന്നുമെൻ്റെ ആത്മാംശമല്ലേ
രാധ:
അറിയുന്നു നിന്നെഞാൻ കണ്ണാ
പിടയുമെന്നുള്ളിൽ നീ നിറയുന്നു കണ്ണാ
പടരുന്നൊരുപാടു ദുഃഖം
മനം പറയുന്നു നീവരില്ലെന്നു
കണ്ണൻ:
നിന്നോളമാരുമില്ല എന്നിൽ
ആരും നിന്നോളമെന്നെ അറിഞ്ഞതില്ല
നിൻനാമമെന്നിൽ ചേർത്തുവെയ്ക്കും
ഈലോകം നിന്നെ സ്മരിക്കുമെന്നും
കണ്ണൻ:
യമുനേ നീ സാക്ഷിയാണെന്നും
നീ നീലക്കടമ്പും സാക്ഷി
ഈ പ്രപഞ്ചത്തിൻ അതിർവരമ്പിൽ
ഈ ലോകമോർക്കും നിന്റെനാമം

മാധവ് കെ വാസുദേവ്

By ivayana